സസെക്സിന്റെ ഇടക്കാല നായകനായി ചേതേശ്വര്‍ പൂജാരയെ നിയമിച്ചു
കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനു പിന്നാലെ ടീമിന്റെ ഇടക്കാല ക്യാപ്റ്റനായി ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയെ നിയമിച്ച് സസെക്സ്. സ്ഥിരം നായകനായ ടോം ഹെയ്നസിന് പരിക്കേറ്റതിനു പിന്നാലെയാണ് പുതിയ ക്യാപ്റ്റനെ സസെക്സ് തെരഞ്ഞെടുത്തിരിക്കുന്നത്.
പരിക്കേറ്റ ഹെയ്നസിന് അഞ്ച് മുതൽ ആറ് ആഴ്ച്ചകള്‍ വരെ നഷ്ടമാവുമെന്നാണ് കണക്കുകൂട്ടൽ. കൗണ്ടിയില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് പൂജാര. ആറ് മത്സരങ്ങളില്‍ നിന്നുമായി 109.42 ശരാശരിയിൽ 766 റണ്‍സാണ് താരം വാരിക്കൂട്ടിയിരിക്കുന്നത്. 203 റണ്‍സാണ് പൂജാരയുടെ ഉയര്‍ന്ന സ്കോര്‍.
നേരത്തെ ഉമേഷ് യാദവും കൗണ്ടി സീസണില്‍ അരങ്ങേറിയിരുന്നു. മിഡില്‍സെക്സിന് വേണ്ടിയാണ് ഉമേഷ് കരാറൊപ്പിട്ടത്. ഈ വര്‍ഷം ശേഷിക്കുന്ന കൗണ്ടി ചാംപ്യന്‍ഷിപ്പിലും വണ്‍ ഡേ കപ്പിലും ഉമേഷ് കളിക്കും. പാകിസ്ഥാന് താരം ഷഹീന് അഫ്രീദി നാട്ടിലേക്ക് തിരിച്ച സാഹചര്യത്തിലാണ് 34കാരനെ ടീമിലെത്തിക്കാന്‍ മിഡില്‍സെക്സ് തീരുമാനിച്ചത്.