ഏയ്ഞ്ചല്‍ ഡി മരിയയെ സ്വന്തമാക്കി ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസ്
അര്‍ജന്റീനയുടെ സൂപ്പര്‍താരം ഏയ്ഞ്ചല്‍ ഡി മരിയയെ സ്വന്തമാക്കി ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസ്. വരുന്ന സീസണിനായി ഫീ ട്രാൻസ്ഫറിൽ ഓൾഡ് ലേഡി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മരിയ. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ അവസാനിച്ച പോൾ പോഗ്ബയെ യുവെ ടീമിലെത്തിച്ചിരുന്നു.
ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയില്‍ നിന്നാണ് അര്‍ജന്റീനിയൻ വിംഗർ യുവെന്റസിലെത്തുന്നത്. 34 കാരനായ ഈ മുന്നേറ്റതാരം അടുത്ത ആഴ്ച്ച യുവെന്റസിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് ക്ലബിനൊപ്പം ഏഴ് സീസണുകളില്‍ കളിച്ച ഡി മരിയ ടീമിനായി 295 മത്സരങ്ങളില്‍ നിന്നായി 92 ഗോളുകളാണ് അടിച്ചെടുത്തിരിക്കുന്നത്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരത്തിന് മുന്നേറ്റ നിരയിൽ വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാനാവും. കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന യുവെ പുതിയ താരങ്ങളിലൂടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.