പലസ്തീന് ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തി, ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യൻ ഫുട്ബോൾ ടീം
തുടര്‍ച്ചയായ രണ്ടാം തവണയും എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ഒരു മത്സരം കൂടി ശേഷിക്കെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ പാലസ്തീന് ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ലഭിച്ചിരിക്കുന്നത്.
പലസ്തീന് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യ മികച്ച രണ്ടാം സ്ഥാനക്കാരായെങ്കിലും ഏഷ്യന്‍ കപ്പിന് യോഗ്യത നേടുമെന്നുറപ്പായി. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നത് ഇതാദ്യമാണ്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത ഉറപ്പാക്കുന്നത്.
യോഗ്യതാ റൗണ്ടിലെ ആറ് ഗ്രൂപ്പുകളിലെ ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. ഇന്ന് യോഗ്യതാ റൗണ്ടിലെ മത്സരത്തില്‍ ഹോങ്കോംഗിനെ നേരിടാനിറങ്ങും മുമ്പ് തന്നെ ഫൈനല്‍ റൗണ്ടിന് യോഗ്യത ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കായത് ടീമിന്റെ സമ്മർദ്ദം കുറയ്ക്കും. ഇന്ന് രാത്രി എട്ടരയ്ക്ക് ഹോങ്കോംഗിനെ നേരിടും. കൊല്‍ക്കത്തയിലാണ് മത്സരം.
കംബോഡിയെയും അഫ്ഗാനിസ്ഥാനെയും തോല്പിച്ച ആത്മവിശ്വാസം സുനില്‍ ഛേത്രിയും സംഘത്തിനും കൂട്ടിനുണ്ട്. ഹോങ്കോംഗും ആദ്യരണ്ടുകളിയും ജയിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.