Foot Ball Top News

ചിലിയുടെ പരാതി തള്ളി ഫിഫ, ഇക്വഡോര്‍ ലോകകപ്പിനെത്തും

June 11, 2022

author:

ചിലിയുടെ പരാതി തള്ളി ഫിഫ, ഇക്വഡോര്‍ ലോകകപ്പിനെത്തും

തെക്കേ അമേരിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത നേടിയ ഇക്വഡോറിനെതിരെ ചിലി നല്‍കിയ പരാതി തള്ളി ഫിഫ. ഇതോടെ ഇക്വഡോര്‍ ലോകകപ്പിനെത്തുമെന്ന് സ്ഥിരീകരണമായി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്വഡോറിനെ അയോഗ്യരാക്കിയാല്‍ ചിലി, കൊളംബിയ, ഇറ്റലി ടീമുകളില്‍ ഒന്നിന് ഖത്തര്‍ ലോകകപ്പിന് യോഗ്യത കിട്ടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ ടീമുകളുടെ അവസാന സാധ്യയും ഇല്ലാതാക്കുന്നതാണ് ഫിഫയുടെ തീരുമാനം.

ഇക്വഡോര്‍ ഡിഫന്‍ഡര്‍ ബൈറോണ്‍ കാസ്റ്റിലോ കൊളംബിയന്‍ താരമാണെന്നായിരുന്നു ചിലിയുടെ പരാതി. കാസ്റ്റിലോ കൊളംബിയക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ചിലി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് പരാതി നല്‍കിയത്.

ഇക്വഡോറിലാണ് ജനിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ കാസ്റ്റിലോ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും കൃത്രിമം കാട്ടിയെന്നായിരുന്നു പരാതി. എന്നാൽ ചിലിയുടെ പരാതിയില്‍ അന്വേഷണം നടത്തിയെന്നും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഫിഫ വ്യക്തമാക്കി. എങ്കിലും കായിക തര്‍ക്ക പരിഹാര കോടതിയില്‍ ചിലിക്ക് അപ്പീല്‍ നല്‍കാമെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തിലേക്ക് ടീമുകൾ പോവുമോ എന്ന കാര്യമാണ് ലോകം ഇനി ഉറ്റുനോക്കുന്നത്.

Leave a comment