എഎഫ്സി ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും
എഎഫ്സി ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി 8.30-നാണ് മത്സരം. ആദ്യകളിയില്‍ എതിരില്ലാത്ത രണ്ടുഗോളിന് കംബോഡിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ പട രണ്ടാമങ്കത്തിന് ഇറങ്ങുന്നത്.
അഫ്ഗാനെ കീഴടക്കിയാല്‍ ഇന്ത്യക്ക് മുന്നോട്ടുള്ള യാത്ര കൂടുതൽ സുഗമമാവും. ഇതുവരെ ഒമ്പത് കളികളില്‍ ഇരു ടീമുകളും മുഖാമുഖം വന്നതില്‍ ഇന്ത്യ ആറുതവണയാണ് ജയം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഒരു തവണ മാത്രമാണ് അഫ്ഗാന് ജയിച്ചത്. രണ്ട് മത്സരം സമനിലയിലായി.
മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും ആഷിഖ് കുരുണിയനും ടീമിലുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഇടംനേടാന്‍ സാധ്യതയില്ല. മുന്നേറ്റനിരയില്‍ സുനില്‍ ഛേത്രി-മന്‍വീര്‍സിങ്-ലിസ്റ്റണ്‍ കോളാസോ ത്രയത്തെയാകും പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് അണിനിരത്തുക.
കായികപരമായി മുന്നിലുള്ള അഫ്ഗാനിസ്ഥാൻ താരങ്ങൾ അവരുടെ സകലശക്തിയും ഉപയോഗിച്ച് ഇന്ത്യയെ കീഴടക്കാൻ ശ്രമിക്കുമെന്നും ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയ കംബോഡിയയെക്കാൾ കരുത്തരാണ് അവരെന്നും സ്റ്റിമാച്ച് ടീമിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.