സൈമൺ ഗ്രേസനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ബെംഗളൂരു എഫ്സി
ഇംഗ്ലീഷ് പരിശീലകൻ സൈമൺ ഗ്രേസനെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സി. ഇറ്റാലിയൻ-ജർമൻ പരിശീലകൻ മാർക്കോ പെസായോളിക്ക് പകരക്കാരനായാണ് സൈമൺ എത്തുന്നത്. രണ്ട് വർഷത്തെ കരാറിലാണ് ഗ്രേസൺ ബെംഗളുരു ഡഗ്ഔട്ടിലേക്കെത്തുന്നത്. ഇംഗ്ലണ്ടിലെ മുൻനിര ഡിവിഷനുകളിൽ കളിക്കാരനായി 500-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രേസൺ 2004-ലാണ് പരിശീലക വേഷത്തിലേക്ക് മാറുന്നത്.
അതിനുശേഷം ഏഴ് ക്ലബ്ബുകളിലായി 728 മത്സരങ്ങളാണ് സൈമൺ ഗ്രേസൺ ടീമിനെ ഒരുക്കിയിരിക്കുന്നത്. ഒരു മാനേജർ കരിയറിൽ ഇംഗ്ലീഷ് ഡിവിഷനിലെ നാല് ടീമുകളുടെ പ്രമോഷനിൽ എത്തിച്ചുണ്ട് എന്നതാണ് നേട്ടങ്ങൾ. 52-കാരനായ ഗ്രേസൺ ഇംഗ്ലീഷ് ഫുട്ബോളിന് പുറത്ത് ചുമതലയേൽക്കുന്നത് ഇതാദ്യമാണ്.
ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനിലും മൂന്നാം ഡിവിഷനിലുമാണ് ഗ്രേസൺ ദീർഘകാലം പരിശീലകനായിരുന്നത്. ലിഡ്സ് യുണൈറ്റഡ്, ബ്ലാക്ക്പൂൾ, സണ്ടർലൻഡ്, പ്രെസ്റ്റൻ നോർത്ത് എൻഡ്, ഹഡേഴ്സ്ഫീൽഡ് ടൗൺ തുടങ്ങിയ പ്രമുഖ ക്ലബുകളെയാണ് അദ്ദേഹം പരിശീലിപ്പിച്ചിരിക്കുന്നത്.