മാഞ്ചസ്റ്റർ സിറ്റി താരം നഥാൻ അകെയെ സ്വന്തമാക്കാനൊരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്
മാഞ്ചസ്റ്റർ സിറ്റി താരം നഥാൻ അകെയെ സ്വന്തമാക്കാനൊരുങ്ങി ന്യൂകാസിൽ യുണൈറ്റഡ്. വരുന്ന സീസണിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹോളണ്ട് താരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ പരിശീലകൻ എഡ്ഡി ഹോവ് ആരംഭിച്ചിരിക്കുന്നത്.
2020-ൽ 40 മില്യൺ പൗണ്ടിന് എത്തിഹാദിലേക്ക് ചേക്കേറിയ അകെ മുമ്പ് ബോൺമൗത്തിൽ ഹോവിന് കീഴിൽ നാല് വർഷത്തോളം കളിച്ചിട്ടുണ്ട് എന്നത് ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ സ്ഥിരമായി കളിക്കാൻ നഥാൻ അകെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. റൂബൻ ഡയസ്, അയ്‌മെറിക് ലാപോർട്ടെ, ജോൺ സ്റ്റോൺസ് എന്നിവർക്ക് പിന്നിലാണ് നിലവിൽ നെതർലാൻഡ്‌സ് താരത്തിന്റെ സ്ഥാനം. ഡച്ച് ഡിഫൻഡറിനായി 40 മില്യൺ പൗണ്ടാണ് സിറ്റി ചോദിക്കുന്നത്. സൗദിയുടെ ഉടമസ്ഥാവകാശത്തിലാണ് ന്യൂകാസിൽ യുണൈറ്റഡ് എന്നതിനാൽ പണം പ്രശ്നമല്ല.
പോയ സീസണിൽ ന്യൂകാസിലിനെ തരംതാഴ്ത്തലിൽ നിന്നും കരകയറ്റിയ എഡ്ഡി ഹോവിന്റെ മാസ്മരിക പരിശീലനത്തിന് കീഴിൽ പുതിയ താരങ്ങളെ എത്തിക്കാമെന്ന ഉറപ്പും ക്ലബ് ഉടമകൾ നൽകിയിട്ടുണ്ട്. എന്തായാലും നഥാൻ അകെയെ ടീമിലെത്തിക്കാനായാൽ പ്രതിരോധത്തിലെ പാളിച്ചകൾക്ക് ചെറിയ ആശ്വാസമാകും.