14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുൾട്ടാനിലേക്ക് ക്രിക്കറ്റ് ആവേശം, പര്യടനത്തിനായി വിൻഡീസ് എത്തി
ജൂൺ എട്ടിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായി പാകിസ്ഥാനിൽ എത്തി വെസ്റ്റ് ഇൻഡീസ്. 2021 ഡിസംബറിലാണ് പരമ്പര നടക്കേണ്ടിയിരുന്നത് എന്നാൽ വിൻഡീസ് ടീമിൽ കൊവിഡ്-19 വ്യാപനം നടന്നതോടെ പര്യടനം മാറ്റിവെക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളും റാവൽപിണ്ടിയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ സമീപകാലത്ത് പാകിസ്ഥാൻ തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതിനാൽ മുൾട്ടനിലായിരിക്കും മത്സരങ്ങൾ നടക്കുക. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് മുൾട്ടാൻ എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
പരമ്പരയ്ക്കായുള്ള പരിശീലനം വെസ്റ്റ് ഇൻഡീസ് ടീം ജൂൺ ഏഴിന് ആരംഭിക്കും. 2019 ലോകകപ്പിലാണ് ഇരു ടീമുകളും അവസാനമായി 50 ഓവർ ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടിയത്. അന്ന് കരീബിയൻ ടീം ഏഴ് വിക്കറ്റിന് വിജയം സ്വന്തമാക്കുകയായിരുന്നു. 2017 ൽ വെസ്റ്റ് ഇൻഡീസിനെതിരെ കരീബിയൻ ദ്വീപിൽ വെച്ച് 2-1 ന് പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ അവസാനമായി ഒരു ഉഭയകക്ഷി ഏകദിന പരമ്പരയും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച്ച നെതർലൻഡ്സിനെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് വിൻഡീസ് പാകിസ്ഥാൻ പര്യടനത്തിനിറങ്ങുന്നത്.