ആരോൺ വാൻബിസാക്കയെ നോട്ടമിട്ട് ഇറ്റാലിയൻ ടീമായ എഎസ് റോമ
ആരോൺ വാൻബിസാക്കയെ നോട്ടമിട്ട് ഇറ്റാലിയൻ ടീമായ എഎസ് റോമ. പരിശീലകൻ ജോസെ മൊറീഞ്ഞോയുടെ നിർദേശ പ്രകാരമാണ് റൈറ്റ് ബാക്കിനെ ടീമിലെത്തിക്കാൻ റോമ ശ്രമിക്കുന്നത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ നിന്നും പുറത്തായ ഇംഗ്ലീഷ് താരത്തിനെ അടുത്ത സീസണിൽ നിലനിർത്താൻ ടീം ആഗ്രഹിക്കുന്നില്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
റോമയുടെ ബലഹീനതയായ റൈറ്റ് ബാക്ക് പൊസിഷനിൽ ആരോൺ വാൻബിസാക്കയ്ക്ക് മികച്ച ഉത്തരമാവാൻ കഴിയുമെന്നാണ് റോമയുടെ വിലയിരുത്തൽ. താരത്തിനായി മുൻ ക്ലബ് ക്രിസ്റ്റൽ പാലസും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. 32 മില്യൺ ലഭിച്ചാൽ പ്രതിരോധ താരത്തെ യുണൈറ്റഡ് വിട്ടുനൽകുമെന്നാണ് കരുതുന്നത്.
മുൻ പരിശീലകനായ ഒലെ ഗുണ്ണർ സോൾഷ്യറിനു കീഴിൽ പ്രതിരോധ നിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന ആരോൺ വാൻബിസാക്ക സോൾഷ്യറിനു പകരമായി എത്തിയ റാൾഫ് റാങ്ക്നിക്കിന് കീഴിൽ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. അറ്റാക്കിംഗിലെ താരത്തിന്റെ മോശം പ്രകടനമാണ് ഡീഗോ ഡലോട്ടിനു പിന്നിലാവാൻ കാരണമായത്. പുതിയ കോച്ച് എറിക് ടെൻ ഹാഗിനും ബിസാക്കയെ ആദ്യ ഇലവനിൽ കളിപ്പിക്കാനും പദ്ധതിയൊന്നുമില്ല. ആയതിനാൽ മികച്ച ഓഫർ ലഭിച്ചാൽ ബിസാക്കയെ യുണൈറ്റഡ് ഒഴിവാക്കിയേക്കും.