ഐപിഎല്ലിൽ പ്ലേഓഫിനായുള്ള പോരാട്ടം, ഡൽഹിയും പഞ്ചാബും നേർക്കുനേർ
ഐപിഎല്ലിൽ ഇന്ന് പ്ലേഓഫിനായുള്ള തീപാറും പോരാട്ടമാണ് അരങ്ങേറുക. ജയമല്ലാതെ വെറൊന്നും ആദ്യ നാലിൽ ഇടംപിടിക്കാൻ പോരാത്ത ഡൽഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇന്നു തോറ്റു മടങ്ങേണ്ടി വന്നാൽ ഏതുടീമിനായാലും പ്ലേഓഫ് സാധ്യതകൾ മങ്ങും.
ഓപ്പണർമാരിലാണ് ഇരു ടീമിന്റെയും പ്രതീക്ഷ. അസുഖം ഭേദമായി ടീമിലേക്ക് മടങ്ങിയെത്തിയ പൃഥ്വി ഷാ ക്യാപിറ്റൽസ് നിരയിലേക്ക് മടങ്ങിയെത്തുമോ എന്ന കാര്യമാണ് ഡിസി ഫാൻസ് ഉറ്റുനോക്കുന്നത്. ഡേവിഡ് വാർണറിനൊപ്പം ഷാ കൂടി എത്തിയാൽ ഓപ്പണിംഗ് കൂടുതൽ ഉഷാറാവും. മറുവശത്ത് ശിഖർ ധവാനും ജോണി ബെയ്ർസ്റ്റോയും തിളങ്ങിയാൽ പഞ്ചാബിനും ഭയക്കാനൊന്നുമില്ല.
മധ്യനിരയിൽ മിച്ചൽ മാർഷ്, റോവ്മൻ പവലും തിളങ്ങിയാൽ ഏതു കൂറ്റൻ സ്കോറും വെട്ടിപിടിക്കാനും നേടിയെടുക്കാനും ഡൽഹി ക്യാപിറ്റൽസ് പ്രാപ്തമാണ്. ബോളിംഗ് നിരയും അതിനൊപ്പം തിളങ്ങിയാൽ പഞ്ചാബിനെ അനായാസം കീഴടക്കാനാവും. ചേതൻ സക്കറിയ, കുൽദീപ് യാദവ്, ആൻറിച് നോർജെ, ശർദൂൽ ഠാക്കൂർ എന്നിവരാണ് ഡൽഹിയുടെ ബോളിംഗ് നിരയെ നയിക്കുന്നത്.
മറുവശത്ത് കസാഗോ റബാഡ, അർഷദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നിവരും ഏതു മത്സരവും വരുതിയിലാക്കാൻ പ്രാപ്തമായവരാണ്. ബാറ്റിംഗിൽ ജോണി ബെയ്ർസ്റ്റോയും ലയാം ലിവിംഗ്സ്റ്റണിൻറെയും വെടിക്കെട്ടാണ് പഞ്ചാബിന്റെ പ്രതീക്ഷകക്ൾ. മുംബൈയിൽ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.