എഫ്എ കപ്പിൽ മുത്തമിട്ട് ലിവർപൂൾ, ചെൽസിയെ കീഴടക്കിയത് ഷൂട്ടൗട്ടിൽ
എഫ്എ കപ്പിൽ ചെൽസിയെ കീഴടക്കി ലിവർപൂളിന്റെ തേരോട്ടം. ഇന്നു നടന്ന ഫൈനലിൽ ഒപ്പത്തിനൊപ്പം പിടിച്ചു നിന്ന ഇരുടീമുകളും 90 മിനിറ്റിലും എക്സ്ട്രാ ടൈമിലും ഗോളുകൾ നേടാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ ലിവർപൂൾ ആക്രമണമാണ് വെംബ്ലിയിൽ കണ്ടത്. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന ചെൽസി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഇടയ്ക്ക് മുഹമ്മദ് സാല കൂടി പരിക്കേറ്റ് മടങ്ങിയതും ചെമ്പടയ്ക്ക് നിരാശയായി. കളിയുടെ ആദ്യ പകുതിയിൽ ക്ലോപ്പും സംഘവും തിളങ്ങിയപ്പോൾ ആദ്യ പകുതിക്ക് വിപരീതമായി രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെൽസിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
ചെൽസിയുടെ ആദ്യ പെനാൽറ്റിയെടുത്ത അലോൻസോ വല കുലുക്കിയപ്പോൾ രണ്ടാം കിക്കെടുത്ത സീസർ അസ്പിലിക്യൂറ്റയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. ലിവർപൂളിനായി അവസാന പെനാൽറ്റി കിക്കെടുത്ത സാഡിയോ മാനെയുടെ ഷോട്ട് ചെൽസി ഗോൾകീപ്പർ മെൻഡി തടഞ്ഞതോടെ വീണ്ടും ട്വിസ്റ്റ്. എന്നാൽ മേസൺ മൗണ്ടിന്റെ കിക്കും ലിവർപൂൾ കീപ്പർ ആലിസൺ തടഞ്ഞു രക്ഷകനായി.
ചെൽസിക്ക് വേണ്ടി മാർക്കോസ് അലോൺസോ, റീസ് ജെയിംസ്, റോസ് ബാർക്ലി, ജോർഗീനോ, സീയെച്ച് എന്നിവർ പെനാൽറ്റി കിക്ക് ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ലിവർപൂളിന് വേണ്ടി ജെയിംസ് മിൽനർ, തിയാഗോ, ഫിർമിനോ, അലക്സാണ്ടർ അർണോൾഡ്, ജോട്ട, സിംകാസ് എന്നിവർ ലക്ഷ്യം കണ്ടു.