ഡൽഹിക്ക് ആശ്വാസം, പൃഥ്വി ഷാ തിരികെ ടീമിൽ
ബാക്കിനിൽക്കുന്ന ഡൽഹി ക്യാപിറ്റൽസിന് ആശ്വാസം. അസുഖ ബാധിതനായി പുറത്തായ യുവതാരം പൃഥ്വി ഷാ തിരികെയത്തിയത് ടീമിന് ഗുണമായേക്കും. ടൈഫോയിഡ് ബാധിച്ചാണ് താരം പുറത്തായത്. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 259 റൺസുമായി വലംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ സീസണിൽ മികച്ച തുടക്കം കുറിച്ചെങ്കിലും അസുഖം കാരണം അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു.
നിലവിൽ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഡൽഹിയുടേത്. ഡേവിഡ് വാർണറും പൃഥ്വി ഷായും ചേർന്ന് ടീമിന് മികച്ച തുടക്കം നൽകിയാൽ ടീമിന് അതൊരു മുതൽക്കൂട്ടാണ്. പൃഥ്വി ഷായുടെ ഐപിഎൽ കരിയറിൽ ഇതുവരെ 148.4 സ്ട്രൈക്ക് റേറ്റ് ഉണ്ട്. ഈ സീസണിൽ ഇനി പഞ്ചാബ് കിങ്സിനെതിരെയും മുംബൈ ഇന്ത്യൻസിനെതിരെയുമായി രണ്ട് കളികളാണ് ഡൽഹിക്ക് ബാക്കിയുള്ളത്. മികച്ച റൺറേറ്റുള്ളതിനാൽ രണ്ട് മത്സരത്തിലും ജയിച്ചാൽ ഡൽഹിക്ക് പ്ലേഓഫിലെത്താനുള്ള സാധ്യത കൂടുതലാണ്.