ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 5 വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യൻസ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 5 വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 98 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചതെങ്കിലും അൽപം വിയര്‍പ്പൊഴുക്കിയാണ് മുംബൈ വിജയം കണ്ടെത്തിയത്. മധ്യനിരയില്‍ 32 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ പോരാട്ടമാണ് രോഹിത് ശർമ്മയ്ക്ക് സീസണിലെ മൂന്നാം വിജയം നേടിക്കൊടുത്തത്.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശീയ മുംബൈയ്ക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തില്‍ 6 റൺസെടുത്ത ഇഷാന് കിഷന് പുറത്തായി. മോശമല്ലാതെ ബാറ്റുവീശിയ നായകൻ രോഹിത് മുംബൈക്ക് വിജയ പ്രതീക്ഷ നൽകിയെങ്കിലും 33-4 എന്ന നിലയിലേക്ക് ടീം കൂപ്പുകുത്തി. എന്നാല്‍ അവിടുന്ന് ഒന്നിച്ച തിലക് വര്‍മയും ഹൃത്വിക് ഷൊക്കീനുമാണ് ഇന്ത്യൻസിന് പ്രതീക്ഷ നൽകിയത്. 23 പന്തിൽ 18 റൺസെടുത്ത ഷൊക്കീനെ മടക്കി മൊയിൻ അലി ചെന്നൈയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും 7 പന്തിൽ 16 റൺസുമായി കളം നിറഞ്ഞ ടിം ഡേവിഡ് മുംബൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 32 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന് ധോണി മാത്രമാണ് സിഎസ്കെ നിരയിൽ പൊരുതിയത്. ഇന്നത്തെ തോൽവിയോടെ ചെന്നൈയും പ്ലേ ഓഫ് കാണാതെ പുറത്തായി.