ഐപിഎല്ലിൽ ആദ്യജയം കൊതിച്ച് മുംബൈ ഇന്ന് രാജസ്ഥാനെതിരെ
ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. സീസണിൽ ഒരു ജയം പോലും സ്വന്തമാക്കാതെ എട്ടിൽ എട്ടും തോറ്റാണ് രോഹിത്തും സംഘവും ഇന്ന് ഒമ്പതാം മത്സരത്തിനിറങ്ങുന്നത്.
സീസണിലാദ്യം ഏറ്റുമുട്ടിയപ്പോള്‍ വിജയം രാജസ്ഥാനൊപ്പമായിരുന്നു. ഇന്നും അതേ ഫോം പുറത്തെടുത്ത് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും ലക്ഷ്യം. ബാറ്റിംഗിലും ബൗളിംഗിലും രോഹിത്തിന്റെ മുംബൈയെക്കാൾ ഏറെ മുന്നിലാണ് റോയൽസ്.
ഉഗ്രൻ ഫോമിലുള്ള ജോസ് ബട്ലറും ദേവ്ദത്ത് പടിക്കലും നൽകുന്ന തുടക്കം തന്നെയാണ് രാജസ്ഥാന്റെ ഏറ്റവും വലിയ ശക്തി. പിന്നാലെ നായകൻ സാംസണും ഷിമ്രോന്‍ ഹെറ്റ്മെയറും കൂറ്റൻ അടികളോടെ ടീമിനെ മുന്നോട്ടു നയിക്കാൻ പ്രാപ്തമായവരും. പോയ മത്സരത്തിൽ നിറഞ്ഞാടിയ റിയാൻ പരാഗും ടീമിന്റെ ശക്തികേന്ദ്രമാണ്.
മറുവശത്ത് ബാറ്റിംഗിലും ബോളിംഗിലും അമ്പേ പരാജയമാണ് മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ രോഹിത് ശർമക്കും തിളങ്ങാനാവുന്നില്ല. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കെയ്റോൺ പൊള്ളാർഡിന്റെയും അവസ്ഥയും ഇതുതന്നെ. ബോളിംഗിൽ ജസ്പ്രീത് ബുമ്രയും ആകെ നിരാശപ്പെടുത്തുകയാണ്. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.