പഞ്ചാബ് കിങ്സിന് 154 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്സിന് ജയിക്കാൻ 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് ക്വിന്റൺ ഡി കോക്കിന്റെയും ദീപക് ഹൂഡയുടെയും ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായകരമായത്.
മൂന്നാം ഓവറിൽ ആറു റൺസെടുത്ത നായകൻ കെൽ രാഹുലിനെ നഷ്ടപ്പെട്ട സൂപ്പർ ജയന്റ്സിന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച കോക്കും ദീപക് ഹൂഡയുമാണ് തുണയായത്. ഇരുവരും ചേർന്ന് 85 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയതെങ്കിലും സ്കോറിംഗ് വേഗം താരതമ്യേന കുറവായിരുന്നു.
98/1 എന്ന മികച്ച നിലയിൽ നിന്ന് ലഖ്നൗ 111/6 എന്ന നിലയിലേക്ക് വീണപ്പോള്‍ 13 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റാണ് ടീമിന് നഷ്ടമായത്. അവിടെ നിന്ന് ടീം വാലറ്റക്കാരുടെ സഹായത്തോടെയാണ് 153 റൺസിലേക്ക് രാഹുലിന്റെ സംഘം എത്തിയത്. അവസാന ഓവറുകളിൽ 10 പന്തിൽ 17 റൺസ് നേടിയ ചമീരയാണ് ലക്നൗവിനെ 150 കടത്തിയത്.
പഞ്ചാബിനായി കാഗിസോ റബാഡ നാലും രാഹുല്‍ ചഹാര്‍ രണ്ടും വിക്കറ്റ് നേടി. നാലോവറിൽ 18 റൺസ് വഴങ്ങി ഒരുവിക്കറ്റെടുത്ത സന്ദീപ് ശർമയുടെ ബോളിംഗ് മികവും മത്സരത്തിൽ ശ്രദ്ധേയമായി.