Cricket IPL IPL-Team Top News

ആർസിബിക്ക് കരുത്താവാൻ ഹേസിൽവുഡ് എത്തുന്നു, ആദ്യ മത്സരം ചെന്നൈയ്ക്കെതിരെ

April 5, 2022

author:

ആർസിബിക്ക് കരുത്താവാൻ ഹേസിൽവുഡ് എത്തുന്നു, ആദ്യ മത്സരം ചെന്നൈയ്ക്കെതിരെ

ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനോട് ഏറ്റ തോൽവിയോടെ ഐപിഎല്ലിന്റെ പതിനഞ്ചാം പതിപ്പിന് തുടക്കമിട്ട റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ രണ്ടാം മത്സരത്തിൽ ശക്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് വിജയവഴിയിലേക്ക് എത്തിയത്.

ഇന്ന് രാജസ്ഥാനെതിരെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്ന റോയൽ ചലഞ്ചേഴ്‌സിന് സന്തോഷ വാർത്ത. ഏപ്രിൽ 12 മുതൽ ജോഷ് ഹേസിൽവുഡ് ആർസിബിയിൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ന് സമാപിക്കുന്ന പാകിസ്ഥാനെതിരായ ഉഭയകക്ഷി പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലെ അംഗങ്ങളിൽ ഒരാളാണ് ഹേസിൽവുഡ്.

ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ ബോളിംഗിൽ പരാജയമാവുന്നതാണ് ആർസിബിയുടെ തോൽവികളിലെ പ്രധാന കാരണം. ഇതിനാണ് പരിഹാരവുമായി ഹേസിൽവുഡ് എത്തുക. നിർബന്ധിത ക്വാറന്റൈൻ കാരണം താരത്തിന് രാജസ്ഥാനെതിരെയും ഏപ്രിൽ 9 ന് മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം നഷ്ടമാവും

ഏപ്രിൽ 12 ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനു മുന്നോടിയായേ ഹേസിൽവുഡ് ടീമിനൊപ്പം ചേരുകയുള്ളൂ. ഫെബ്രുവരിയിൽ നടന്ന ഐപിഎൽ 2022 മെഗാ ലേലത്തിൽ ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി 7.75 കോടി രൂപയ്ക്കാണ് ഹേസിൽവുഡിനെ വാങ്ങിയത്. കഴിഞ്ഞ സീസണിൽ സിഎസ്‌കെയുടെ കിരീട നേട്ടത്തിൽ 31-കാരൻ നിർണായക പങ്കുവഹിച്ചിരുന്നു. പോയ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 26.63 ശരാശരിയിലും 8.37 എന്ന ഇക്കോണമി റേറ്റിലും 11 വിക്കറ്റുകൾ വീഴ്ത്താനും താരത്തിനായിരുന്നു.

Leave a comment