ഐപിഎല്ലിൽ രണ്ടാം അങ്കത്തിനൊരുങ്ങി ബാംഗ്ലൂരും കൊൽക്കത്തയും ഇന്നു നേർക്കുനേർ
ഐപിഎല്ലിൽ രണ്ടാം അങ്കത്തിനൊരുങ്ങി റോയൽ ചലഞ്ചേഴ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്നു നേർക്കുനേർ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോർ നേടിയിട്ടും തോറ്റുമടങ്ങേണ്ടി വന്നതിന്റെ നിരാശയുമായാകും ആസിബി ഇറങ്ങുക. അതേസമയം നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗിനെ കീഴടക്കിയ ആത്മവിശ്വാസത്തോടെയാണ് കെകെആർ ഇന്നിറങ്ങുക.
നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ തോല്‍പ്പിച്ചതിന്റെ കണക്ക് തീര്‍ക്കാനുണ്ട് ബാംഗ്ലൂരിന്. മിന്നും ഫോമിലുള്ള നായകന് ഫാഫ് ഡുപ്ലസിയും ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ബാറ്റ് വീശുന്ന വിരാട് കോലിയും നൈറ്റ് റൈഡേഴ്സിന് ഭീഷണിയാകും. പോരാത്തതിന് കൊൽക്കത്തയുടെ മുൻതാരമായിരുന്ന ദിനേശ് കാര്‍ത്തിക്കും ആർസിബിയുടെ ജേഴ്സിൽ തിളങ്ങിയതും തിരിച്ചടിയായേക്കും.
ബോളിംഗ് നിരയാണ് ബാംഗ്ലൂരിന്റെ ഏറ്റവും വലിയ പോരായ്മ. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക തുടങ്ങിവരെല്ലാം പഞ്ചാബിനോട് കണക്കിന് അടിവാങ്ങിയിരുന്നു. ശ്രേയസ് അയ്യരുടെ നായക മികവാണ് കൊൽക്കത്തയുടെ ശക്തി. അജിങ്ക്യ രഹാനെ, വെങ്കിടേഷ് അയ്യര്‍, സാം ബില്ലിങ്സ്, നിതീഷ് റാണ, ആന്ദ്രേ റസല്‍ തുടങ്ങി മികവുറ്റ താരങ്ങളുടെ നിരയും കെകെആറിന് മുൻതൂക്കം നൽകുന്നുണ്ട്. ബോളിംഗിലും ഉമേഷ് യാദവും വരുണ്‍ ചക്രവര്‍ത്തിയും സുനിൽ നരേനും തിളങ്ങുന്നതും കെകെആറിന് ആശ്വാസമേകും.