ഇതൊക്കെ നിസാരം ; പിഎസ്ജിയില്‍ തുടര്‍ന്ന് അടുത്ത സീസണില്‍ വിജയം നേടാന്‍ മെസ്സിയോടും നെയ്മറിനോടും അഭ്യര്‍ഥിച്ച് റിവാള്‍ഡോ
16-ാം റൗണ്ടിൽ റയൽ മാഡ്രിഡിനോട് 3-2 ന് തോറ്റതിന് ശേഷം ലയണൽ മെസ്സിയും നെയ്മറും പിഎസ്ജിയുടെ പതനത്തിന് ബലിയാടുകളായി മുദ്രകുത്തപ്പെട്ടു. അടുത്തിടെ ബോർഡോക്സുമായുള്ള ലീഗ് 1 പോരാട്ടത്തിൽ ഇരുവര്‍ക്കും നേരെ ആരാധകരുടെ ആക്രോശം ഉണ്ടായിരുന്നു.എന്നാൽ ഈ സാഹചര്യം സഹിച്ച് അടുത്ത സീസണിൽ ഉജ്ജ്വലമായി പ്രതികരിക്കണമെന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ ഇരുവരോടും അഭ്യര്‍ഥിച്ചു.

ഫുട്ബോളിൽ ഇത് വിചിത്രമായ കാര്യമല്ലെന്ന് ബെറ്റ്ഫെയറിന് നൽകിയ അഭിമുഖത്തിൽ റിവാൾഡോ പറഞ്ഞു.”നിങ്ങളുടെ സ്വന്തം ആരാധകരാൽ കൂകല്‍ കേള്‍ക്കുന്നത് എളുപ്പമല്ല, പക്ഷേ വലിയ പേരുകേട്ട കളിക്കാർക്ക് ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാണിത്, കാരണം ആരാധകർ ഇത്തരത്തിലുള്ള അത്ലറ്റുകളിൽ നിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് ചുരുങ്ങിയത് ഒരു സീസണെങ്കിലും നീണ്ടുനിൽക്കുമെന്നറിയാവുന്ന PSG ആരാധകരുടെ മനസിലെ വിഷമവും നമ്മള് ഇവിടെ കാണണം.നെയ്മറിനെയും ലയണൽ മെസ്സിയെയും റിക്രൂട്ട് ചെയ്തതിന് ശേഷം, സീസണിന്റെ തുടക്കത്തിൽ തന്നെ ടൂർണമെന്റിൽ നിന്ന് പുറത്താകുക എന്നത് ഏറ്റവും വലിയ നിരാശ തന്നെ ആണ്.”ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.