ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. മാർക്കോ ജാൻസെൻ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, കാഗിസോ റബാഡ എന്നിവരുൾപ്പെടെ മുൻനിര പേസ് ബോളർമാരില്ലാതെയാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഇറങ്ങുക.
മാർച്ച് 31 ന് ഡർബനിലെ കിംഗ്സ്മീഡിൽ നടക്കുന്ന ആദ്യ മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുക. മാർച്ച് 26 മുതൽ ആരംഭിക്കുന്ന 2022 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 15-ാം പതിപ്പിൽ നിരവധി പ്രമുഖ താരങ്ങൾ പങ്കെടുക്കാൻ സാധ്യതയുള്ളതിനാൽ ടെസ്റ്റ് പരമ്പരയ്ക്കായി ദുർബലരായ 15 അംഗ ടീമിനെ പ്രഖ്യാപിക്കാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (CSA) നിർബന്ധിതരാവുകയായിരുന്നു.

എയ്ഡൻ മാർക്രം, റാസി വാൻ ഡെർ ഡെസൻ എന്നിവരും ടെസ്റ്റ് പരമ്പരയിൽ ലഭ്യമാകില്ല. തൽഫലമായി ടെസ്റ്റ് ടീമിൽ മധ്യനിര-ബാറ്റ്സ്മാനായ ഖയാ സോണ്ടോയെ ഉൾപ്പെടുത്തിയിട്ടുണ്ട്. 32 കാരനായ ബാറ്റർ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് ആറ് ഏകദിന മത്സരങ്ങളിൽ 29.2 ശരാശരിയിൽ 146 റൺസ് നേടിയിട്ടുണ്ട്. എന്നിരുന്നാലും ആദ്യമായാണ് സോണ്ടോയെ പ്രോട്ടീസ് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത്.