ഓസീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് മുൻ പരിചയമില്ലാത്ത ആസിഫ് അഫ്രീദി ഏകദിന, ട്വന്റി 20 ടീമുകളിൽ ഇടം നേടിയിട്ടുണ്ട്.
പാകിസ്ഥാൻ ടീമിൽ വിക്കറ്റ് കീപ്പറായി മുഹമ്മദ് ഹാരിസിനെയും ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇടങ്കയ്യൻ സ്പിന്നർ മുഹമ്മദ് നവാസും ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ കാലിനേറ്റ പരുക്കിൽ നിന്ന് നവാസ് ഇതുവരെ പൂർണമായി മുക്തനായിട്ടില്ല. സൂപ്പർ താരം ബാബർ അസം ഏകദിന, ടി20 ടീമുകളെ നയിക്കും.
മൂന്ന് ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലുമാണ് പാകിസ്ഥാൻ ഓസീസിനെ നേരിടുക. ഏകദിന പരമ്പര 2022 മാർച്ച് 29 ന് ആരംഭിക്കാനിരിക്കെ പരമ്പരയിലെ ഏക ടി20 മത്സരം 2022 ഏപ്രിൽ അഞ്ചിന് നടക്കും. എല്ലാ മത്സരങ്ങളും റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് പാകിസ്ഥാൻ ഇപ്പോൾ പങ്കെടുക്കുന്നത്. രണ്ട് ടെസ്റ്റുകൾ അവസാനിച്ചപ്പോൾ രണ്ടും സമനിലയിൽ പരിയുകയായിരുന്നു.