ആരുണ്ട് തടുക്കാൻ, ലാലിഗയിൽ 10 പോയിന്റ് ലീഡുമായി റയൽ മാഡ്രിഡ് കിരീടത്തിലേക്ക്
ലാലിഗയിൽ റയൽ മാഡ്രിഡിന്റെ തേരാട്ടമാണ് ഈ സീസണിൽ കാണാനാവുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മയോർക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീട പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ് അഞ്ചലോട്ടിയുടെ ഗലാറ്റിക്കോ.
സൂപ്പർ താരം കരീം ബെൻസിമയുടെ മികവിലാണ് റയലിന്റെ ഇന്നലത്തെ ജയവും. ശരിക്കും ടീമിലെ 11 പേരും ഒത്തൊരുമയോടെ കളിക്കുന്നതാണ് സ്പാനിഷ് ടീമിന്റെ ഏറ്റവും വലിയ വിജയം. ഇന്നലെത്തെ മത്സരത്തിൽ ആദ്യ പകുതി ഗോളുകൾ ഒന്നുമടിക്കാതെ ഇരു ടീമുകളും പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
55-ാം മിനിറ്റിൽ ബെൻസിമയുടെ അസിസ്റ്റിലൂടെ വിനീഷ്യസ് ജൂനിയറാണ് റയലിനായി ആദ്യം വല കുലുക്കിയത്. പിന്നാലെ 77ആം മിനുട്ടിലും 82ആം മിനുട്ടിലുൻ ഗോളുകൾ നേടിക്കൊണ്ട് ബെൻസിമ റയൽ മാഡ്രിഡിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു.ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റായി. രണ്ടാമതുള്ള സെവിയ്യയെക്കാൾ 10 പോയിന്റിന്റെ ലീഡ് റയലിന് ഉയർത്താനും സാധിച്ചു.