ലെവൻഡോസ്കിയെ ടീമിലെത്തിക്കാൻ നീക്കവുമായി മാഞ്ചസ്റ്റർ സിറ്റി
സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയെ ടീമിലെത്തിക്കാനുള്ള നീക്കവുമായി പെപ് ഗ്വാർഡിയോളയും സംഘവും. അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർതാരം കൂടുമാറ്റത്തിന് തയാറായാൽ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റിയും മുൻപന്തിയിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾക്കു പുറമെ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും റോബർട്ട് ലെവൻഡോസ്കിയെ ടീമിലെത്തിക്കാൻ അലയൻസ് അരീനയിലെ ഇവന്റുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പല തവണ ട്രാൻസ്ഫറിന് പാതിമനസുമായി രംഗത്തെത്തിയ താരമാണ് ലെവൻഡോസ്കി.
സൂപ്പർ താരത്തെ ക്ലബിലെത്തിക്കാൻ മുമ്പ് ബയേണിൽ ഒരുമിച്ച് പ്രവർത്തിച്ച പെപ്പിന്റെയും ലെവൻഡോസ്കിയുടെയും പരിചയം മാഞ്ചസ്റ്റർ സിറ്റിക്ക് സഹായകരമായേക്കും. 33 കാരനായ ലെവൻഡോവ്സ്കി ഈ സീസണിൽ ഇതുവരെ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 35 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ പരിശീലകന്റെ കളി ശൈലിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ബയേൺ വിടാൻ താരത്തിനെ പ്രേരണയായിരിക്കുന്നത്.