പരിക്ക് ഭേദമായി, ഐപിഎല്ലിന് തയാറെടുത്ത് ജോഫ്ര ആർച്ചർ
മെഗാ ലേലത്തിൽ വലിയ തുകയ്ക്ക് തന്നെ എടുത്തത് കളിക്കാരനെന്ന നിലയിലുള്ള തന്റെ മൂല്യത്തിന് മാത്രമാണെന്ന് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കൈമുട്ടിന് പരിക്കേറ്റ ആർച്ചറിന് കഴിഞ്ഞ വർഷം പകുതി മുതൽ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല.
ഈ വർഷം മുഴുവൻ സീസണിലും ലഭ്യമല്ലാതിരുന്നിട്ടും ഐപിഎൽ 2022 മെഗാ ലേലത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയതിനും ഇത്രയും ഉയർന്ന തുകയ്ക്ക് തന്നെ ടീമിൽ എടുത്തിന് മുംബൈയോട് നന്ദി പറഞ്ഞ ആർച്ചർ 2023 ഐപിഎൽ മുതൽ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാണ് ലക്ഷ്യമിടുന്നത്.
ലേലത്തിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ആർച്ചറിനായി രംഗത്തെത്തിയിരുന്നെങ്കിലും ഒടുവിൽ 8 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലേക്കാണ് താരം എത്തിയത്. ഐപിഎല്ലിലെ അതിവേഗ ബോളർമാരിൽ ഒരാളാണ് ആർച്ചർ. ന്യൂസിലാൻഡിന്റെ ബോൾട്ട് ടീം വിട്ടയിടത്തിലേക്കാണ് ഇംഗ്ലീഷ് താരത്തിന്റെ വരവ്.
ഇതുവരെ 35 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 21.3 ശരാശരിയിൽ 46 വിക്കറ്റുകളാണ് ജോഫ്ര ആർച്ചർ നേടിയിരിക്കുന്നത്. പുതിയ പന്തിൽ അതിശയിപ്പിക്കുന്ന ബോളുകൾ എറിയാനും ഡെത്ത് ഓവറിലെ യോർക്കർ മികവുമാണ് ആർച്ചറിനെ വ്യത്യസ്തനാക്കുന്നത്.