ആദ്യ ദിനം ബോളർമാരുടേത്, ഒന്നാം ഇന്നിംഗ്സിൽ ലങ്കയ്ക്കും തകർച്ച
ശ്രീലങ്കക്കെതിരായ ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ബോളർമാരുടെ ആറാട്ടാണ് കാണാനായത്. ഇന്ത്യയെ സ്പിന്‍കെണിയില്‍ വീഴ്ത്തി 252 റൺസിന് പുറത്താക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ലങ്കയ്ക്കും വൻ തകർച്ചയാണ് ബാറ്റിംഗിൽ ഉണ്ടായിരിക്കുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ നേടിയ 252 റൺസ് മറികടക്കാനെത്തിയ ശ്രീലങ്ക ആദ്യ ദിനം കളിയവസാനിച്ചപ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ്. 13 റണ്‍സോടെ ഡിക്വെല്ലയും റണ്‍സൊന്നുമെടുക്കാതെ ലസിത് എംബുല്‍ഡെനിയയുമാണ് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
43 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കൻ നിരയിൽ പൊരുതിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയെ സ്പിന്‍കെണിയില്‍ തകർത്തപ്പോൾ ലങ്കയ്ക്ക് പാരയായത് ഇന്ത്യൻ പേസർമാരാണ്.
98 പന്തില്‍ 92 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 250 കടക്കാൻ സഹായിച്ചത്. ബാറ്റിംഗിൽ മായങ്ക് 4, രോഹിത് 15, വിഹാരി 31, കോഹ്ലി 23 എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.