രണ്ടാം സെമി ഫൈനലിൽ ഹൈദരാബാദും എടികെയും ഇന്ന് നേർക്കുനേർ
ഐഎസ്എൽ ഫുട്ബോളിൽ ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലിൽ എടികെ മോഹൻ ബഗാൻ ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. ജംഷഡ്പൂരിനോട്
നിരാശാജനകമായ തോൽവിക്ക് ശേഷമാണ് മോഹൻ ബഗാൻ ആദ്യപാദ സെമിക്ക് ഇന്നിറങ്ങുന്നത്.
അതേസമയം എതിരാളികൾ അവസാന അഞ്ച് കളികളിൽ നാലെണ്ണത്തിലും ജയിച്ച് മികച്ച ഫോമിലാണ് മാനുവൽ മാർക്വേസിന്റെ ഹൈദരാബാദ് സെമി ഫൈനലിന് എത്തുന്നത്. ഹീറോ ഐഎസ്എല്ലിൽ തങ്ങളുടെ ഏറ്റവും വിജയകരമായ സീസണാണ് ഹൈദരാബാദിന് കടന്നുപോവുന്നത്. ലീഗ് ഘട്ടത്തിൽ മൂന്നാമതായി ഫിനിഷ് ചെയ്ത അവർ ആദ്യമായി സെമി ഫൈനലിന് യോഗ്യത നേടി.ബർത്തലോമിയോ ഒഗ്ബെച്ചെയാണ് ഹൈദരാബാദിന്റെ ഏറ്റവും വലിയ കരുത്ത്. ഇതുവരെ 17 ഗെയിമുകളിൽ നിന്ന് 17 ഗോളുകൾ നേടാനും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം, ഫെറാൻഡോയുടെ കീഴിൽ എടികെ മോഹൻ ബഗാൻ ഒരു വലിയ വഴിത്തിരിവാണ് ഈ സീസണിൽ നടത്തിയത്. സീസണിൽ ഒരു തവണ മാത്രം തോൽക്കുകയും 14 മത്സരങ്ങൾ വിജയിക്കുകയും ചെയ്തുകൊണ്ട് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ടീം എത്തിയത്. പാസിംഗ് ഗെയിമാണ് ടീമിന്റെ ഏറ്റവും വലിയ വിജയവും. ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.