ചെന്നൈയിനെ കീഴടക്കി മോഹൻ ബഗാൻ സെമി ഫൈനലിൽ
ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എടികെ മോഹൻ ബഗാൻ സെമി ഫൈനലിൽ. തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലിൽ ടീമിന് കയറാനായത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്.
റോയ് കൃഷ്ണയുടെ ആദ്യ പകുതിയിലെ ഗോളിലാണ് ഇന്നലെ ചെന്നൈയിനെ എടികെ പരാജയപ്പെടുത്തിയത്. ഈ സീസണിലെ തന്റെ അഞ്ചാം ഗോളും ഈ കലണ്ടർ വർഷത്തിലെ ആദ്യ ഗോളുമാണ് റോയ് കൃഷ്ണയുടെ ബൂട്ടിൽ നിന്നും പിറന്നത്. ഇന്നലത്തെ ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഹൈദരാബാദിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്.
മാർച്ച് ഏഴിന് അടുത്ത ജംഷഡ്പൂർ എഫ്സിയുമായാണ് എടികെ മോഹൻ ബഗാന്റെ അവസാന മത്സരം. ഇരുടീമും സെമി യോഗ്യത നേടിയതിനാൽ മത്സരത്തിന് പ്രസക്തിയില്ലെങ്കിലും ജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്ത് എത്താമെന്ന പ്രത്യേകതയുണ്ട്. രണ്ട് കളികൾ ബാക്കിയുള്ള ജംഷഡ്പൂർ 37 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. വെള്ളിയാഴ്ച ഒഡീഷ എഫ്സിക്കെതിരെയാണ് അവരുടെ അടുത്ത കളി.