ഇന്നു നിർണായകം, സെമി സാധ്യതകൾ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എതിരെ
ഐഎസ്എല്ലിൽ ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഫോമിലല്ലാത്ത ചെന്നൈയിൻ എഫ്സിയെ നേരിടും. വിജയമല്ലാതെ വേറെ ഒന്നും ലക്ഷ്യം വെച്ചായിരിക്കില്ല കൊമ്പൻമാർ ഇറങ്ങുക. ടൂർണമെന്റിൽ സെമി ഫൈനൽ യോഗ്യത നേടാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യവുമാണ്.
കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയോട് പരാജയം രുചിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ സാധ്യതകൾ തുലാസിലായത്. ഐഎസ്എല്ലിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയം കണ്ടെത്തിയാൽ ബ്ലാസ്റ്റേഴ്സിന് പേ ഓഫിൽ എത്താനും സാധിക്കും.
എതിരാളികൾ താരതമ്യേന ദുർബലാണെന്നത് മഞ്ഞപ്പടയ്ക്ക് അൽപം ആശ്വാസമേകുന്ന കാര്യമാണ്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാതെയാണ് ചെന്നൈയിൻ ഇന്ന് ഇറങ്ങുന്നത്. നിശു കുമാർ, ജീക്സൺ, ഹോർമിപാം എന്നിവർ എല്ലാം ഇന്ന് പരിക്ക് മാറി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകുമെന്നതും കരുത്താണ്.
നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ 17 കളികളിൽ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും ഉൾപ്പെടെ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളം. അതേസമയം എതിരാളികളായ ചെന്നൈയിൻ 20 പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്.