ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനൊപ്പം താനുമുണ്ടാകുമെന്ന് സെർജിയോ അഗ്വേറോ
ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ താന്റെ സാന്നിധ്യവും ഉണ്ടാകുമെന്ന് അറിയിച്ച് സെർജിയോ അഗ്വേറോ. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം 18 വര്‍ഷത്തെ ഫുട്ബോള്‍ കരിയറിന് തിരശീയിട്ടുകൊണ്ട് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷം ഖത്തര്‍ ലോകകപ്പിനെത്തുന്ന അര്‍ജന്റീനിയൻ ടീമിനൊപ്പം താനും ഉണ്ടാകുമെന്നാണ് സെര്‍ജിയോ അഗ്യൂറോ പറയുന്നത്. എന്നാൽ കളിക്കാരനായല്ല, പകരം ബാക്ക്റൂം സ്റ്റാഫായി താന്‍ ഉണ്ടാകുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലൗഡിയോ ടാപിയയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സെർജിയോ അഗ്വേറോ ഇക്കാര്യം വെളിപ്പെടുത്തിയത്. 400-ലധികം ഗോളുകള്‍ തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ള അനുഭവ സമ്പത്ത് ടീമിലെ യുവതാരങ്ങൾക്ക് കൈമാറാനാണ് ഈ നീക്കം.
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സലോണയിലേക്ക് ചേക്കേറിയ അഗ്വേറോ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം മൈതാനത്തോട് വിട പറയുകയായിരുന്നു. പിന്നീട് ഡിസംബര്‍ 15-ന് ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അർജന്റീനിയൻ താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.