Editorial Foot Ball Top News

Alien of Jogo Bonito

January 29, 2022

author:

Alien of Jogo Bonito

1993 സെപ്റ്റംബര് 19 ഞായറാഴ്ച്ച. ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തില് 1994 ലോകകപ്പ് യോഗ്യതക്ക് ബി ഗ്രൂപ്പിലെ അവസാന മത്സരത്തില് ബ്രസീലും യുറുഗ്വായും ഏറ്റുമുട്ടാന് തയ്യാറായി നില്ക്കുന്നു.
സ്വന്തം തട്ടകത്തില് മഞ്ഞപ്പടയ്ക്കായി ആവേശത്തില് ആര്പ്പ് വിളിക്കുന്നതിനു പകരം താടിക്ക് കൈകൊടുത്തും കുരിശു വരച്ചും സീറ്റുകളില് നിന്ന് എഴുന്നേറ്റ് അസ്വസ്ഥരായും ബ്രസീലിയന് കാണികള്. അവരുടെ മനസിനെ 1950 ലോകകപ്പ് ഫൈനലിലെ ”മരക്കാന ദുരന്തം” വേട്ടയാടുന്നു.
ഗ്രൂപ്പില് ഏഴു മത്സരത്തില് നിന്നും 10 പോയിന്റുമായി നില്ക്കുന്ന യുറുഗ്വായ്ക്ക് ലോകകപ്പ് ബര്ത്ത് ഉറപ്പിക്കാന് സമനില ധാരാളം. 9 പോയിന്റ് മാത്രമുണ്ടായിരുന്ന ബ്രസീലിന് ജയം അനിവാര്യം. ഫാന്സീസ് കോലി നയിക്കുന്ന യുറുഗ്വായ് ജയത്തെക്കാളുപരി സമനിലക്കായി കോട്ടകെട്ടുമെന്ന് ഉറപ്പ്. റായ്, ബെബാറ്റോ എന്നീ ബ്രസീലിയന് സ്‌ട്രൊക്കര്മാരെ വരിഞ്ഞു മുറുക്കാന് തന്ത്രം മെനഞ്ഞു കഴിഞ്ഞു അവര്. മറുവശത്ത് തന്റെ പിടിവാശി ഉപേക്ഷിച്ച് ബ്രസീല് കോച്ച് കാര്ലോസ് പെരേര ബ്രഹ്മാസ്ത്രം തയ്യാറാക്കി കളത്തിലേക്ക് ടീമിനെ അയച്ചു. അതേ, പലകാരണങ്ങളാല് ടീമില് നിന്നും പുറത്താക്കിയ റൊമാരിയോ ഡിസൂസ ഫാരിയ എന്ന കഷ്ടിച്ച് അഞ്ചരയടി ഉയരം മാത്രമുള്ള ബാര്സിലോണ സ്‌ട്രൈക്കറെ തിരികെ വിളിച്ച് നമ്പര് 11 ജേഴ്‌സി നല്കി കളത്തിലിറക്കി.
മത്സരത്തിനു മണിക്കൂറുകള്ക്ക് മുമ്പാണ് റിയോ ഡി ജെനീറോ വിമാനത്താവളത്തില് റൊമാരിയോ വിമാനം ഇറങ്ങിയത്. അവിടെ നിന്ന് ക്ഷീണം പോലും വകവയ്ക്കാതെ സ്റ്റേഡിയത്തിലേക്ക്.
”രാജ്യം എന്നില് നിന്നു പ്രതീക്ഷിക്കുന്നത് ഞാന് തിരികെ നല്കും”. വിമാനത്താവളത്തില് നിന്നും പുറപ്പെടുമ്പോള് അദ്ദേഹം പറഞ്ഞു.
ആ വാക്ക് പാലിക്കുന്നതാണ് ലോകം പിന്നീട് കണ്ടത്. കളി 71 മിനിട്ട് പിന്നിടുമ്പോഴും സമനില. യുറുഗ്വായ് ആരാധകര് 19 മിനിട്ടിനു ശേഷം നടത്താനുള്ള ആഘോഷത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. എന്നാല് തൊട്ടുത്ത മിനിട്ടില് റൊമാരിയോ ആദ്യ വെടി പൊട്ടിച്ചു. ബ്രസീല് ഒരു ഗോളിനു മുന്നില്. പത്തു മിനിട്ടിനു ശേഷം അദ്ദേഹം വീണ്ടും യുറുഗ്വായ് വലയിലേക്ക് നിറയൊഴിച്ചു. ബ്രസീല് ഏകപക്ഷീയമായ രണ്ടു ഗോളിന് വിജയിച്ച് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. അതേക്കുറിച്ച് മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് കോച്ച് പെരേരയുടെ മറുപടി
”ദൈവം റൊമാരിയോയുടെ രൂപത്തില് മരക്കാനയില് അവതരിച്ചു” എന്നായിരുന്നു.
പിന്നെ ലോകം കണ്ടത് ബ്രസീലിന്റെ മാസ്മരിക പ്രകടനമാണ്. പെലെ യുഗത്തിന് ശേഷം കാനറികള് ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തി. 1994 ലോകകപ്പില് ബ്രസീല് മുത്തമിടുമ്പോള് 5 ഗോളും 3 അസിസ്റ്റുമായി റൊമാരിയോ മികച്ച കളിക്കാരനുള്ള ഗോള്ഡന് ബൂട്ട് സ്വന്തമാക്കി. അക്കൊല്ലം മികച്ച കളിക്കാരനുള്ള ഫിഫാ പുരസ്‌കാരവും ഇദ്ദേഹത്തിനായിരുന്നു.
ഫുട്‌ബോളിനോട് കടുത്ത പ്രണയമായിരുന്നു റൊമാരിയോയ്ക്ക്. അതിനാല്ത്തന്നെ തന്റെ വിവാഹം ഒരു ഫുട്‌ബോള് മൈതാനത്താണ് അദ്ദേഹം നടത്തിയത്. എന്നാല് സ്വകാര്യ ജീവിതത്തില് കെട്ടു പൊട്ടിയ പട്ടം പോലെ പറന്ന അദ്ദേഹത്തിനു കളിക്കളത്തിലും കനത്ത തിരിച്ചടിയുണ്ടായി. എങ്കിലും പെലെയ്ക്കു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില് 1000 ഗോള് തികച്ചവരുടെ പട്ടികയില് രണ്ടാമനാണ് അദ്ദേഹം. ബ്രസീലിനായി 70 മത്സരങ്ങളില് 55 ഗോള്. ഫസ്റ്റ്ക്ലാസ് കരിയര് 1985 ല് ബ്രസീലിലെ വാസ്‌കോഡ ഗാമയില് ആരംഭിച്ച് 2009 ല് ബ്രസീലിയന് ക്ലബ് അമേരിക്കന് ആര്.ജെ യില് അവസാനിക്കുമ്പോള് 448 മത്സരങ്ങളില് 309 ഗോളാണു സമ്പാദ്യം.
കരിയറില് ലോകകപ്പിനു പുറമേ 1988 സോള് ഒളിംപിക്‌സ് വെള്ളി മെഡല്, 1997 ലെ കോണ്ഫെഡറേഷന്സ് കപ്പ്, 1989, 1997 കോപ്പ അമേരിക്ക, 1998 ലെ കോണ്കാകാഫ് തുടങ്ങി നിരവധി വിജയങ്ങളില് പങ്കാളിയായി. ടോട്ടല് ഫുട്‌ബോളിന്റെ ആശാനായ വിഖ്യാതതാരം യോഹന്ക്രൈഫ് പരിശീലിപ്പിച്ച ബാഴ്‌സയുടെ സ്വപ്ന ടീമില് ബള്ഗേറിയന് താരം സ്റ്റച്ച്‌കോവിനൊപ്പം മുന്നേറ്റ നിരയില് റൊമാരിയോ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
കരിയറിന്റെ അവസാനം വരെ ഗോളടിക്കുന്നതില് കേമനായിരുന്നു റൊമാരിയോ. എന്നാല് സമകാലികരായ റൊണാള്ഡോയ്ക്കു കിട്ടിയ അംഗീകാരത്തിന്റെ പകുതി പോലും താരത്തിനു ലഭിച്ചില്ലായെന്നതാണു സത്യം. 1990, 1998 ലോകകപ്പുകള് പരിക്ക് മൂലവും 2002 ലോകകപ്പ് കോച്ച് സ്‌കോളാരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്ന്നും റൊമാരിയോയ്ക്കു നഷ്ടമായി. എങ്കിലും കളിച്ച ഒരേ ഒരു ലോകകപ്പില് കപ്പുയര്ത്തി താരമായ ഇദ്ദേഹത്തെ എക്കാലത്തെയും മികച്ച 5 ബ്രസീലിയന് താരങ്ങളിലൊരാളായി 1999 ല് ഇന്റര്നെറ്റ് പോളിലൂടെ തെരഞ്ഞെടുത്തിരുന്നു.
ലോകത്തിലെ മികച്ച 100 കളിക്കാരുടെ പട്ടികയിലിപ്പോഴും ഈ റിയോ ഡി ജനീറോക്കാരനുണ്ട്.
ലോകം കണ്ട ഏക്കാലത്തെയും greatest legendary face 2005 ൽ തന്റെ വിടവാങ്ങൽ മത്സരത്തിൽ കണ്ണുനീരിൽ കുതിരന്ന മുഖവുമായാണ് കളിക്കാനിറങ്ങിയത്…പക്ഷെ അവസാന മത്സരത്തിലും ഗോളടിച്ചു തന്റെ ടീമിനെ വിജയത്തിലെക്ക് നയിച്ച റൊമാരിയോക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നീറ്റലായി മാറിയത് ഒരു ലോകകപ്പിൽ മാത്രമെ കളിക്കാൻ സാധിച്ചൂളളൂ എന്ന ദു: ഖം മാത്രം. പക്ഷെ ആ ഒരൊറ്റ ലോകകപ്പ് മതി ആരാധകർക്ക് റൊമാരിയോയെ ഓർക്കാൻ….
Happy Birthday R11
Leave a comment

Your email address will not be published. Required fields are marked *