Cricket Editorial IPL IPL2021 Top News

വൈകി വന്ന വിവേകം….

October 3, 2021

author:

വൈകി വന്ന വിവേകം….

ഒറ്റ വാക്കിൽ രാജസ്ഥാൻ റോയൽസിൻ്റ വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. IPL രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ഭാഗ്യത്തിനു മാത്രം ജയിച്ച ടീം അടുത്ത മൂന്നു മത്സരത്തിൽ മികച്ച രീതിയിൽത്തന്നെ എതിരാളികളെ ജയിക്കാൻ അനുവദിച്ച് സ്വന്തം പ്ലേ ഓഫ് സാധ്യതകൾ ഉപേക്ഷിച്ച നിലയിലായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും കുറച്ച് ഫോളോവേഴ്സുള്ള IPL ഫ്രാഞ്ചൈസി ഒടുവിൽ ആരാധകരുടെ ട്വീറ്റുകളും കമൻ്റുകളും വെറുതെയല്ലെന്ന് മനസ്സിലായതിനാൽ ആകണം, കാതലായ അഞ്ചു മാറ്റങ്ങളുമായാണ് ഒരു ജീവൻ മരണ പോരാട്ടത്തിനിറങ്ങിയത്.
ഋതുരാജ് ഗെയ്ക്ക് വാദിൻ്റെ മാസ് ആൻറ് ക്ലാസ് ഇന്നിങ്ങ്സിൻ്റെ ബലത്തിൽ ജയമുറപ്പിച്ച് ഫീൽഡിലിറങ്ങിയ ചെന്നൈക്ക് പിഴച്ചത് രാജസ്ഥാൻ്റെ ടീം സെലക്ഷൻ വിലയിരുത്തുന്നതിലായിരുന്നു. പുതിയ അഞ്ചിൽ മൂന്നും ബാറ്റർമാരായ ടീം ഇതുപോലെ അടിക്കു തിരിച്ചടി തരുമെന്ന് അവരൊരു പക്ഷേ സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടാവില്ല… പതിവിനു വിരുദ്ധമായ കാര്യങ്ങൾ തന്നെയാണ് രാജസ്ഥാൻ ഇന്നിംഗ്സിൽ സംഭവിച്ചത്. എവിൻ ലൂയിസെന്ന ലോക ക്രിക്കറ്റിലെ തകർപ്പനടിക്കാരനെ കാഴ്ചക്കാരനാക്കി യു.പിയിലെ സൂര്യാവൻ സ്വദേശി, മുംബൈയിലെ നെക്സ്റ്റ് ബിഗ് തിങ്ങ് യശസ്വി ജൈസ്വാൾ എന്ന പത്തൊൻപതുകാരൻ സ്ട്രീറ്റ് സ്മാർട്ട് ക്രിക്കറ്റർ ആഞ്ഞടിച്ചപ്പോൾ പുകൾപെറ്റ ചെന്നൈയുടെ ബൗളിങ്ങ് നിരയുടെ കയ്യിൽ നിന്ന് പവർ പ്ലേ കഴിയുമ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു. തൻ്റെ പ്രായത്തിൻ്റെ പകുതിയിലധികം വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പരിചയമുള്ള ജോഷ് ഹെയ്സൽവുഡെന്ന ഓസീസ് ബൗളിങ്ങിൻ്റെ കുന്തമുനയെ അവൻ അഞ്ചാം ഓവറിൽ പറത്തിയത് 22 റൺസിനാണ്.
സഞ്ജു സാംസൺ എന്ന നായകൻ്റെ മികവിനെ പരാമർശിക്കാതെ പറ്റില്ല. രാഹുൽ തെവാട്ടിയയുടെ മോശം സമയത്തും അയാൾക്ക് ബൗൾ ചെയ്യാൻ പിന്തുണ നൽകി മൂന്നു വിക്കറ്റുകൾ എടുക്കാൻ സഹായിച്ച സഞ്ജുവിന് ഒരു പക്ഷേ പിഴച്ചത് ആകാശ് സിങ് അടക്കം മൂന്നു ഇടം കൈ പേസർമാരെ കൊണ്ടുവന്നത് ആവാം. ഋതുരാജിൻ്റെയും രവീന്ദ്ര ജഡേജയുടെയും ഇന്നിംഗ്‌സുകൾ ഇല്ലായിരുന്നെങ്കിൽ ചെന്നൈ എവിടെ എത്തുമായിരുന്നു എന്നത് ഒരു പക്ഷേ കണ്ടറിയേണ്ടി വരും. ബാറ്റിങ്ങിനിറങ്ങിയപ്പോൾ സ്ഥിരം കൂട്ടത്തകർച്ച മുൻകൂട്ടി കണ്ടിട്ടാവാം, സ്ഥിരം ശൈലി മാറ്റി വച്ച സഞ്ജു ശിവം ദുബൈയെക്കൊണ്ട് പരമാവധി കളിപ്പിച്ചതും എതിരാളികൾ തന്നെ എല്ലാ തരത്തിലും റീഡ് ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലാവും.
സീസണിലെ ഏറ്റവും മികച്ച ചെയ്സിങ്ങ് നടത്തിയ മത്സരം കഴിയുമ്പോൾ വീണ്ടും പ്ലേയോഫ് സാധ്യതകൾ തളിർത്ത രാജസ്ഥാൻ ഏതു വരെ മുന്നേറ്റം നടത്തുമെന്നതിന് അടുത്ത മുംബൈയുമായുള്ള മത്സരം ഒരു പക്ഷേ ഉത്തരം തന്നേക്കും. എന്നത്തെയും പോലെ അന്ത്യഘട്ടത്തിൽ ആളിക്കത്തി എരിഞ്ഞടങ്ങില്ല ഇത്തവണ എന്ന് നമുക്ക് പ്രത്യാശിക്കാം.
Leave a comment

Your email address will not be published. Required fields are marked *