Editorial European Football Foot Ball Top News

ഗോളടിച്ചു സ്റ്റെർലിങ് വിമർശനങ്ങൾക്കു മറുപടി നൽകി; പക്ഷെ മാറ്റം കൊണ്ട് വന്നത് സാക്കയും ഗ്രീലീഷും

June 23, 2021

ഗോളടിച്ചു സ്റ്റെർലിങ് വിമർശനങ്ങൾക്കു മറുപടി നൽകി; പക്ഷെ മാറ്റം കൊണ്ട് വന്നത് സാക്കയും ഗ്രീലീഷും

ഗ്രീലിഷ് – സാക്ക കൂട്ട്കെട്ട് പുതിയൊരു ഉന്മേഷമാണ് ഇംഗ്ലീഷ് ആക്രമണനിരക്ക് നൽകിയത്. സാക്ക തുടങ്ങി വെച്ച ബിൽഡ് അപ്പ് ആണ് ഗ്രീലീഷിന്റെ അസ്സിസ്റ്റിൽ സ്റ്റെർലിങ് ഗോൾ ആക്കി മാറ്റിയത്. 19 വയസ്സ് മാത്രം പ്രായമുള്ള സാക്കയാണ് മാൻ ഓഫ് ദി മാച്ച് ആയി മാറിയതും. ഇംഗ്ലണ്ടിന് വേണ്ടി സാക്ക കളിച്ച കഴിഞ്ഞ 5 മത്സരങ്ങളിലും, അദ്ദേഹം തന്നെയാണ് ഈ അവാർഡ് കരസ്ഥമാക്കിയത്. മധ്യനിരയിൽ ഗ്രീലിഷ് ഇറങ്ങിയത് ഇംഗ്ലീഷ് ആക്രമണങ്ങൾക്ക് കുറച്ചു കൂടി ഒഴുക്ക് നൽകിയത് പോലെ അനുഭവപെട്ടു. മധ്യനിരയിൽ ഗ്രീലിഷ് – മൌണ്ട് സഖ്യമാണ് ഇപ്പോൾ ഇംഗ്ലീഷ് ആരാധകരുടെ സ്വപ്നം.

ഗോൾ അടിച്ചു സ്റ്റെർലിങ് മാനേജർ ആയ സൗത്ത്ഗേറ്റ് തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചു. ഭാഗ്യമുണ്ടായിരുന്നെങ്കിൽ രണ്ടാം മിനുട്ടിൽ തന്നെ സ്റ്റെർലിങ് ഇംഗ്ലണ്ടിന് ലീഡ് നൽകിയേനെ. പക്ഷെ അദ്ദേഹത്തിന്റെ മനോഹരമായ ചിപ്പ് ബാറിൽ തട്ടി പുറത്തേക്ക് പോയി.

ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. അവസാനമായായി അവർ ഈ നേട്ടം കൈവരിച്ചത് 1966 ലെ ലോക കപ്പിലാണ്. അന്ന് അവർ കപ്പ് ഉയർത്തുകയും ചെയ്തിരുന്നു. മഗവേർ പരിക്ക് കഴിഞ്ഞു തിരിച്ചു വന്നതും അവർക്ക് ഗുണം ചെയ്യും.

ഗോൾ അടിക്കുന്നതിൽ ഇംഗ്ലണ്ട് പിശുക്ക് കാണിക്കുന്നു എന്നുള്ളത് ഒരു ആക്ഷേപമാണ്. പക്ഷെ അവരുടെ ഗോൾ മുഖത്തു കാര്യമായ ഭീഷണിയും ഉണ്ടായിട്ടില്ല. ഗോൾ വഴങ്ങാതെ നോക്കുക എന്നത് സൗത്ത്ഗേറ്റിന്റെ മുൻഗണന ആയതുകൊണ്ടാണ് ഇംഗ്ലണ്ട് അധികം ആക്രമിച്ചു കളിക്കാത്തതു. എന്നാൽ ആവശ്യം വന്നാൽ ഗ്രീലിഷ്, സാക്ക പോലുള്ള അസ്ത്രങ്ങൾ ഇംഗ്ലീഷ് ആവനാഴിയിൽ ഉണ്ട് എന്ന് ഇന്നലത്തെ മത്സരം തെളിയിച്ചു.

ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികൾ പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി എന്നിവരിൽ ആരെങ്കിലുമാണ്. ആയതിനാൽ പലരും അവരുടെ സാധ്യതകളെ തള്ളി പറയുന്നു. എന്നാൽ സ്‌ക്വാഡിന്റെ ഡെപ്തും ഡിഫെൻസിന്റെ ഉറപ്പും ഇംഗ്ലീഷ് സ്വപ്നങ്ങൾക്ക് ചിറക് കൊടുക്കാൻ കെൽപ്പുള്ള വസ്തുതകൾ തന്നെയാണ്.

#euro2020 #england #saka #grealish

Leave a comment