Editorial European Football Foot Ball Top News

ഒരു ‘പ്രൈം ഓസിലിനെ’ ജർമനി മിസ്സ് ചെയ്യുന്നു !!

June 19, 2021

ഒരു ‘പ്രൈം ഓസിലിനെ’ ജർമനി മിസ്സ് ചെയ്യുന്നു !!

2014 ലോക കപ്പിലെ ഏറ്റവും മികച്ച ടീം ജർമ്മനി തന്നെയായിരുന്നു. താരനിബിഡമായായിരുന്നു അവരുടെ ടീം. ബെഞ്ചിലിരിക്കുന്ന കളിക്കാരെ വെച്ച് മാത്രം സെമി വരെയെങ്കിലും ഏത് മാനേജർക്കും എത്താമായിരുന്നു. പക്ഷെ അതിൽ നിന്ന് നിങ്ങൾ മെസ്യൂട് ഓസിലിനെ എടുത്ത് മാറ്റിയാൽ, ജോച്ചിം ലോയുടെ ടീമിന്റെ സന്തുലിതാവസ്ഥ തെറ്റുമായിരുന്നു എന്നുള്ളതും വസ്തുത. 2018 ൽ ഓസിൽ വിരമിച്ചതിന് ശേഷം ജർമ്മനിക്ക് അന്താരാഷ്ട്ര തലത്തിൽ കാര്യമായ ചലനം ഉണ്ടാക്കാനും സാധിച്ചിട്ടില്ല.

പ്രതിഭകളുടെ കുറവ് ജർമൻ ടീമിന് വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ അത് വാസ്തവ വിരുദ്ധമാകും. കിമ്മിച്, ക്രൂസ്, ഗുണ്ടോവാൻ, ഗ്നർബി, സാനെ, മുള്ളർ, ഹവർട്സ് എന്നിവർ ലോകോത്തര നിലവാരത്തിൽ എല്ലാ ദിവസവും പ്രൊഫഷണൽ ഫുട്ബോളിനെ അഭിമുഖീകരിക്കുന്നവരാണ്. പക്ഷെ ഫ്രാൻസിനെതിരായ മത്സരത്തിൽ നിന്ന് ഒരു കാര്യം മനസിലായി – ഓസിൽ പോയ വിടവ് നികത്താതെ അങ്ങനെ തന്നെ ഇരിക്കുന്നു.

ഫ്രാൻസിനെ പോലെ കെട്ടുറപ്പുള്ള ടീമിന്റെ പ്രതിരോധം ഭേദിക്കാൻ ബോൾ കൈവശം വെച്ചാൽ മാത്രം പോരായിരുന്നു. മധ്യനിരയിൽ ഒരു ബുദ്ധിരാക്ഷൻ തന്നെ ആവശ്യമായിരുന്നു. ഗുണ്ടോവാനെ ഇകത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അത് പോലുള്ള സന്ദർഭങ്ങളിൽ, ഒന്നുമില്ലായ്മയിൽ നിന്ന് അവസരങ്ങൾ സൃഷ്ഠിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

മരണ ഗ്രൂപ്പ് ആയ എഫിൽ ജർമ്മനിയെ കാത്തിരിക്കുന്നത് കഴിഞ്ഞ യൂറോയും നേഷൻസ് ലീഗും സ്വന്തമാക്കിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ആണ്. ഫ്രാൻസിന്റേത് പോലെ നല്ല പ്രതിരോധവും, മികച്ച ഹോൾഡിങ് മിഡ്‌ഫീൽഡർസും അവർക്കുണ്ട്. പെപ്പെ, റൂബൻ ഡയസ് എന്നിവർ നയിക്കുന്ന പ്രതിരോധം പാറ പോലെ ഉറച്ചതാണ്. വില്യം കാർവാലോ, ഡാനിയേൽ പെരേര എന്നീ രണ്ടു ഹോൾഡിങ് മിഡ്‌ഫീൽഡർസുമായിട്ടാണ് അവർ ഹങ്കറിയെ നേരിട്ടത്. ഇവിടെയും ഫ്രാൻസിനോട് സമാനമായ സാഹചര്യം ജർമനിക്ക് നേരിടേണ്ടി വരും.

ബോൾ സ്വീകരിക്കുന്ന പൊസിഷൻ കൊണ്ട്, ബുദ്ധിപൂർവമായ ടേൺ കൊണ്ട്, കണ്ണഞ്ചിപ്പിക്കുന്ന പാസ് കൊണ്ട് അവസരങ്ങൾ ശ്രിഷ്ട്ടിച്ചെ മതിയാകു. അതും ഒന്നുമില്ലായ്മയിൽ നിന്ന് തന്നെ സൃഷ്ഠിക്കുകയും വേണം. മറ്റൊരു ഓസിൽ ഇന്ന് അവർക്ക് ഉണ്ടോ? അവർ ഓസിലിനെ മിസ്സ് ചെയ്യുമോ? കണ്ടിരുന്നു കാണണം.

Leave a comment