Editorial European Football Foot Ball Top News

അലക്സാണ്ടർ ഇസാക് – യൂറോ 2020 യുടെ കണ്ടെത്തൽ

June 18, 2021

അലക്സാണ്ടർ ഇസാക് – യൂറോ 2020 യുടെ കണ്ടെത്തൽ

ഹെൻറിക് ലാർസണും സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനും ഒരു പിൻഗാമി പിറന്നിരിക്കുന്നു. റയൽ സോസിഡാഡിന്റെ സ്‌ട്രൈക്കർ അലക്സാണ്ടർ ഇസാക് ആണ് താരം. ഇരുകാല് കൊണ്ടും തല കൊണ്ടും അപകടകാരിയാണ് ഈ 21 വയസ്സ് മാത്രം പ്രായമുള്ള താരം. അദ്ദേഹത്തിന്റെ വേഗതയേറിയ റണ്ണും, അസാമാന്യ ഡ്രിബിളിംഗും ഡിഫെൻഡർമാർക്ക് തലവേദന സൃഷ്ഠിക്കുന്നത് സ്പൈനിന് എതിരായ മത്സരത്തിൽ നാം കണ്ടതാണ്.

സ്ലോവാക്യക്ക് എതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനമാണ് ഇസാക് കാഴ്ച്ച വെച്ചത്. 71 ആം മിനുട്ടിൽ മൂന്ന് സ്ലോവാക്യൻ താരങ്ങളെ ഡ്രിബിൾ ചെയ്തതിനു ശേഷം തൊടുത്ത ഷോട്ട് ഗോളി തടഞ്ഞില്ലായിരുന്നെങ്കിൽ ടൂർണമെന്റിലെ മികച്ച ഗോൾ ആയി മാറിയേനെ. നിർണായക പെനാൽറ്റി ലഭിക്കാൻ ഇടയായതും ഇസാക്കിന്റെ ചടുല നീക്കം തന്നെ. ഈ മത്സരത്തിൽ മാത്രം വിജയകരമായി 6 ഡ്രിബിൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ഈ ടൂർണമെന്റിലെ ഇത് വരെ ഉള്ള റെക്കോഡ് ആണ് അത്. വിജയത്തോടെ നാല് പോയിന്റ് സ്വന്തമാക്കിയ സ്വീഡൻ പ്രീ ക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. സ്വീഡന്റെ ഇനി മുന്നോട്ടുള്ള പ്രയാണം ഈ യുവ താരത്തെ ആശ്രയിച്ചായിരിക്കും എന്നുള്ളത് തീർച്ച.

റയൽ സോസിഡാഡിന് വേണ്ടിയും മികച്ച പ്രകടനമാണ് ഈ സീസണിൽ താരം കാഴ്ച്ച വെച്ചത്. 17 ഗോളുകളാണ് അദ്ദേഹം ടീമിനായി ലീഗിൽ അടിച്ചു കൂട്ടിയത്. പക്ഷെ ലോക ശ്രദ്ധ അദ്ദേഹത്തിന് ലഭിച്ചത് ഈ യൂറോയിലും. ലിവർപൂളിന്റെ യോർഗെൻ ക്ളോപ്പ് താരത്തിനായി നീക്കങ്ങൾ തുടങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്.

Leave a comment