Editorial European Football Foot Ball Top News

ഒരു ടീമെന്ന നിലയിൽ ചെൽസിയുടെ വളർച്ച അസൂയാവഹം

May 30, 2021

ഒരു ടീമെന്ന നിലയിൽ ചെൽസിയുടെ വളർച്ച അസൂയാവഹം

ഈ വിജയത്തിൽ ഭാഗ്യത്തിന് അവകാശവാദം ഉന്നയിക്കാനാകില്ല. അത്രയധികം പ്രശംസ ചെൽസി എന്ന ടീമിന് നാം ഇന്ന് കൊടുക്കേണ്ടി വരും. കാരണം നമ്മൾ സംസാരിക്കുന്നത് ഗാർഡിയോളയുടെ ഗോളടി മെഷിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽപിച്ച ചെൽസിയെ കുറിച്ചാണ്.

വെർണറും കായ് ഹാവെർട്സും എത്ര സുന്ദരമായാണ് മത്സരം മുന്നോട്ട് കൊണ്ടുപോയത്. ഗോൾ അടിക്കാനായില്ലെങ്കിലും പ്രധിരോധക്കാർക്കിടയിലൂടെ വെർണറിന് മാത്രം സാധിക്കുന്ന റണ്ണുകളാണ് ചെൽസിക്ക് തുടക്കം മുതലേ മേൽക്കോയ്മ നൽകിയത്. ആത്മവിശ്വാസം മടങ്ങി വന്നാൽ വെർണർക്ക് പഴയ ഫോമിലേക്ക് ഉയരാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. സ്ഥിരമായി വെർണർക്ക് പിന്തുണ നൽകുന്ന ട്യുഷേലിന്റെ മനസ്സിന് പിന്നീട് ആരാധകർ നന്ദി പറയും – തീർച്ച.

ഒരു പുതു യുഗ ഡെന്നിസ് ബെർഗ്കാമ്പ് തന്നെയാണ് ഹാവേർട്സ്. സ്പേസ് ക്രിയേറ്റ് ചെയ്യുന്നതിലും, ഡ്രിബിൾ ചെയ്യുന്നതിലും, ഫിനിഷിങ്ങിലുമെല്ലാം സൗമ്യതയും മനോഹാരിതയും. ലോങ്ങ് റേഞ്ച് ഷോട്ടുകൾ കൂടി കൈമുതലാക്കിയാൽ ചെൽസിയുടെ കയ്യിൽ ഇരിക്കുക ഒരു അണുബോംബ് തന്നെയായിരിക്കും. വിജയ ഗോൾ അടിക്കാനുള്ള എല്ലാ യോഗ്യതയും ഈ ചെറുപ്പകാരനിൽ ഉണ്ടായിരുന്നു.

പിന്നെ എടുത്ത് പറയാനുള്ളത് ചിൽവെല്ലും റീസ് ജെയിംസും നടത്തിയ പ്രകടനമാണ്. സിറ്റിയുടെ ആക്രമണങ്ങളുടെ ചിറകരിഞ്ഞവർ. കായികപരമായും, ടാക്ടിക്കൽ ആയും, അവർ സ്റ്റെർലിംഗിനെയും മെഹ്‌റസിനെയും കാഴ്ചക്കാരാക്കി മാറ്റി. വിങ്ങുകളിൽ കളി നടക്കാതിരുന്നത് സിറ്റിയുടെ ആക്രമണത്തിനെ ചെറുതായിട്ടല്ല ബാധിച്ചത്. ഒരു വൃത്തിയുള്ള ഷോട്ട് പോലും ചെൽസി ഗോളി മെൻഡിക്ക് തടയേണ്ടി വന്നില്ല എന്നുള്ളതാണ് വാസ്തവം.

വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തിയ ചെൽസി പ്രധിരോധത്തിനും ഈ വിജയത്തിൽ വലിയ പങ്കുണ്ട്. തിയാഗോ സിൽവ പരിക്ക് മൂലം പിന്മാറിയെങ്കിലും, ചെൽസി പ്രതിരോധം ദൃഡമായി നിന്നു. റുഡിഗറുടെ ഈ പുരോഗതി ആരാണ് പ്രതീക്ഷിച്ചിട്ടുണ്ടാവുക. ചെൽസി ആരാധകർ വരെ വലിയ തോതിൽ വിമർശിച്ച ഒരു കാലം റുഡിഗറിന് ഉണ്ടായിരുന്നു – അതും മാസങ്ങൾക്ക് മുമ്പ് വരെ. എന്നാൽ ഇന്ന് കളത്തിലെ നിറസാന്നിധ്യമാണ് അദ്ദേഹം. സ്ട്രൈക്കേഴ്സിന് ഒരു ഭയം ഉളവാക്കുന്ന രീതിയിലേക്കാണ് അദ്ദേഹത്തിന്റെ വളർച്ച. പങ്ങൾ ഒന്നുമില്ലാതെ സിൽവയുടെ വിടവ് ക്രിസ്റ്റൻസെൻ നികത്തുന്നത് കണ്ടു ആശ്ചര്യപ്പെട്ടു പോയി. ഡാനിഷ് മാൽഡിനി എന്ന വിളിപ്പേരിന് യോഗ്യൻ ആണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാലും ക്രിസ്ത്യന്സൺ ഒരു ശുഭ പ്രതീക്ഷയാണ്.

വാഴ്ത്തപെടാത്ത പോരാളിയായ ജോർജ്ജിഞ്ഞോ ഒരിക്കൽ കൂടി ചെൽസിയുടെ കാവൽ നായ ആയി മാറി. അസ്പിലികെറ്റ എന്ന നായകൻ ധീരമായി തന്നെ പട നയിച്ചു. മൗണ്ടിന്റെ ക്രീറ്റിവിറ്റി ഗോളിൽ കലാശിച്ചത് യാദ്രശ്ചികവും അല്ല.

പിന്നെ എടുത്ത് പറയേണ്ടത് കാന്റയെ പറ്റി തന്നെ. ഇത് എന്തോന്നടെ…കുപ്പിയിൽ നിന്ന് വന്ന ഭൂതമോ?? പിച്ചിൽ അദ്ദേഹത്തിന്റെ കാൽ പതിയാത്ത ഒരു ഭാഗം പോലും കാണില്ല. ഹോൾഡിങ് മിഡ്‌ഫീൽഡറായും അറ്റാക്കിങ് മിഡ്‌ഫീൽഡറായും കാന്റെ തകർത്തു കളിച്ചു. ഫൈനലിലെ മാൻ ഓഫ് ദി മാച്ചും കൊണ്ട് പോയി. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലിന്റെ ഇരു പദങ്ങളിലും, പിന്നീട് ഫൈനലിലും ഈ പുരസ്‌കാരം സ്വന്തമാക്കിയ ഒരാളെ പറ്റി നിങ്ങൾ വേറെ കേട്ടിട്ടുണ്ടോ?? ചെൽസി വിട്ട് പോകാൻ അദ്ദേഹത്തിന് താല്പര്യം ഇല്ല എന്ന് ഫൈനലിന് മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചത് ചെൽസിയുടെ ശത്രുക്കൾ ഒന്ന് പ്രത്യേകം നോട്ട് ചെയ്യുക.

ഒരു വാക്ക് ട്യുഷേലിനെ പറ്റി പറഞ്ഞിട്ട് നിറുത്താം. വളരെ മനോഹരമായ ഒരു സ്‌ക്വാഡിനെ ആണ് ലാംപാട് ഒരുക്കിയത്. എന്നാൽ നായകന്മാരെ കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ഒരു ഗ്രൗണ്ട് മുഴുവൻ നായകന്മാരെ ആണ് നിങ്ങൾ സൃഷ്ട്ടിച്ചത്.

Leave a comment

Your email address will not be published. Required fields are marked *