ആഴ്സണലിനെ സമനിലയിൽ കുരുക്കി സ്ലാവിയ പ്രാഹ
യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ആഴ്സണൽ സുപ്രധാന ലീഡ് കളഞ്ഞു കുളിച്ചു. 86 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് പെപ്പെ ആതിഥേയരെ മുന്നിൽ എത്തിച്ചിരുന്നെങ്കിലും ഇഞ്ചുറി ടൈമിൽ തോമസ് ഹോൾസിലുടെ സ്ലാവിയ തോൽവി ഒഴിവാക്കി. സ്ലാവിയയുടെ അപരാജിതകുതിപ്പ് അങ്ങനെ 22 മത്സരങ്ങളിലേക്ക് നീണ്ടു. മർമപ്രധാനമായ ഒരു എവേയ് ഗോളുമായി പോകാനും ചെക് റിപ്പബ്ലിക്കൻ ടീമിന് സാധിച്ചു.
അലക്സാണ്ടർ ലാകാസറ്റും ബുക്കായോ സാക്കയും സുവർണ്ണാവസരങ്ങൾ തുലച്ചിലായിരുന്നെങ്കിൽ ആഴ്സണലിന് ലീഡ് വർധിപ്പിക്കാൻ സാധിച്ചേനെ. അത് പോലെ ബേൺ ലെനോയുടെ മാസ്മരിക സേവുകൾ സ്ലാവിയ വലചലിപ്പിക്കുന്നതിൽ നിന്നും അവരെ രക്ഷിക്കുകയും ചെയ്തു. തോമസ് പാർട്ടി, വില്യൻ എന്നിവർ ആഴ്സണൽ നിരയിൽ മങ്ങിയപ്പോൾ ഗ്രാനിറ്റ് ഷാക്കയുടെ പ്രകടനമാണ് ആഴ്സണൽ തോൽവി വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്.