Editorial European Football Foot Ball Top News

കാലഹരണപ്പെട്ട ആശയവും ആത്മവിശ്വാസം നഷ്ടപ്പെട്ട ടീമും

November 22, 2020

കാലഹരണപ്പെട്ട ആശയവും ആത്മവിശ്വാസം നഷ്ടപ്പെട്ട ടീമും

ടീമുകൾ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ ഭയപ്പെട്ടിരുന്ന കാലം നീങ്ങി പോയിരിക്കുന്നു. ദൃഡതയോടെ പ്രതിരോധം കാഴ്ച്ച വെക്കുകയും വേഗതയുള്ള താരങ്ങൾ വിങ്ങുകളിൽ അണിനിരക്കുകയും ചെയ്താൽ ഗാർഡിയോളയുടെ പദ്ധതികൾ പാളും എന്ന് ചെറിയ ടീമുകൾ വരെ കഴിഞ്ഞ സീസണിൽ തെളിയിച്ചതാണ്. എന്നിരുന്നാലും ആശയത്തിലോ സമീപനത്തിലോ കാര്യമായ മാറ്റം ഗാർഡിയോള കൊണ്ടുവന്നതായി ടോട്ടൻഹാമിനെ സിറ്റി നേരിട്ടപ്പോൾ കാണാൻ സാധിച്ചില്ല. ഫലമോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചാണക്യൻ മൊറീഞ്ഞോ നയിച്ച സ്‌പെർസ്‌ സിറ്റിയെ മലർത്തി അടിച്ചു. 8 കളികളിൽ നിന്ന് വെറും 12 പോയിന്റുമായി സിറ്റി പതിനൊന്നാമത്. ഗാർഡിയോളയുടെ കരിയറിലെ ഏറ്റവും മോശം തുടക്കമായി ഇതിനെ കാണാം.

മാറ്റങ്ങൾ ആർക്കും അനിവാര്യമാണ്. ഇല്ലെങ്കിൽ ജീർണത അനുഭവിക്കേണ്ടി വരും. സിറ്റിയുടെ കാര്യത്തിൽ ഇത് അടിവരയിട്ട് പറയാം സാധിക്കും. എതിരാളികൾ സിറ്റിയെ ബോൾ കൈവശം വെക്കാൻ അനുവദിക്കുന്നു. കിട്ടുന്ന അവസരണങ്ങളിൽ കൌണ്ടർ അറ്റാക്കിങ് ഫുട്ബോൾ കളിച്ചു സിറ്റിയെ സമ്മർദ്ദത്തിൽ ആക്കുന്നു. പ്രവചനാധീതമായി കളിയ്ക്കാൻ അവർ എപ്പളോ മറന്നു പോയിരിക്കുന്നു. കാലഹരണപ്പെട്ട ടികി ടാക്ക ഇന്നും നിലനിർത്താൻ ശ്രമിക്കുന്ന ഏക മാനേജരും ഗാർഡിയോള ആയിരിക്കും.

മാറ്റമില്ലാത്ത അവസ്ഥ താരങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചിരിക്കുന്നു. അതിൽ എടുത്തു പറയേണ്ടത് കഴിഞ്ഞ കളിയിലെ ഡി ബ്രൂയ്‌നയുടെ പ്രകടനമാണ്. 14 തവണ എതിരാളികളെ ഡ്രിബിൽ ചെയ്യാൻ ശ്രമിച്ച താരം ഒരു തവണ മാത്രമാണ് വിജയം കണ്ടത്. സുപ്രധാന മേഖലയിൽ 11 തവണയാണ് താരം ബോൾ നഷ്ടപ്പെടുത്തിയത്. ദൃഡതയോടെ പ്രതിരോധിച്ച ടോട്ടൻഹാം പ്രതിരോധത്തെ കീറിമുറിക്കുന്ന പാസ്സുകളും ആ കാലുകളിൽ നിന്ന് പുറപ്പെട്ടില്ല.

മറ്റൊരു പ്രത്യേകത ഹാലണ്ടിനെ പോലെ ഒരു സ്‌ട്രൈക്കറെ ടീമിൽ എത്തിക്കാൻ ഗാർഡിയോള ശ്രമിച്ചില്ല എന്നുള്ളതാണ്. എതിരാളികളുമായി ബോക്സിൽ മല്ലുപിടിച്ചു ടീമിന് സ്പേസ് ഒരുക്കുന്ന ഒരു പക്കാ സ്‌ട്രൈക്കറെ സിറ്റിക്ക് എന്നന്നെക്കാളും ഇന്നാണ് ആവശ്യകത. ഗബ്രിയേൽ ജെസുസ് അതിൽ വലിയ നിരാശ തന്നെയാണ്.

ഏതായാലും പുതിയ കരാർ ഒപ്പു വെച്ച ഗാർഡിയോളക്ക് നല്ല ഒരു തുടക്കമല്ല മൊറീഞ്ഞോയുടെ ടോട്ടൻഹാം ഒരുക്കിയത്. ഈ സീസൺ കൈവിട്ടപോലെയാണ്. അടുത്ത സീസണെ എങ്കിലും മുന്നിൽ കണ്ടു കാര്യമായ ഉടച്ചു വർക്കൽ ഗാർഡിയോള സ്വയം ചെയ്യേണ്ടതായുണ്ട്. അല്ലെങ്കിൽ ലോകം കണ്ട ഏറ്റവും മികച്ച മാനേജറിൽ നിന്ന് മെസ്സിയുടെ നിഴൽ എന്ന പാട്ടത്തിലേക്ക് അദ്ദേഹം ചുരുങ്ങുന്ന കാലം വിദൂരമല്ല.

Leave a comment