Foot Ball legends Top News

The Perfect 9 (ഫ്രഞ്ച് വസന്തം)

July 28, 2020

author:

The Perfect 9 (ഫ്രഞ്ച് വസന്തം)

ടീമിനായി ഗോൾ നേടുക, അതിനപ്പുറം വേണ്ടി വന്നാൽ മാത്രം ബാക്കിയുള്ളവർക്ക് സപ്പോർട്ട് നൽകുക അതാണ് സ്‌ട്രൈക്കർ റോളിൽ കളിക്കുന്നവരുടെ റോൾ.
എന്നാൽ വെറുമൊരു സ്ട്രൈക്കറിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കളിക്കാർ വളരെ അപൂർവ്വമാണ്. സ്ട്രൈക്കറിൽ ഒതുങ്ങി നിൽക്കാതെ വേണ്ട സമയം വിങ്ങറായും ഡിഫൻസിന് പിന്തുണ നൽകിയും കയറിയിറങ്ങി കളിക്കുന്ന താരമാണ് ബെൻസിമ.

കോവിഡെന്ന മഹാമാരി കാരണം നിർത്തി വക്കേണ്ടിവന്ന ലാലിഗ പുനരാരംഭിച്ചപ്പോൾ ടീം ഇലവനിൽ കളിയുടെ സിംഹഭാഗവും കളിച്ചിരുന്നതും അതു പലപ്പോഴും 90 മിനുട്ടിലേക്കും കളിച്ചിരുന്നത് ഈ 34 കാരനായിരുന്നു.
ഏതൊരു കളിക്കാരന്റെയും കരിയറിന്റെ നല്ല നാളുകൾ ഉണ്ടാകും, ചിലപ്പോളത് തുടക്ക സമയമാകും ചിലപ്പോളത് അവസാന സമയമാകും.

30 വയസ്സിനുള്ളിലായിരിക്കും ഒരു ശരാശരി കളിക്കാരന്റെ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന സമയം. പക്ഷെ ഇദ്ദേഹത്തിനെ സംബദ്ധിച്ചിടത്തോളം തുടക്ക കാലവും അതിനോടൊപ്പം തുടർന്ന് വന്ന ഏകദേശം 7-8 വർഷ കാലത്തോളം വെറുമൊരു സ്‌ട്രൈക്കർ റോളിൽ മാത്രം ഒതുങ്ങി ഗോളുകൾ അടിച്ചു കൂട്ടി നിന്നു കൂടെ കളിക്കുന്ന കളിക്കാർ എത്ര വലിയ കളിക്കാരായാലും പരിചയസമ്പത്ത് കുറഞ്ഞ കളിക്കാരായാലും എത്രയും പെട്ടെന്ന് അവരുമായി ഇഴുകി ചേർന്ന് കളിക്കാൻ കഴിയുന്ന അപൂർവം ചില പ്ലെയറിൽ ഒരാളായി മാറിയിരുന്നു. ഇക്കഴിഞ്ഞ കൊല്ലം ടീമിൽ നിന്ന് ഒഴിവാക്കണം എന്ന് മുറവിളി കൂട്ടിയ ആരാധകരെയും എല്ലാവരെയും നോക്ക്കുത്തിയാക്കി കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം എന്ന് വിമർശകർ വാഴ്ത്തിയ ഫ്രഞ്ച് ദേശീയ ടീമിന് ലഭിക്കാതെ പോയ കരീം മുസ്തഫ ബെൻസിമയെ മുപ്പത്തിനാലാം ലാലിഗ കിരീട നേട്ടത്തിൽ റയൽ മാഡ്രിഡിന്റെ നായകനോളം വരുന്ന മുൻനിര പോരാളിയായി സിദാൻ മാറ്റിയെടുത്തു കഴിഞ്ഞിരുന്നു .

കരിയറിന്റെ തുടക്കത്തിൽ ക്ലാസ് സ്ട്രൈക്കറായും ഡ്രിബിളറായും ഏത് മൂലയിൽ നിന്നും എത്ര നീളത്തിലും പന്ത് നീട്ടി നൽകിയാൽ യാതൊരു ലവലേശം പേടിയും ഇല്ലാതെ നിശ്ചയദാർഢ്യത്തോട് കൂടി പന്ത് വരുതിയിലാക്കി ഗോൾ വലയെ ലക്ഷ്യമാക്കി മുന്നേറുന്ന ഫ്രഞ്ച് വസന്തം.
2019-20 കാലഘട്ടത്തിൽ അതായത് കഴിഞ്ഞ കൊല്ലം നടന്ന ലാലിഗ, അത് സിദാനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതായിരുന്നു. കാരണം എന്തെന്നാൽ ഓരോ ജയവും ഓരോ പോയിന്റ് പാഴാക്കലിലും റയൽ മാഡ്രിഡ് കുപ്പായത്തിൽ സീദാന്റെ നാളുകളെ എണ്ണിയിരുന്ന ഒരു കാലം. അവിടെ നിന്നും ഒരു മത്സരം പോലും തോൽക്കാതെ പോയിന്റുകൾ ഒന്ന് പോലും നഷ്ടപ്പെടുത്താതെ ടീമിനെ മുന്നോട്ട് കൊണ്ട് പോകാൻ സിദാന് പലപ്പോഴും കഴിഞ്ഞത് തന്റെ നാട്ടുകാരൻ കൂടി ആയ ബെൻസിമയുടെ സാന്നിദ്ധ്യമാണെന്നു ഒരു പരിധി വരെ പറയാം .

34 വയസുള്ള ഒരു സ്‌ട്രൈക്കർ ഇന്നവരുടെ കരിയറിൽ ഏകദേശം എല്ലാം കഴിഞ്ഞു പല്ല് പോയ സിംഹത്തെ പോലെ ഗുഹകീഴിൽ ഒതുങ്ങി കഴിയേണ്ട ഒരു പ്രായമാണ്. ഓരോ കൊല്ലവും പുതിയ കളിക്കാർ സാന്റിയാഗോ ബെർണാബുവിലെ തട്ടകത്തിൽ എത്തുമ്പോഴും അവരുടെ എല്ലാം ഏറ്റവും വലിയ വെല്ലുവിളി ഈ 34 കാരനെ മറികടക്കുക എന്നുള്ളതാണ്. അവസരങ്ങൾ അവരിലേക്ക് എത്തി ചേരണമെങ്കിൽ ഈ 34 കാരനെ മറികടക്കേണ്ടിയിരിക്കുന്നു .

സിദാൻ ആവനാഴിയിലെ അസ്ത്രം അതെന്നും ബെൻസിമ ആയിരുന്നു. കാരണമെന്തെന്നാൽ ബ്രസീലിയൻ വണ്ടർ കിഡ് വിനീഷ്യസും റോഡ്രിഗോയും അതുപോലെ പുതിയ സൈനിംഗ് ആയ ഹസാർഡും ബെയ്ലും ഇവരെല്ലാവരും ബെൻസിമക്കൊപ്പം കളിക്കേണ്ടി വരുമ്പോൾ ഇവർ തമ്മിലുള്ള കോംബോ പലപ്പോഴും ഗോൾ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വിനീഷ്യസിന്റെ വേഗതക്ക് ബെൻസിമയുടെ ബുദ്ധിപൂർവ്വമായ നീക്കങ്ങൾ അതിലൂടെ റയൽ പല കളികളിലും ലീഡ് നേടിയിരുന്നു. ഒരു കളിക്കാരൻ അയാൾക്ക് വേണ്ടത് എപ്പോളും തന്നിലുള്ള വിശ്വാസമാണ്. മൂന്നും നാലും പ്ലയേഴ്‌സ് മുന്നിൽ നിൽക്കെ അവരെയും കടന്ന് മുന്നോട്ട് പോകാൻ കഴിയുമെന്നുള്ള വിശ്വാസം അതിനായി പരിശ്രമിക്കുന്ന പരിശ്രമം അതെല്ലാം വിജയം കാണുമ്പോഴാണ് അയാളിലെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിക്കുന്നത്. ബെൻസിമ ആ ഗണത്തിൽ പെടുന്നു എന്നു നിസംശയം പറയാം .


മുമ്പൊരിക്കൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടത്തിയ അത്ഭുതകരമായ അസിസ്റ്റും ഇക്കഴിഞ്ഞ സീസണിൽ കാസെമിറോക്ക് നൽകിയ അസിസ്റ്റും പലപ്പോഴും അത് കാണുമ്പോൾ നെറ്റി ചുളിഞ്ഞുപോയിട്ടുണ്ട്. എങ്ങനെയാണ് തന്റെ പുറകിൽ ഒരു പ്ലയർ ഉണ്ടാകും കാസെമിറോ അവിടെ കൃത്യമായി പന്ത് കണക്ട് ചെയ്യുമെന്ന് എപ്പോഴാണ് ബെൻസിമക്ക് തോന്നിയതെന്ന് പോലും നമ്മൾ ചിന്തിച്ചു പോയിട്ടുണ്ട്‌ . കാരണം ബാക്ക്ഹീൽ പാസ്സിലൂടെ എതിർ കളിക്കാരന്റെ കാലിന്റെ ഇടയിലൂടെ പന്ത് നീട്ടി നൽകുന്ന നേരം പുറകിലൊരു കളിക്കാരൻ ഉണ്ടാകുമെന്നും അത് കാസെമിറോ ആയിരിക്കുമെന്നും നമ്മൾ ഒരിക്കലും ചിന്തിച്ചു കാണില്ല. എന്നാൽ മത്സരത്തിന് ശേഷം ബെൻസിമ പറഞ്ഞു “എന്റെ പുറകിൽ പന്ത് ഗോൾ വലയിൽ എത്തിക്കാൻ കാസെമിറോ ഉണ്ടാകുമെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു”.
അതുപോലെ തന്നെ ആ ഒരു ഗോളിലൂടെ അർഹിച്ച ലീഡ് നേടി കിരീടത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടിരിക്കുകയായിരുന്നു സിദാന്റെ ചുണക്കുട്ടികൾ .

പുറകിലൊട്ടൊന്നു കണ്ണോടിച്ചു നോക്കുക തന്റെ കൂടെ കളിച്ച താരങ്ങളെല്ലാം അവർക്ക് വേണ്ടി ജീവിതം തന്നെ മാറ്റിമറിച്ച ആരോടും ഒന്നിനും പരിഭവമില്ലാതെ എല്ലാം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് വേണ്ടി വന്നാൽ നാലോ അഞ്ചോ അവസരങ്ങൾ ഗോൾ നേടാൻ കഴിയാതെ പോയാലും ആറാമതൊരു അവസരം തനിക്ക് ലഭിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തോടെ കരിയർ പിക്കിലെ ഏറ്റവും അവസാന സമയത്ത് ഇത്രയും തിളങ്ങി ജ്വലിക്കാൻ കഴിയുന്നത് ബെൻസിമയുടെ ആത്മവിശ്വാസം തന്നെയല്ലേ.

ഇക്കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമങ്ങൾ അവരുടെ ദേശീയ ടീമിലേക്ക് കരിയറിലെ ഏറ്റവും അവസാന സമയത്തേക്ക് അടുത്തു പോകുന്ന ഒരു കളിക്കാരനെ തിരിച്ചു വിളിക്കണം എന്ന് പറയുമ്പോൾ ഒന്നാലോചിച്ചു നോക്കണം അയാളുടെ റെയ്ഞ്ച്. നാം അടക്കമുള്ള പല റയൽ മാഡ്രിഡ് ആരാധകരും ബെൻസിമയുടെ കാലം കഴിഞ്ഞെന്ന് വിധി എഴുതിയവരാണ്.
ആരാധകർ അയാളെ കൂക്കി വിളിക്കുവാനായി ഒത്തു കൂടിയപ്പോഴും യാതൊരു പരിഭവവും ആ മുഖത്ത് പ്രകടമായല്ല. ഈ സീസണിൽ റയലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ കരസ്ഥമാക്കി ടീമിന് കിരീടം നേടി കൊടുക്കുക എന്നതാണ് തന്റെ ധൗത്യം അതല്ലാതെ തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് വായ് കൊണ്ട് മറുപടി നൽകി വെറുമൊരു വായാടിയായി നിൽക്കാതെ കാല് കൊണ്ട് മറുപടി നൽകി മികച്ചൊരു കളിക്കാരനായി മാറാനാണ് തനിക്ക് ആഗ്രഹം എന്ന തോന്നലോട് കൂടി വീണ്ടുമയാൾ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
തമാശ രൂപേണ പലരും പറയും സിദാന് പിറക്കാതെ പോയ മകനാണ് ബെൻസിമ എന്ന്. ചിലപ്പോളത് ശരിയായിരിക്കാം. കാരണം അയാൾ അത്രത്തോളം തന്റെ നാട്ടുകാരനെ സംരക്ഷിക്കുന്നുണ്ട്. ദേശീയ ടീമിലേക്ക് വിളി ഇനി ഉണ്ടാകുമോ ഇല്ലയോ എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാലും ബെൻസിമ ബൂട്ടണിയുന്ന ഓരോ സന്ദർഭങ്ങളിലും പല സുന്ദര നിമിഷങ്ങൾ നമുക്കായി മാറ്റി വച്ചിരുന്നു.

അയാളൊരു ബിഗ് മാച്ച് പ്ലയർ ആയിരുന്നു. പലപ്പോഴും എൽ-ക്ലാസ്സിക്കോയിൽ എതിർ വല കുലുക്കി ബാഴ്‌സയുടെ നെഞ്ചകം തകർക്കുന്ന പല കിണ്ണം കാച്ചിയ ഗോളുകളും നേടി നമുക്ക് ആനന്ദം നൽകിയ ഒരു കളിക്കാരനായിരുന്നു. എന്നിരുന്നാൽ തന്നെയും ഈയൊരു പ്രായത്തിലും ഇത്രത്തോളം നന്നായി കളിക്കുന്ന ബെൻസിമയെ ഇനി വരും നാളുകളിൽ ഇതേ നിലയിൽ ഇതിനെക്കാളും അപ്പുറം മിന്നും താരം പോലെ മിന്നിത്തിളങ്ങാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. #RMLK

Leave a comment