Foot Ball Top News

കിരീടമുറപ്പിക്കാൻ റയല്‍ ഇന്നിറങ്ങുന്നു..

July 16, 2020

കിരീടമുറപ്പിക്കാൻ റയല്‍ ഇന്നിറങ്ങുന്നു..

സ്പെയ്നിന്റെ ഫുട്ബോൾ രാജാക്കന്മാരായുള്ള റയല്‍ മാഡ്രിഡിന്റെ പട്ടാഭിഷേകത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും ഫുട്ബോൾ ലോകവും.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ലാലിഗ കിരീടം കൈപ്പിടിയിലൊതുക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇന്ന്‌ റയലിനെ കാത്തിരിക്കുന്നത്.

എതിരാളികള്‍ പോയന്റ് ടേബിളിലെ അഞ്ചാം സ്ഥാനക്കാരായ വിയ്യാറയൽ. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാൽ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് കാത്തുനിൽക്കാതെ റയലിന് കിരീടമുറപ്പിക്കാം. മറിച്ചാണ് ഫലമെങ്കിൽ കിരീടപോരാട്ടം ഫോട്ടോഫിനിഷിലേക്ക്…

പരിക്ക് മൂലം മാർസെലൊയെ ഇന്നും ടീമിൽ ഉള്‍പ്പെടുത്തിയിട്ടില്ല.മറ്റ് പ്രധാന താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. വളരെ നിര്‍ണ്ണായകമായ മത്സരമായതിനാൽ ആദ്യ ഇലവനിൽ വലിയ അഴിച്ചുപണികൾക്ക് സിദാൻ മുതിരില്ല എന്ന് വേണം കരുതാന്‍. ഗോൾവലക്ക് മുന്നില്‍ മികച്ച ഫോം തുടരുന്ന കോർട്ടുവായും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന പ്രതിരോധ-മധ്യനിരകളുമാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. മുന്നേറ്റ നിരയില്‍ കരീം ബെൻസേമയും ഉജ്ജ്വല ഫോമിലാണ്.

ബെൻസേമക്ക് കൂട്ടായി ഇസ്കോയും കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഈഡൻ ഹസാർഡും ആദ്യ ഇലവനിലുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

ലീഗ് പുനരാരംഭിച്ച ശേഷം കളിച്ച എല്ലാ മത്സരത്തിലും വിജയിക്കാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

താരതമ്യേനെ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന വിയ്യാറയലിനെ മറികടക്കാന്‍ മികച്ച പ്രകടനം തന്നെ റയൽ പുറത്തെടുക്കേണ്ടി വരും. ലീഗ് പുനരാരംഭിച്ച ശേഷം അവരും മികച്ച ഫോമിലാണ്, കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ ആറിലും വിജയിച്ചു. സീസണിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ റയലിനെ സമനിലയിൽ തളക്കാനും വിയ്യാറയലിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ അവർ സോസിഡാഡിനോട് പരാജയപ്പെട്ടത് റയലിന് പ്രതീക്ഷ നല്‍കുന്നു.

ലീഗ് ജേതാക്കളാകാൻ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്റ് മാത്രം മതിയെങ്കിലും രണ്ടിലും ജയം തന്നെയാണ് ലക്ഷ്യമെന്ന് സിദാൻ പറഞ്ഞ്‌ കഴിഞ്ഞു. കിരീട പോരാട്ടം അവസാന മത്സരത്തിലേക്ക് കൊണ്ട്‌ പോവാന്‍ ടീമും ആരാധകരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ തന്നെ മികച്ച പ്രകടനം റയലിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.

റയലിന്റെ മൈതാനമായ ആല്‍ഫ്രഡോ ഡിസ്റ്റഫാനോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യയില്‍ സംപ്രേഷണം ഉണ്ടാവില്ല.

#GradaFansDeKerala_*

Leave a comment