Cricket Editorial legends Top News

രോഹിതിന്റെയും കോഹ്ലിയുടെയും മികവിൽ കുതിയ്ക്കാൻ ടീം ഇന്ത്യ

January 22, 2020

author:

രോഹിതിന്റെയും കോഹ്ലിയുടെയും മികവിൽ കുതിയ്ക്കാൻ ടീം ഇന്ത്യ

ലോകത്തിലെ ഏറ്റവും മികച്ചവനാകാൻ മത്സരിക്കുന്ന രണ്ടു താരങ്ങൾ. അവരുടെ പ്രകടനങ്ങൾ കണ്ടു വിലയിരുത്താൻ ഭാഗ്യം സിദ്ധിച്ച കാണികൾ.

പറഞ്ഞുവരുന്നത് രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും കാര്യമാണ്. കഴിഞ്ഞ ചില വർഷങ്ങളായി അന്താരാഷ്ട്ര നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ നേടുന്ന വിജയങ്ങളിൽ ഭൂരിഭാഗവും അവരുടെ ചിറകിലേറിയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗ്യതാരങ്ങളാവുകയാണ് ഇരുവരും. ഓസീസിനെതിരായ നിർണായക മത്സരത്തിലും നാം കണ്ടു അവരുടെ മികവ്.
ഓപ്പണറും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യൻ ടീമിലെ ടോപ് സ്‌കോററുമായിരുന്ന ശിഖർ ധവാന്റെ പരിക്ക് ടീമിനെ ഒട്ടും തന്നെ ബാധിക്കാതെ കാത്തത് ഇരുവരുടെയും ബാറ്റിങ്ങായിരുന്നു. ഓസീസ് ഉയർത്തിയ അത്ര മോശമല്ലാത്ത ലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് കെ. എൽ രാഹുലിനൊപ്പം രോഹിത് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്.

രാഹുൽ പുറത്തായതിനുശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലിയും രോഹിതും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. തന്റെ ഭാഗ്യമൈതാനമായ ചിന്നസ്വാമിയിൽ മറ്റൊരു സെഞ്ചുറികൂടി പൂർത്തിയാക്കിയ രോഹിത് കഴിഞ്ഞവർഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റണ്ണുകൾ നേടിയ തന്റെ മികവ് പുതുവർഷത്തിലും തുടർന്നു. ഓസ്ട്രേലിയൻ ബൗളർമാരെ, പ്രത്യേകിച്ച് അവരുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരായ മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ഒരു ദയയുമില്ലാതെയാണ് രോഹിതും കോഹ്ലിയും പ്രഹരിച്ചത്.

അർധസെഞ്ചുറി നേടിയ കോഹ്ലിയും മോശമാക്കിയില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ ചുരുങ്ങിയ സ്‌കോറിൽ പുറത്തായ കോഹ്ലി പക്ഷെ അടുത്ത രണ്ടു മത്സരങ്ങളിലും ഓസീസ് ബൗളിങ്ങിനുമേൽ സമ്പൂർണ ആധിപത്യം നേടി. നാലാമനായെത്തിയ ശ്രേയസ് അയ്യർക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയ വിരാട് ഇന്ത്യൻ വിജയം ഉറപ്പാക്കിയ ശേഷമാണ് കീഴടങ്ങിയത്.

ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സമീപകാലത്തെ ഏറ്റവും ദുർഘടമായ പര്യടനത്തിനായി ന്യൂസിലാൻഡിലേക്ക് പുറപ്പെടുമ്പോൾ ഇരുവരുടെയും പ്രകടനമാകും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുക. പരിക്കേറ്റ ശിഖർ ധവാൻ ഏകദിന, ടി ട്വൻറി ടീമിൽ ഇല്ലെന്നുറപ്പായ സ്ഥിതിക്ക് ഇന്ത്യൻ ബാറ്റിങ്ങിന്റെ മുഴുവൻ ഉത്തരവാദിത്തവും ഇരുവരുടെയും ചുമലിലാകും. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, രാഹുൽ തുടങ്ങിയവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റിങ്ങിന് ശക്തി പകരുമെങ്കിലും രോഹിതിന്റെയും കോഹ്ലിയുടെയും പരിചയസമ്പത്തുതന്നെയാകും ഇന്ത്യയെ നയിക്കുക. ന്യൂസിലാൻഡ് ബൗളർമാരെയും പിച്ചിനെയും കാലാവസ്ഥയെയും ഇരുവരും എങ്ങനെ അതിജീവിക്കുമെന്നതിനെ ആശ്രയിച്ചാകും ടൂർണമെന്റിലെ ഇന്ത്യയുടെ സാദ്ധ്യതകൾ.

Leave a comment