kaliyormmakal Top News

അയ്യാമ്മെ ഡോങ്കി [കളിയോർമ്മകൾ – 2]

January 21, 2020

author:

അയ്യാമ്മെ ഡോങ്കി [കളിയോർമ്മകൾ – 2]

അടി … തമരടിയ്ക്കണ കാലമായടീ തീയ്യാമ്മേ…..
കാശിന്റെ ക്ഷാമം തീർന്നെടീ തീയ്യാമ്മേ….
തമരടിയ്ക്കണ കാലമായടീ തീയ്യാമ്മേ ….
കാശിന്റെ ക്ഷാമം തീർന്നെടീ തീയ്യാമ്മേ…..

ഈ പാട്ടാവും, ഈ ലേഖനത്തിന്റെ തലക്കെട്ട് കണ്ടപ്പോൾ നിങ്ങൾക്ക് ഓർമ്മ വന്നിട്ടുണ്ടാവുക അല്ലേ ഇക്കാ?

എന്നാലേ …. ഞാൻ ഒരു സത്യം പറയട്ടെ. നമ്മുടെ ഈ “അയ്യാമ്മേ”യ്ക്ക് ആ “തീയ്യാമ്മേ”യും ആയി യാതൊരു ബന്ധവും ഇല്ല കേട്ടോ.

“ശ്ശേ … ഇതിപ്പം ആകെ കൺഫ്യൂഷൻ ആയല്ലോ ….”

“… എന്താണിപ്പം ഈ ‘അയ്യാമ്മെ’ … എന്നല്ലേ ?”

“ആ ..ആണ്ന്ന് …”

“… ങ്ങള് ബേജാറാവണ്ടന്നെ .. ഞാൻ ങ്ങട്ട് വിശദായി പറയാൻ പോണന്ന്…”

“ദേ ..മനുഷനെ  ഒരു മാതിരി മക്കാറാക്കാണ്ട് ഒന്നങ്ങു പറയ്ന്ന് ….”

“അതേ … ഞാൻ കഴിഞ്ഞ മാസം ഒരു ‘കളിയോർമ്മകൾ’ എഴുതിയത് ഓർമയുണ്ടോ … ങ്ങക്ക് ?”

“പിന്നില്ലാണ്ട് …? മ്മടെ ‘തലമ’ അല്ലെ ? അത് പെരുത്ത് അങ്ങിഷ്ടാവേം ചെയ്തല്ലോ…”

“അതന്നെ … ഒരുപാട് പേര് അതന്നെ പറഞ്ഞു … ബാക്കി ഭാഗം പെട്ടെന്ന് എഴുതാനും പറഞ്ഞു….”

“അതിപ്പം നല്ലല്ലേ ..?”

“അതേ.. നല്ലതന്നെ … പക്ഷെ പേപ്പറും പേനേം പിടിച്ച്, കുത്തീർന്നിട്ട് രണ്ടാം ഭാഗം ഒന്നും കിട്ടണില്ലായിരുന്നൂന്നെ…. ”

“ശ്ശേ …. അതിപ്പം എടങ്ങേറായല്ലോ …”

” ഇല്ലിക്കാ ….അപ്പളാണ് ദേ നമ്മടെ ഈ ‘അയ്യാമ്മെ’ വന്നു പറയുന്നേ … ആഹാ ഞാൻ ഇവിടെ ഉള്ളപ്പോൾ നീ എന്തിനാ ഇങ്ങനെ പെരുത്ത് വെഷമിയ്ക്കണെന്ന് …”

“ആ … അത് കൊള്ളാലോ …”

“ആണിക്ക .. എന്നാ പിന്നെ, നമ്മടെ ‘അയ്യാമ്മ’ തന്നാവട്ടെ രണ്ടാം ഭാഗം എന്നങ്ങു വച്ച്…”

“അതിഷ്ടായി … … പെരുത്തിഷ്ടായി…. അങ്ങട് വച്ചു കാച്ചിയ്‌ക്കോ ….ങ്ങള് … ഓനും.. മ്മണി സന്തോഷാട്ടെന്ന് ….”

***********

പ്രിയരേ,

കളിയോർമ്മകളുടെ രണ്ടാം ഭാഗത്തിലേയ്ക്ക് സുസ്വാഗതം.

[ആദ്യഭാഗമായ ‘തലമ’യ്ക്ക് ലഭിച്ച വളരെ വലിയ സ്വീകാര്യതയാണ്, പെട്ടെന്നു തന്നെ പംക്തിയുടെ രണ്ടാം ഭാഗത്തേയ്ക്ക് കടക്കാൻ എന്നെ പ്രേരിപ്പിച്ചത്. എല്ലാ പ്രോത്സാഹനങ്ങൾക്കും വളരെയധികം നന്ദി. ആദ്യഭാഗം ഇനിയും വായിയ്ക്കാത്തവർക്കു വേണ്ടി, ലിങ്ക് താഴെ കൊടുക്കുന്നു.]

http://binumonippally.blogspot.com/2019/10/blog-post_31.html

അയ്യാമ്മെ ഡോങ്കി

ഇത്തവണ നമ്മൾ പരിചയപ്പെടുന്നത്, തനി നാടൻ ആയ ഒരു കായിക വിനോദത്തെയാണ്.

അതെ, അധികവും കോട്ടയം ജില്ലയുടെ നാട്ടുപ്രദേശങ്ങളിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ആ “അയ്യാമ്മെ ഡോങ്കി”യെ.

കളിസ്ഥലം:
കുട്ടികൾ മിക്കവാറും വിശാലമായ വീട്ടുമുറ്റങ്ങളിലാണ് ഇതു കളിച്ചിരുന്നത്.
വലിയവർ ആണെങ്കിൽ (ആണുങ്ങൾ) നാൽക്കവലകളിൽ, അതും വൈകുന്നേരങ്ങളിൽ.

കളിക്കാർ:
ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ കളിച്ചിരുന്നു ഇത്. സാധാരണയായി, അഞ്ചു പേരാണ് ഒരു സമയം ഇതിൽ പങ്കെടുക്കുക.

കളിസാധനങ്ങൾ:
ആകെ വേണ്ട കളിസാധനം, സാമാന്യം വലിപ്പമുള്ള (ഏകദേശം, ഒരു ചെറുനാരങ്ങയുടെയത്ര) നാല് കല്ലുകൾ മാത്രം.

കളി തുടങ്ങാം:
ആദ്യം തന്നെ മുറ്റത്ത്, പറ്റുന്നത്ര വലുപ്പത്തിൽ ഒരു സമചതുരം വരയ്ക്കുന്നു. അന്നൊക്കെ മിക്കവാറും മണൽ വിരിച്ച മുറ്റങ്ങൾ ആണ് സാധാരണ ഉണ്ടാവുക.

അതുകൊണ്ടു  തന്നെ, മിക്കവാറും കളിക്കാരിൽ ഒരാൾ തന്റെ കാൽപ്പാദം ഉപയോഗിച്ചാവും ഈ ചതുരം വരയ്ക്കുക. ഇനി മുറ്റം മണ്ണ് ആണെങ്കിൽ, ഒരു മരക്കമ്പു കൊണ്ടാകും വരയ്ക്കുക. അന്നൊക്കെ വളരെ അപൂർവമായിരുന്ന സിമന്റിട്ട മുറ്റം ആണെങ്കിലോ? അപ്പോൾ, തൊടിയിൽ നിന്ന് കണ്ടെടുത്ത ഒരു കളർകല്ലു കൊണ്ടാകും വരയ്ക്കുന്നത്.

 

ചിത്രത്തിൽ കാണുമ്പോലെ സമചതുരം വരച്ചാൽ, പിന്നെ അതിനെ നാലായി ഭാഗിയ്ക്കുന്നു. നടുവിൽ ഒരു വൃത്തം വരയ്ക്കുന്നു.

ഈ വൃത്തം വരയ്ക്കുന്നതിനുമുണ്ട് ചില പ്രത്യേകതകൾ. അത് എങ്ങിനെയാണ് എന്നറിയാമോ ?

ഒരാൾ കാലിന്റെ ഉപ്പൂറ്റി, വരയ്ക്കേണ്ട സ്ഥാനത്ത് (അതായത്  സെന്റർപോയിന്റിൽ) ഊന്നി, പിന്നെ പെരുവിരലിന്റെ അഗ്രഭാഗം മാത്രം മണ്ണിൽ കുത്തി, ശേഷം അതേ രീതിയിൽ ഒന്ന്, 360 ഡിഗ്രി കറങ്ങി വരും. അപ്പോൾ കൃത്യമായ ഒരു വൃത്തം റെഡി. അതിൽ നാല് കല്ലുകളും വയ്ക്കുന്നു.

ഇനി, ‘പാസ്’ അടിയ്ക്കുന്ന ആളിനെ തീരുമാനിയ്ക്കാനുള്ള സമയം ആണ്. അഞ്ചുപേരിൽ ആരെങ്കിലും ഒരാൾ സ്വമനസ്സാലെ അതിനു തയ്യാറായില്ലെങ്കിൽ, പിന്നെ ഒരു ശീമക്കൊന്ന ഇലയുടെ കഷ്ണം എടുത്ത് ടോസ് ഇട്ട് ആളെ അങ്ങു തീരുമാനിയ്ക്കും.

ബാക്കിയുള്ള നാലുപേരും, ചതുരങ്ങളുടെ ഓരോ മൂലയിൽ [A,B,C,D] ആയി നിലയുറപ്പിയ്ക്കുന്നു. പാസടിയ്ക്കുന്ന ആൾ ചിത്രത്തിൽ കാണിച്ചിരിയ്ക്കുന്ന ‘പാസിംഗ് പാത’ വഴി പതുക്കെ കൈകൾ തമ്മിൽ കൊട്ടിക്കൊണ്ട് ഓടുന്നു. EP1ൽ നിന്നും തുടങ്ങി EP2/EP3/EP4 ൽ എത്തി വീണ്ടും  EP1 ൽ തിരിച്ചെത്തുമ്പോൾ, അയാൾ ഉറക്കെ വിളിച്ചു പറയും “ഒകെ ….പാസ്സടിച്ചു”.

പാസ്സടിച്ചു കഴിഞ്ഞാൽ പിന്നെ അയാൾക്ക് പാസിംഗ് പാത വഴി ഏതു അറ്റത്തേയ്ക്കും (EP2/EP3/EP4) പോകാം, മുന്നോട്ടോ പുറകോട്ടു പോകാം, ഇടയ്ക്കു വച്ച് തിരിച്ചു പോകണമെങ്കിൽ അതും ആകാം. കൈകൾ തമ്മിൽ കൊട്ടേണ്ടതും ഇല്ല. ഒറ്റ നിബന്ധന മാത്രമേ ഉള്ളൂ, നിശ്ചലനായി എവിടെയും നില്ക്കാൻ പാടില്ല.

ശേഷം, നാല് കളിക്കാരുടെ ഊഴമാണ്. അവർ ഓരോരുത്തരും നടുവിലെ വൃത്തത്തിൽ നിന്നും ഓരോ കല്ലുകൾ എടുക്കണം.

ഓ… അതിനെന്താ? അത് സിമ്പിൾ അല്ലെ ?

എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിയ്ക്കുന്നത്…. അല്ലെ?

എന്നാൽ, അത് സിമ്പിൾ അല്ലേയല്ല.

കാരണം, അങ്ങിനെ ശ്രമിയ്ക്കുന്ന സമയത്തൊക്കെ നമ്മുടെ പാസ്സടിക്കാരൻ ആ വരകളിലൂടെ നിർത്താതെ ഓടിക്കൊണ്ടിരിയ്ക്കുകയാവും. കല്ലെടുക്കാനുള്ള ശ്രമത്തിനിടയിൽ ഏതെങ്കിലും കളിക്കാരനെ അയാൾ തൊട്ടാൽ, അതോടെ പിന്നെ ആ കളിക്കാരൻ ആകും പാസടിയ്ക്കേണ്ടത്. അതുവരെ ഉണ്ടായിരുന്ന പാസ്സടിക്കാരൻ ആകട്ടെ, ആ കളിക്കാരന്റെ മൂലയിലെ പുതിയ ആൾ ആകും.

എടുക്കാനുള്ള ശ്രമത്തിനിടയിൽ കല്ലുകൾ ആ ചെറിയ വൃത്തത്തിനു പുറത്തേയ്ക്കു തെറിച്ചു പോയാലും, അതോടെ ആ കളിക്കാരൻ പാസ്സടിക്കാരൻ ആകും.

എടുക്കുമ്പോൾ, ഒരാൾക്ക് ഒന്നിൽ കൂടുതൽ കല്ലുകൾ വേണമെങ്കിൽ എടുക്കാം. പക്ഷെ അങ്ങിനെ എടുത്താൽ, ഒരെണ്ണം ഒഴികെ ബാക്കിയുള്ള കല്ലുകൾ എല്ലാം ആ കളിക്കാരൻ, കല്ല് കിട്ടാത്ത മറ്റു കളിക്കാരന്/കളിക്കാർക്ക് ഓരോന്നായി എറിഞ്ഞു കൊടുക്കണം. എറിയുന്ന കല്ല് പാസ്സടിക്കാരൻ  തട്ടിത്തെറിപ്പിച്ചാലോ?  എറിഞ്ഞ കളിക്കാരൻ പിന്നെ പാസടിയ്ക്കണം.

ഇനി, എറിഞ്ഞ കല്ല് മറ്റേ കളിക്കാരനു പിടിയ്ക്കാൻ പറ്റാതെ, അയാളുടെ കയ്യിലോ, ദേഹത്തോ തട്ടി താഴെ വീണാൽ, ആ കളിക്കാരൻ പാസ്സടിക്കാരൻ ആകണം.

അങ്ങിനെ, നാല് കളിക്കാരുടെയും  കയ്യിൽ ഓരോ കല്ല് വീതം വന്നു എന്ന് കരുതുക.

കളി അവിടെ തീരില്ല.

നാല് കളിക്കാരും കൂടെ, ഏതെങ്കിലും ഒരൊറ്റ മൂലയിൽ എത്തിച്ചേരണം.  കളം മാറുന്നതിനിടയിൽ, പാസ്സടിക്കാരൻ ഏതെങ്കിലും കളിക്കാരനെ തൊട്ടാൽ, പിന്നെ നേരത്തെ പറഞ്ഞതു പോലെ ആ കളിക്കാരൻ വേണം  പാസ്സടിയ്ക്കാൻ.

ഈ പറഞ്ഞ പ്രതിബന്ധങ്ങൾ എല്ലാം തരണം ചെയ്ത്, നാല് കളിക്കാരും പാസ്സടിക്കാരൻ തൊടാതെ, ഒരൊറ്റ കളത്തിൽ എത്തിച്ചേർന്നാൽ, അപ്പോൾ നമ്മുടെ പാവം പാസ്സടിക്കാരൻ ഉറക്കെ വിളിച്ചു പറയണം “അയ്യാമ്മെ ഡോങ്കി…..”.

അത് കേൾക്കുന്നതും, ബാക്കി കളിക്കാരും, കാണികളും എല്ലാവരും കൂടെ ഉച്ചത്തിൽ കൂവിയാർക്കും.

ഈ കൂവൽ കേട്ടു നിൽക്കുന്ന പാസ്സടിക്കാരന്റെ മുഖം ഒന്നു കാണേണ്ടതു  തന്നെയാണ് കേട്ടോ. ഈ ചീട്ടുകളിയിൽ തോറ്റു തുന്നംപാടി, ചെവിയിൽ മച്ചിങ്ങക്കുണുക്കും ഇട്ട് ഇരിയ്ക്കുന്ന കളിക്കാരനെ കണ്ടിട്ടില്ലേ? അതിലും പരമ ദയനീയം……

ആ കൂവലോടെ, ഒരു കളി തീരും.

പിന്നെ, മറ്റൊരാൾ പാസ്സടിച്ച്, കളി ആദ്യം മുതൽ വീണ്ടും തുടങ്ങാം.

****

എങ്ങിനെയുണ്ട് ഈ കളി? രസകരമായി തോന്നുന്നുണ്ടോ?

എന്നാൽ പിന്നെ, നാല് കല്ലുകളും പെറുക്കി ഒന്ന് ശ്രമിച്ചു നോക്കിയാലോ? ചുമ്മാ  ഒരു രസത്തിന്….. ക്രിക്കറ്റീന്നും, പബ്‌ജിന്നും ഒക്കെ ഉള്ള ഒരു ക്ഷണനേര തിരിച്ചു പോക്ക് ….. എന്താ? നിങ്ങൾ ഓക്കെ അല്ലേ? ഞാൻ എപ്പോളേ ഓക്കേ….

***


രസകരമായ ചില കളിയോർമ്മകൾ:

പണ്ട് ഞങ്ങളുടെ നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായിരുന്നു ഈ കളി,  എങ്കിലും, ഇന്ന് ആ ഓർമകളിൽ പലതും വിസ്മൃതിയുടെ അകത്തളങ്ങളിൽ എവിടെയൊക്കെയോ മറഞ്ഞു പോയിരിയ്ക്കുന്നു. ഓർക്കുന്ന ഒന്നുരണ്ടെണ്ണം മാത്രം നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നു.

ഒന്ന്:
ഒരിക്കൽ, ഓണമോ വിഷുവോ അങ്ങിനെ ഏതോ ഒരു ആഘോഷത്തോടനുബന്ധിച്ച് നാട്ടിൽ ഈ കളി നടക്കുകയാണ്. സമയം പോകുംതോറും വാശി കൂടിക്കൂടി വരുന്നു. കോർട്ടിന് ചുറ്റും നിൽക്കുന്ന കാണികൾ ആർത്തു വിളിച്ചു തുടങ്ങി. കാരണം, മൂന്നു കളിക്കാരും കല്ലെടുത്തു കഴിഞ്ഞു. ഇനി ഒരാൾ മാത്രം ബാക്കി. കല്ല് കയ്യിൽ ഉള്ള ഒരു കളിക്കാരൻ അത് നാലാമന് എറിഞ്ഞു കൊടുത്തതും, പാസ്സടിക്കാരൻ സർവ്വശക്തിയുമെടുത്ത് അത് തട്ടിയെറിഞ്ഞതും ഒരുമിച്ചു കഴിഞ്ഞു.

ആ കല്ല് ചെന്നു കൊണ്ടതാവട്ടെ, കാണികളുടെ ഇടയിൽ നിന്നും തകർത്തു കൂവിക്കൊണ്ടിരുന്ന പാവം വർക്കിച്ചേട്ടന്റെ തിരുനെറ്റിയ്ക്കും. ദാ കിടക്കുന്നു ആള് പൊത്തോന്ന് താഴെ. നെറ്റിയിൽ ആണെങ്കിൽ നാരങ്ങാ വലുപ്പത്തിൽ ഒരു മുഴയും. ആളാണെങ്കിൽ ബോധം ഇല്ലാത്തതു പോലെ ഒരൊറ്റ കിടപ്പ്. പച്ചവെള്ളം ഒക്കെക്കൂട്ടി നെറ്റി തിരുമ്മി നോക്കിയിട്ടും വലിയ രക്ഷയില്ല. എന്നാലിനി ആശുപത്രിയിൽ കൊണ്ടുപോയേക്കാം, എന്നായി നാട്ടുകാരിൽ ചിലർ. അപ്പോളാണ് ഞങ്ങടെ തങ്കപ്പചേട്ടൻ പറഞ്ഞത്. “അതൊന്നും വേണ്ട ഞാനിപ്പ വരാം….”. പുള്ളിക്കാരൻ നേരെ പോയി അടുത്തുള്ള ഷാപ്പിൽ നിന്നും ഒരു കുപ്പി പനങ്കള്ള് കൊണ്ടു വന്നു. കുപ്പിയുടെ  വായ ഒന്ന് മണപ്പിച്ചപ്പോൾ, ദേ അത്ഭുതം…. ബോധം കെട്ട നമ്മുടെ വർക്കിച്ചേട്ടൻ തനിയെ വായ തുറക്കുന്നു.

അപ്പോൾ മാത്രമാണ് പാവം സംഘാടകർക്ക്‌ ശ്വാസം നേരെ വീണത്, എന്ന് പറഞ്ഞാൽ മതിയല്ലോ.

പക്ഷേ, ഈ ഒരു സംഭവത്തോടെ, അന്നു മുതൽ കുറെയേറെ കാലം  ഈ കളിയിൽ പിന്നെ കല്ലിനു പകരം ‘മച്ചിങ്ങ’* ആയിരുന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നത്.

രണ്ട്:
അന്ന്, നാട്ടിൽ എവിടെയൊക്കെ  ‘അയ്യാമ്മെ ഡോങ്കി’ നടന്നാലും അവിടെയൊക്കെ ഓടിവന്നു പങ്കെടുക്കുന്ന ഒരാൾ ഉണ്ടായിരുന്നു. ഞങ്ങടെ സ്വന്തം തൊമ്മിച്ചേട്ടൻ. പാവം, പക്ഷേ എവിടെ പങ്കെടുത്താലും ശരി, പുള്ളിക്കാരനാകും അവസാനം ഡോങ്കി ആകുന്നത്. അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോൾ, നാട്ടിൽ ഈ കളിയുടെ പേരേ അങ്ങ് മാറി, ‘അയ്യാമ്മെ തൊമ്മി’ എന്നായി.

പിന്നെ, പാവം തൊമ്മിച്ചേട്ടന്റെ ‘സ്പോർട്സ്മാൻ സ്പിരിറ്റ്’ ഓർത്തും, ആള് കേൾക്കെ ആ പേര് പറഞ്ഞാൽ ഉറപ്പായും തിരിച്ചു കേട്ടിരുന്ന ആ നാടൻ തെറിവിളി (നാട്ടുഭാഷയിൽ പറഞ്ഞാൽ ‘പുളിച്ച തെറി’) കണക്കിലെടുത്തും, ആ പഴയ പേരിലേക്ക് തന്നെ വേഗം തിരികെ എത്തി ഞങ്ങൾ നാട്ടുകാർ. ഓ …എന്നാത്തിനാന്നെ ചുമ്മാ നമ്മൾ ആ പാവത്തിനെ ദ്രോഹിയ്ക്കുന്നെ….? അല്ലേ?

“കളിയോർമ്മകളുടെ” ഈ രണ്ടാം ഭാഗം നിങ്ങൾക്കിഷ്ടമായി എങ്കിൽ തീർച്ചയായും അറിയിയ്ക്കുക. അങ്ങിനെയെങ്കിൽ, മറ്റൊരു കളിയുടെ വിശേഷങ്ങളുമായി അടുത്ത തവണ, വീണ്ടും കാണാം .

സ്നേഹത്തോടെ,

– ബിനു മോനിപ്പള്ളി
Leave a comment