Cricket Editorial Epic matches and incidents Top News

മറക്കാനാകുമോ ആ മനോഹരവിജയം

December 28, 2019

author:

മറക്കാനാകുമോ ആ മനോഹരവിജയം

ഒരു ക്രിക്കറ്റ്‌ ആരാധകനെന്ന നിലയിൽ ആ പന്തു ബൗണ്ടറി ലൈൻ കടക്കുമ്പോൾ അനുഭവിച്ചതിലേറെ ആനന്ദം തൊണ്ണൂറുകളിലെ ക്രിക്കറ്റ്‌ ആരാധകർ പിന്നീടൊരിക്കലുക്മനുഭവിച്ചിട്ടുണ്ടാകില്ല.

അത്രയേറെ മനോഹരമായിരുന്നു ആ ഷോട്ട്. അതിനു പിന്നിലെ ഫൂട് വർക്കോ ബാറ്റ് ചലിപ്പിച്ച വേഗതയോ ആയിരുന്നില്ല, ഹൃഷികേശ് കനിത്കർ എന്ന് മധ്യനിരബാറ്റസ്‌മാന്റെ ബാറ്റിൽ നിന്നും കുതിച്ച ആ പന്തിനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ അവരെ പ്രേരിപ്പിച്ചത്. ഏതു കളി തോറ്റാലും പാകിസ്ഥാനികൾക്കെതിരെ ഒരു മത്സരം പോലും പരാജയം രുചിക്കരുത് എന്നു മനസ്സിൽ അടിയുറച്ച ചിന്തയാവാം, അല്ലെങ്കിൽ 314 എന്ന അക്കാലത്തെ ഒരിക്കലും പ്രാപ്യമല്ലാത്ത ലക്ഷ്യം അത്രയേറെ അരികിലെത്തിയശേഷം നഷ്ടമാകരുതെന്ന വാശിയാകാം. എന്തായാലും ലക്ഷ്യപൂർത്തീകരണം സാധ്യമാക്കിയ ഹൃഷികേശ് കനിത്കർ എന്ന ഇടംകൈയൻ ബാറ്റ്സ്മാനും ആ ബൗണ്ടറിയും വർഷമിത്ര കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.

മനസ്സിലെ കലണ്ടറിൻറെ താളുകൾ പിറകിലേക്കു മറിക്കുമ്പോൾ ഇന്നും ആ മത്സരത്തിന്റെ ഓർമകൾ അതേ മിഴിവോടെ നിറയുന്നുണ്ട്. ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽ ജനുവരി പതിനെട്ടാം തീയതി നടന്ന ഇൻഡിപെൻഡൻസ് കപ്പിന്റെ മൂന്നാം ഫൈനലിലെ ഓരോ നിമിഷവും അത്രയേറെ ആവേശം നിറയ്ക്കുന്നതായിരുന്നു. ആതിഥേയരായ ബംഗ്ലാദേശുകൂടി മാറ്റുരച്ച ടൂർണമെന്റിൽ പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തി. ഗ്രൂപ്പ് മത്സരങ്ങളെപ്പോലെതന്നെ മൂന്നു മത്സരങ്ങളായിരുന്നു ഫൈനലിനും ഉണ്ടായിരുന്നത്. സച്ചിൻ ടെണ്ടുൽക്കർ എന്ന കുറിയ മനുഷ്യൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും ആദ്യഫൈനൽ തന്റേതാക്കി മാറ്റിയപ്പോൾ ബൌളിംഗ് മികവിൽ രണ്ടാം ഫൈനൽ സ്വന്തമാക്കിയ പാക് പട ഒപ്പമെത്തി.

നിർണായകമായ മൂന്നാം ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയച്ചു. പക്ഷേ ആ തീരുമാനം തെറ്റാണോയെന്നു തോന്നിപ്പിക്കുന്നതായിരുന്നു പാക് ഇന്നിംഗ്സ്. ബൗളർമാരുടെ പേടിസ്വപ്നമായിരുന്ന ഷാഹിദ് അഫ്രിദിയെ പെട്ടന്നുതന്നെ പുറത്താക്കാൻ സാധിച്ചെങ്കിലും പിന്നീട് ഇന്ത്യൻ ബൗളർമാർക്ക് അടിതെറ്റി. പതിനൊന്നാം ഓവറിൽ അമീർ സൊഹൈലിന്റെ രൂപത്തിൽ രണ്ടാം വിക്കറ്റ് വീണശേഷം എന്നും ഇന്ത്യൻ ബൗളർമാരുടെ അന്തകനായിരുന്ന സയീദ് അൻവറും ഇജാസ് അഹമ്മദും ചേർന്ന കളിയുടെ നിയന്ത്രണമേറ്റെടുത്തു. നാല്പത്തിയേഴാം ഓവറിലാണ് പിന്നീടൊരു പാക് വിക്കറ്റ് വീഴ്ത്താൻ ഇന്ത്യക്കായത്. അതിനുള്ളിൽത്തന്നെ ഇന്ത്യൻ ബൗളർമാരുടെ ആത്മവിശ്വാസം പൂർണമായും തകർക്കാൻ സെഞ്ചുറികൾ നേടിയ അൻവറിനും ഇജാസിനും കഴിഞ്ഞിരുന്നു ഒടുവിൽ നാല്പത്തിയെട്ട് ഓവറുകളായി വെട്ടിച്ചുരുക്കപ്പെട്ട മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ പാകിസ്ഥാൻ നേടിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് എന്ന സ്കോർ അക്കാലത്ത അപ്രാപ്യമായ ഒന്നായിരുന്നു.

പാകിസ്ഥാൻ വിജയം എത്ര റണ്ണിനാകും?

അതു മാത്രമായിരുന്നു മത്സരം വീക്ഷിച്ചവരുടെ ഏക സംശയം. കാരണം 315 റണ്ണുകൾ എന്ന് ലക്ഷ്യം അതിനുമുന്ന്നെ ഒരിക്കലും ഏകദിന ക്രിക്കറ്റിൽ ഭേദിക്കപ്പെട്ടിരുന്നില്ല. ആ ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു പാകിസ്ഥാൻ ടീം ഫീൽഡിലിറങ്ങിയതും.

ആത്മവിശ്വാസം നഷ്ടമായ ഇന്ത്യൻ ടീമിന് ലക്ഷ്യബോധം നൽകാൻ ഒരു തീപ്പൊരി ആവശ്യമായിരുന്നു. അതു പകർന്നു നൽകിയത് സച്ചിൻ രമേശ്‌ ടെണ്ടുൽക്കറായിരുന്നു. ആദ്യ ഓവറുകൾ അതിജീവിച്ച സച്ചിൻ പിന്നീടു കൊടുങ്കാറ്റായപ്പോൾ ഇന്ത്യൻ സ്കോർ എട്ടോവറുകളിൽ എഴുപതു കടന്നു. വെറും 26 പന്തുകളിൽ നിന്നും സച്ചിൻ നേടിയ 41 റണ്ണുകൾ സ്കോർബോർഡിൽ അത്ര വലുതല്ലായിരിക്കാം. പക്ഷേ ഈ ലക്ഷ്യം മറികടക്കാവുന്നതാണ് എന്ന ചിന്ത ഓരോ ഇന്ത്യൻ ബാറ്റസ്മാനിലും പകരാൻ ആ നാൽപത്തിയൊന്നു റണ്ണുകൾക്കു സാധിച്ചു.

മൂന്നാം നമ്പരിൽ റോബിൻ സിങ് എന്ന തമിഴ്‌നാടുകാരൻ ബാറ്റിങ്ങിനിറങ്ങുമ്പോൾ ഒരുപക്ഷെ ആരാധകർ അതിശയത്തോടെ നോക്കിയിരിക്കാം. എന്തായിരിക്കാം മൊഹമ്മദ്‌ അസറുദ്ദീൻ എന്ന ഇന്ത്യൻ നായകൻ ഉദ്ദേശിച്ചത്?. സച്ചിൻ തുടങ്ങിവെച്ച ആ മികച്ച റൺ റേറ്റ് തുടരുന്നതിനേക്കാൾ ഇന്നിംഗ്സ് ബിൽഡ് ചെയ്യുകയായിരുന്നില്ലേ ചെയ്യേണ്ടത്?. സിദ്ധു, ജഡേജ എന്നിവർക്കും തനിക്കു മുന്നേയും റോബിൻ സിംഗിനെ എന്തിനാകും അയാൾ ക്രീസിലേക്കയച്ചത്?. അതും മറ്റൊരു ഇടം കയ്യൻ ബാറ്റ്സ്മാനായ ഗാംഗുലി ക്രീസിൽ നിൽകുമ്പോൾ.

പക്ഷേ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഇന്ത്യൻ ആരാധകർക്കു വളരെവേഗം ലഭിച്ചു തുടങ്ങിയിരുന്നു. ബാറ്റ്സ്മാൻ എന്നതിനെക്കാൾ ടീമിലെ ഏറ്റവും മികച്ച റണ്ണറാണ് റോബിൻ എന്നതായിരുന്നു അസ്ഹർ അയാളിൽ കണ്ട ഗുണം. പാകിസ്താന്റെ എക്കാലത്തെയും ദൗർബല്യമായ ഫീൽഡിങ്ങിനെ മുതലെടുക്കുക, അതിലൂടെ പാക് ക്യാമ്പിൽ സമ്മർദ്ദം പടർത്തുക. അതായിരുന്നു ആ പ്രൊമോഷനിലൂടെ അസ്ഹർ ലക്ഷ്യമിട്ടത്.

മഹേന്ദ്രസിംഗ് ധോണി, സൗരവ് ഗാംഗുലി എന്നിവർക്കു പിന്നിലായാകും മൊഹമ്മദ്‌ അസ്ഹറുദീൻ എന്ന ഹൈദരാബാദുകാരനിലെ നായകനെ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ വിലയിരുത്തുക. പക്ഷേ പലപ്പോഴും ശരാശരിക്കു താഴെ മാത്രം നിന്നിരുന്ന, വ്യക്തിഗത പ്രകടനങ്ങൾ ടീമിന്റെ വിജയത്തെ വളരെയധികം സ്വാധീനിച്ചിരുന്ന ഒരു ടീമിനെ അയാൾ വളരെ നന്നായി നയിച്ചിരുന്നു. വിശാഖപട്ടണത്തിൽ ധോനിയെ മൂന്നാം നമ്പറിലിറക്കിയ ഗാംഗുലിയെയും 2011 ലോകകപ്പ് ഫൈനലിൽ സ്വയം മൂന്നാമതിറങ്ങിയ ധോണിയേയും വാനോളം പുകഴ്ത്തുന്ന ആരാധകർ അസ്ഹറിന്റെ ഈ തീരുമാനത്തെ മനഃപൂർവം മറന്നുപോയിരിക്കുന്നു. ടീമിന്റെ നിലവാരം കൂടി കണക്കിലെടുത്താൽ ഒരു പക്ഷേ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരുടെ നിരയിൽ ഒന്നാമതാകും മൊഹമ്മദ്‌ അസ്ഹറുദ്ദീന്റെ സ്ഥാനം.

പങ്കാളിയെ നഷ്ടമായെങ്കിലും മറുവശത്തു സൗരവ് ഗാംഗുലി മികച്ച ഫോമിലായിരുന്നു. ടോപ് ഗിയറിലേക്കു പ്രവേശിച്ച കൊൽക്കൊത്തയുടെ രാജകുമാരൻ തന്റെ ട്രേഡ് മാർക് ഷോട്ടുകളിലൂടെ അഫ്രിദിയെയും സഖ്ലൈനെയും തുടർച്ചായി ബൗണ്ടറികൾ കടത്തിക്കൊണ്ടേയിരുന്നു. പതിമൂന്നാം ഓവറിൽ സഖ്‌ലൈനെതിരെ ലോങ്ങ്‌ ഓണിലൂടെ നേടിയ സിക്സ് തന്റെ കരിയറിലുടനീളം സ്പിൻ ബൗളിങ്ങിനെതിരെ ഗാംഗുലി എത്രമാത്രം ആധിപത്യം പുലർത്തിയിരുന്നുവെന്നതിന്റെ തെളിവാണ്. മറുവശത്തു റഷീദ് ലത്തീഫ് പാഴാക്കിയ സ്റ്റമ്പിങ് ചാൻസ് അതിജീവിച്ച റോബിനും വേഗം താളം കണ്ടെത്തിയതോടെ പാക് ബൗളർമാർ പ്രതിരോധത്തിലായി. അവ സൃഷ്‌ടിച്ച സമ്മർദ്ദം ഫീൽഡർമാരെയും ഗ്രസിച്ചതോടെ പാക് ടീം മൈതാനത്തിലൂടെ ഉഴറിനടക്കുന്ന ഒരുകൂട്ടമാളുകൾ മാത്രമായി. ഫീൽഡിങ് പിഴവുകൾ തുടർക്കഥയായി. മുപ്പതോവർ പൂർത്തിയാകുന്നതിനു മുന്നേ ഇന്ത്യൻ സ്കോർ ഇരുനൂറു കടന്നു. മുപ്പത്തിനാലാം ഓവറിൽ റോബിൻ സിംഗ് പവലിയനിലേക്കു മടങ്ങുന്നതിനു മുന്നേ ഇന്ത്യൻ ക്യാമ്പ്‌ വിജയത്തെപ്പറ്റി മാത്രം ചിന്തിക്കാൻ തുടങ്ങിയിരുന്നു.

പക്ഷേ ഗ്രൗണ്ടിലെ വെളിച്ചം മങ്ങുവാൻ തുടങ്ങിയിരുന്നു. ശക്തമായ ഒരു റൺ ഔട്ട്‌ ചാൻസിനെ അതിജീവിച്ചാണ് നാലാമനായിറങ്ങിയ അസ്ഹർ ബാറ്റിങ് തുടങ്ങിയത്. ഒരിക്കലും ആത്മവിശ്വാസം പ്രകടിപ്പിക്കാതിരുന്ന അസ്ഹറിനു പിന്നാലെ ജഡേജയും വേഗത്തിൽ പുറത്തായതോടെ ഡക്വർത് ലൂയിസ് നിയമം മത്സരം പാകിസ്ഥാനു സമ്മാനിക്കുമെന്നു തോന്നി. പക്ഷേ തളർന്നു തുടങ്ങിയ ഗാംഗുലിയുടെ റണ്ണറായി ക്രീസിൽ നിന്ന അസ്ഹർ മത്സരം തുടരാൻ അമ്പയർമാരെ നിർബന്ധിച്ചു. അതിനിടെ അക്വിബ് ജാവേദിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച ഗാംഗുലിയും പിന്നാലെ സിദ്ധുവും പുറത്തായതോടെ വെളിച്ചത്തിനൊപ്പം ഇന്ത്യയുടെ വിജയപ്രതീക്ഷകളും മങ്ങാൻ തുടങ്ങി.

ഗാലറിയിൽ നിറഞ്ഞ ആരവങ്ങൾ സൃഷ്‌ടിച്ച സമ്മർദ്ദത്തേക്കാൾ ക്രീസിൽ നിന്ന കനിത്കറും മോൻഗിയയും അതിജീവിക്കാൻ പ്രയാസപ്പെട്ടത് വെളിച്ചക്കുറവിനെയായിരുന്നു. പല പന്തുകളും കാണുവാൻ തന്നെ അവർ പ്രയാസപ്പെട്ടു. നാല്പത്തിയേഴാം ഓവറിലെ അവസാന പന്തിൽ ബൈ റണ്ണിനായോടിയ മോൻഗിയ റണ്ണൗട്ടായപ്പോൾ ഹർവീന്ദറും ആദ്യമത്സരം കളിക്കുന്ന സാങ്‌വിയും മാത്രം പവലിയനിൽ ബാക്കിനിൽക്കേ അവസാന ഓവറിൽ ഒൻപതു റണ്ണുകളായി ഇന്ത്യൻ വിജയലക്ഷ്യം ചുരുങ്ങി.

വാലറ്റക്കാരനായ ജവഗൽ ശ്രീനാഥും താരതമ്യേന പുതുമുഖമായ കനിത്കറും ചേർന്നു സഖ്‌ലൈൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്നു പന്തുകളിൽ നിന്നും നാലു റണ്ണുകൾ നേടിയെടുത്തതോടെ മൂന്നു പന്തുകളിൽ നിന്നും അഞ്ചു റണ്ണുകളായി ഇന്ത്യൻ ലക്ഷ്യം. അവിടെയായിരുന്നു മത്സരത്തിലെ അവസാനത്തെ വഴിത്തിരിവു സംഭവിച്ചത്. ശ്രീനാഥിന്റെ ബാറ്റിൽനിന്നും മിഡ് ഓണിലേക്കുയർന്ന പന്ത് മൂന്നു ഫീൽഡർമാർക്കിടയിൽ സുരക്ഷിതമായി നിലം തൊടുന്നതുവരെയും മുഴുവൻ ഇന്ത്യൻ ആരാധകരുടെയും ശ്വാസം നിലച്ചുപോയിരിക്കണം.

തൊട്ടടുത്ത പന്തിലായിരുന്നു ഋഷികേശ് കനിത്കർ എന്ന കളിക്കാരന്റെ ജീവിതത്തിലെ എറ്റവും മികച്ച ഷോട്ട് അയാളുടെ ബാറ്റിൽനിന്നുമുതിർന്നത്. മിഡ് വിക്കറ്റ് ബൗണ്ടറിയിലൂടെ ആ പന്തു കുതിച്ചപ്പോൾ പൊട്ടിത്തെറിച്ച ഗാലറിയുടെ ശബ്ദം ടെലിവിഷൻ കമന്ററികളെപ്പോലും നിശബ്ദമാക്കി. സൗരവ് ഗാംഗുലി, റോബിൻ സിങ് എന്നിവർക്കൊപ്പം ഹൃഷികേശ് കനിത്കർ എന്ന പേരും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നിൽ എഴുതിച്ചേർക്കപ്പെട്ടു .

അതിനു ശേഷവും ഒരുപാടു മത്സരങ്ങൾ നടന്നു. ഇതിലേറെ ത്രസിപ്പിക്കുന്ന എത്രയോ വിജയങ്ങൾ ഇന്ത്യ നേടിയിരിക്കുന്നു. പക്ഷേ ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിൽ പാകിസ്താനോടു പൊരുതി നേടിയ ഈ വിജയം മനസ്സിനുള്ളിലെ മനോഹരമായൊരോർമയാണ്. തൊണ്ണൂറുകളിലെ ബാല്യകാലങ്ങളെ ക്രിക്കറ്റിനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിച്ച മനോഹരമായ ഒരോർമ്മ.

Leave a comment