Uncategorised

കെ ഡി ജാദവ് അഥവാ മറ്റൊരു അനീതിയുടെ കഥ

October 20, 2019

author:

കെ ഡി ജാദവ് അഥവാ മറ്റൊരു അനീതിയുടെ കഥ

ഏകദേശം ആറു പതിറ്റാണ്ടുകൾക്കു മുൻപ് പോക്കറ്റ് ഡൈനാമോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കായികതാരം നമുക്കുണ്ടായിരുന്നു. അദ്ദേഹമാണ് കാഷ്ബാ ദാദാസാഹേബ് ജാദവ് എന്ന KD ജാദവ്. വ്യക്തമായി പറഞ്ഞാൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ ജേതാവ്.

1926 ജനുവരി 15 നു മഹാരാഷ്ട്രയിലെ ഗോലേശ്വർ കാര്ഡ് എന്ന സ്ഥലത്താണ് കാഷ്ബാ ജനിച്ചത്.അവിടത്തെ പ്രശസ്തനായ ഗുസ്‌തിവീരൻ ദാദാസാഹേബ് ജാദവിന്റെ മകനായ കാഷ്ബാ ജാദവ് ചെറുപ്പകാലം മുതലേ ഗുസ്തി പ്രാണവായുവാക്കി. എന്നാൽ 1940കളിലെ ഏതൊരു ഇന്ത്യൻ യുവാവിനെയും പോലെ തന്നെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങാൻ ജാദവിനു ഒരു മടിയും ഉണ്ടായിരുന്നില്ല. ക്വിറ്റിന്ത്യാ സമരത്തിലും മറ്റും പങ്കെടുത്ത ജാദവ് സ്വാതന്ത്ര്യത്തിനു ശേഷം മുഴുവൻ സമയ ഗുസ്തി പരിശീലനം പുനരാരംഭിച്ചു.

1948 ലണ്ടൻ ഒളിംപിക്സിലാണ് ജാദവ് ആദ്യമായി പങ്കെടുക്കുന്നത്. മാറ്റിൽ ഉള്ള മല്ലയുദ്ധം പരിചയമില്ലാതിരുന്നണെങ്കിൽ പോലും ആദ്യ രണ്ടു റൗണ്ടുകളിൽ അട്ടിമറി വിജയങ്ങൾ നേടാൻ ജാദവിനു കഴിഞ്ഞു. പക്ഷെ മൂന്നാം റൗണ്ടിൽ ഇറാൻകാരനായ എതിരാളിയോട് തോറ്റു ജാദവ് ഒളിംപിക്സിൽ നിന്നും പുറത്തായി. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന മാത്രമായിരുന്നു ജാദവ് ലണ്ടൻ ഒളിംപിക്സിൽ നൽകിയത്.

1952 ഒളിംപിക്സിന് ഇന്ത്യയെ പ്രതിനിധീകരിക്കാൻ ജാദവിനു ഒരു യോഗ്യതാറൗണ്ട് കടക്കേണ്ടിയിരുന്നു. ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ നിലവിലെ ദേശീയജേതാവായ നിരഞ്ജൻ ദാസിനെയായിരുന്നു ജാദവിനു നേരിടേണ്ടിയിരുന്നത്. മത്സരത്തിൽ ദാസിനെ മലർത്തിയടിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ കാട്ടി 1952 ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ ജാദവിനെ ഉൾപ്പെടുത്തിയില്ല. എന്നാൽ ഒരു ഗുസ്തിപ്രേമിയും സർവോപരി കായികമന്ത്രാലയത്തിൽ നല്ല പിടിപാടുമുള്ള പട്യാല മഹാരാജാവിന്റെ നിർദേശപ്രകാരം ഒരിക്കൽ കൂടി മത്സരം നടത്തുകയും, വീണ്ടും വിജയിച്ച ജാദവിനെ 1952 ഹെൽസിങ്കി ഒളിംപിക്സിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്തു.

ഹെൽസിങ്കി ഒളിംപിക്സിൽ കാനഡ, മെക്സിക്കോ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള എതിരാളികളെ പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ച ജാദവ് സോവിയറ്റ് യൂണിയന്റെ റാഷിദ് മമ്മദേവിനോടു തോറ്റു. രണ്ടു മത്സരങ്ങൾക്കിടയിൽ 30 മിനിറ്റ് ഇടവേള വേണം എന്ന നിയമം അനുസരിക്കാതെ നടത്തിയ സെമിഫൈനലിൽ ക്ഷീണിതനായ ജാദവ് പരാജയപ്പെടുകയായിരുന്നു. വെങ്കല മെഡൽ നേടിയ ജാദവിനെ നൂറ്റിയന്പതു കാളവണ്ടികളുടെ അകമ്പടിയോടെയാണ് ജന്മദേശമായ ഗോലേശ്വറിലെ ജനങ്ങൾ സ്വീകരിച്ചത്.

കാലിനേറ്റ പരിക്കുമൂലം അന്തർദേശീയ മത്സരങ്ങളിൽ നിന്നും വിരമിച്ച ജാദവ് മഹാരാഷ്ട്ര പോലീസിൽ സബ് ഇൻസ്‌പെക്ടർ ജോലിയിൽ പ്രവേശിച്ചു. പോലീസ് ഗെയിംസുകളിലും മറ്റും മെഡലുകൾ വാരിക്കൂട്ടിയ ജാദവ് അസിസ്റ്റന്റ് കമീഷണറായാണ് വിരമിച്ചത്.

കടുത്ത അവഗണനയാണ് യാദവിന്‌ ഭരണാധികാരികളിൽ നിന്നും നേരിടേണ്ടി വന്നത്. പെൻഷൻ പോലും നിഷേധിക്കപ്പെട്ട ജാദവിന്റെ കുടുംബം കഠിനമായ ദാരിദ്ര്യം അനുഭവിച്ചു. 1984 ഓഗസ്റ്റ് മാസം 14ആം തീയതി ഒരു റോഡപകടത്തിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. പദ്മശ്രീ പുരസ്‌കാരം ലഭിക്കാത്ത ഒരേയൊരു ഒളിമ്പിക്സ് മെഡൽ ജേതാവാണ് ജാദവ് എന്നറിയുമ്പോളാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്ന അവഗണയുടെ ആഴം മനസിലാകുക.

ആയിരം ഒളിമ്പിക്സ് മെഡലുകൾ ഇന്ത്യ നേടിയാലും ജാദവ് ഹെൽസിങ്കിയിൽ നേടിയ ആ വെങ്കലമെഡൽ ഇന്ത്യൻ കായികചരിത്രത്തിൽ സൂര്യശോഭയോടെ ഉദിച്ചുനിൽകും. ജന്മനാടിന്റെ യശ്ശസുയർത്താൻ ലാഭേശ്ചയില്ലാതെ പരിശ്രമിച്ച ജാദവിനെപ്പോലുള്ളവരെ അവഗണിച്ചതിന്റെ പാപഫലം തന്നെയല്ലേ ഒളിംപിക്സിൽ പതിറ്റാണ്ടുകൾക്കിപ്പുറവും നാം നേരിടുന്ന മെഡൽ ദാരിദ്ര്യം?

Leave a comment

Your email address will not be published. Required fields are marked *