Editorial Foot Ball Top News

സമനിലക്കുരുക്കിൽ ഇന്ത്യൻ ഫുട്ബോൾ

October 16, 2019

author:

സമനിലക്കുരുക്കിൽ ഇന്ത്യൻ ഫുട്ബോൾ

ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാമത്സരം ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഇന്നലെ നടന്ന മത്സരത്തിലെ സമനിലയോടെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളും ഏതാണ്ട് അവസാനിച്ചിരിക്കുന്നു. ലോകകപ്പ് പ്രതീക്ഷകൾ ഇല്ലായിരുന്നുവെങ്കിലും റാങ്കിങ്ങിൽ താഴെയുള്ള ബംഗ്ലാദേശുമായി ഒരു വിജയം ആരാധകർ പ്രതീക്ഷിച്ചിരുന്നു എന്നതായിരുന്നു യാഥാർഥ്യം. പക്ഷേ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ സമനിലയുമായി തടിയൂരുകയായിരുന്നു എന്നു പറഞ്ഞാൽ ഒട്ടും തന്നെ അതിശയോക്തിയുണ്ടാകില്ല.

കഴിഞ്ഞ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറുമായി നേടിയ സമനിലയുടെ ആത്മവിശ്വാസത്തിലാണ് ഇഗോർ സ്ടിമാച്ചിന്റെ കീഴിൽ ഇന്ത്യ ബംഗ്ലാദേശുമായുള്ള മത്സരത്തിനിറങ്ങിയത്. പക്ഷേ ആദ്യമിനുട്ടുകൾക്കുള്ളിൽ തന്നെ ആക്രമണം അഴിച്ചുവിട്ട ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചു. തുടക്കത്തിലേ നടത്തിയ ഒരു ഫൗളിൽ ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യ പെനാൽറ്റി വഴങ്ങാതിരുന്നത്. സുനിൽ ഛേത്രിയിലൂടെ ഇന്ത്യനടത്തിയ പ്രത്യാക്രമണം ഫലപ്രദമായി തടയാൻ ബംഗ്ലാദേശിനും സാധിച്ചു.

റിട്ടയർമെന്റിൽ നിന്നും മടങ്ങിവന്നെങ്കിലും തന്റെ ഫോമിന്റെ നിഴൽ മാത്രമായിരുന്ന അനസ് എടത്തൊടിക്കയെയാണ് ഇന്നലെ ഗ്രൗണ്ടിൽ കണ്ടത്. സന്ദീഷ് ജിങ്കൻറെ അഭാവവും രാഹുൽ ഭേകെയുടെ കടുത്ത ടാക്ലിങ്ങുകളും ഇന്ത്യക്ക് അശുഭ സൂചനകൾ തന്നെയായിരുന്നു. പരിശീലകൻ മാറിയെങ്കിലും പതിവു ലോങ്ങ്‌ ബോൾ തന്ത്രത്തിന്റെ ഭൂതം തങ്ങളെ വിട്ടു പോയിട്ടില്ലെന്ന് ഇന്ത്യൻ കളിക്കാർ മൈതാനത്തിൽ തെളിയിച്ചു. ഒപ്പം അനാവശ്യമായ ബാക്ക് പാസ്സുകളും കളിയുടെ രസച്ചരടു പൊട്ടിച്ചു.

മുൻകാലങ്ങളിൽ സാഫ് ടൂർണമെന്റുകളിൽ ഇന്ത്യയുടെ സ്ഥിരം വേട്ടമൃഗമായിരുന്ന ബംഗ്ലാദേശ് അവരുടെ പരിശീലകൻ ജാമി ഡേയുടെ കീഴിൽ എത്രമാത്രം മെച്ചപ്പെട്ടു എന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രകടനം. ബംഗ്ലാ സ്‌ട്രൈക്കർമാർ  പലപ്പോഴും ഇന്ത്യൻ പ്രതിരോധത്തെ വെള്ളം കുടിപ്പിച്ചു. പക്ഷേ ഇന്ത്യയ്ക്കും അവസരങ്ങൾ ലഭിച്ചുകൊണ്ടേയിരുന്നു. പതിനെട്ടാം മിനുട്ടിൽ രാഹുൽ ഭേക്കെയുടെ ശ്രമം ഗോളായിരുന്നെങ്കിൽ കളിയുടെ ഗതി തന്നെ മാറിയേനെ.

നാല്പത്തിയൊന്നാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിനു തലവെച്ച സാദ് ഉദ്ദിനിലൂടെ ബംഗ്ലാ കടുവകളാണ് മത്സരത്തിൽ ആദ്യഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സന്ധുവിന്റെ പിഴവുകൂടിയായിരുന്നു ആ ഗോൾ. ഗോൾ വീണശേഷം അമിത ഡിഫെൻസിനു പോകാതെ മികച്ച കൗണ്ടറുകളുമായി കളം നിറഞ്ഞു കളിച്ച ബംഗ്ലാദേശ് ഇന്ത്യക്കു നിരന്തരം തലവേദന സൃഷ്ടിച്ചു. സുനിൽ ഛേത്രി, ഉദാന്ത സിങ് മുതലായവരിലൂടെ ഇന്ത്യ അവസരങ്ങൾ തുറന്നെടുത്തെങ്കിലും മുതലാക്കാനായില്ല.

ഒടുവിൽ ആദിൽ ഖാൻ എന്ന് ഡിഫെൻഡറിലൂടെയായിരുന്നു അട്ടിമറിയുടെ വക്കിലെത്തിയ മത്സരം ഇൻഡ്യ തിരിച്ചുപിടിച്ചത്. വീണ്ടുമൊരു ഹെഡറിലൂടെ ഗോൾ നേടിയ ആദിൽ കാത്തത് ഇന്ത്യയുടെ അഭിമാനം കൂടിയാണെന്നു പറയാം.

മത്സരം സമനിലയിലായെങ്കിലും നിറഞ്ഞു കളിച്ച ബംഗ്ലാദേശ് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ക്രോയേഷ്യൻ പരിശീലകന്റെ കീഴിൽ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യയാകട്ടെ അതിനായി ഇനിയും ഒരുപാടു കാലം കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് നൽകിയത്. അടുത്തതായി എവേ മത്സരങ്ങളിൽ ഒമാനെയും അഫ്ഗാനെയും നേരിടാനിരിക്കുന്ന ഇന്ത്യക്ക് മത്സരഫലം അത്ര ശുഭകരമായ ഒന്നല്ല.

Leave a comment

Your email address will not be published. Required fields are marked *