Editorial Foot Ball legends Top News

ക്രിസ്ത്യാനോ റൊണാൾഡോ തീർക്കുന്ന ഗോൾവസന്തം

October 15, 2019

author:

ക്രിസ്ത്യാനോ റൊണാൾഡോ തീർക്കുന്ന ഗോൾവസന്തം

കാൽപന്തുകളിയിൽ അയാൾ തന്റെ അശ്വമേധം തുടരുകയാണ്. ഓരോ പടവുകളും താണ്ടി കൂടുതൽ ഉയരങ്ങളിലേക്ക്. കോംപീറ്ററ്റീവ് ഫുട്ബോളിൽ എഴുനൂറു ഗോളുകളെന്ന നാഴികക്കല്ലും താണ്ടി അയാൾ കുതിയ്ക്കുമ്പോൾ ലോകം അയാളെ അദ്‌ഭുതപൂർവ്വം വീക്ഷിക്കുകയാണ്. ലോക ഫുടബോളിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അദ്‌ഭുതങ്ങളിൽ ഒന്നായി ക്രിസ്ത്യാനോ റൊണാൾഡോ മാറുന്നതും അതിനാൽത്തന്നെ.

വർഷങ്ങളായി മെദീരയിലെ രാജകുമാരന്റെ മാന്ത്രികകാലുകൾ നമ്മെ അദ്‌ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഏതു വിഷമകരമായ ആംഗിളിലും ഗോളുകൾ കണ്ടെത്താനുള്ള അയാളുടെ മിടുക്കിനെ ലോകം എത്രയോ തവണ വാഴ്ത്തിപ്പാടിയിരിക്കുന്നു. എങ്കിലും ഓരോ തവണയും അയാൾ നമ്മെ വിസ്മയിപ്പിക്കുമ്പോഴും വാക്കുകൾക്കായി നിഘണ്ടുവിൽ സാകൂതം പരതേണ്ടി വരുന്നു.

വർഷങ്ങൾക്കു മുൻപ് പോർച്ചുഗലിൽ നിന്നും ഒരു അദ്‌ഭുതബാലൻ ഫുട്ബോളിലേക്ക് പിച്ചവെക്കുമ്പോൾ അവൻ ലോക ഫുട്ബോളിനെ തന്റെ കാൽക്കീഴിലാക്കാൻ പോന്നവനാണെന്ന് ആരും കരുതിയിരിക്കില്ല. കളിമികവിനേക്കാൾ വിജയതൃഷ്ണയാണ് അവനിലെ ഫുട്‍ബോളറെ മുന്നോട്ടു നയിച്ചത്. സ്പോർട്ടിങ് ലിസ്ബണിൽ നിന്നും സർ അലക്സ്‌ ഫെർഗൂസനൊപ്പം ഓൾഡ് ട്രാഫോർഡിലേക്കു വരുമ്പോൾ അവൻ മനോഹരമായ ഒരു ഭാവി സ്വപ്നം കണ്ടിരിക്കാം.

വർഷങ്ങൾക്കിപ്പുറം ഓൾഡ് ലേഡിയുടെ തട്ടകത്തിൽ ഗോളുകൾ അടിച്ചുകൂട്ടുമ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയെന്ന ചെറുപ്പക്കാരൻ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. തന്റെ സമകാലീനൻ മാത്രമല്ല, ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുന്ന ലയണൽ മെസ്സിയുമായാണ് അയാൾ താരതമ്യം ചെയ്യപ്പെടുന്നത്. കളിമികവിലും വശ്യതയിലും മെസ്സിയെ മികച്ചവനായി കരുതാമെങ്കിലും നിർണായകഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്താനുള്ള കഴിവാണ് റൊണാൾഡോയ്ക്ക് കൂടുതൽ ആരാധകരെ സമ്മാനിച്ചത്.

നൂറ്റാണ്ടുകളോളം പഴക്കമുള്ള ഫുട്ബോൾ ചരിത്രത്തിൽ വെറും അഞ്ചുപേർ മാത്രമേ എഴുനൂറു ഗോളുകളെന്ന മാന്ത്രികസംഖ്യ തികച്ചിട്ടുള്ളൂ. ആ പട്ടികയിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോയെന്ന കളിക്കാരൻ നടന്നുകയറുമ്പോൾ അയാളുടെ കരിയറിലൂടെ ഒന്നു സഞ്ചരിക്കാം. വർഷങ്ങൾക്കുശേഷം മാഞ്ചസ്റ്ററിൽ നിന്നുമയാൾ യാത്രയായത് സാന്റിയാഗോ ബെർണബ്യുവിലേക്കായിരുന്നു. യൂണൈറ്റഡിലെ പ്ലേമേക്കറിൽ നിന്നും റയൽ മാഡ്രിഡിൽ അയാൾ അവരുടെ ആക്രമണങ്ങളുടെ അവസാനവാക്കായി മാറി. തന്റെ കരിയറിൽ റൊണാൾഡോ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയതും റയലിനുവേണ്ടിത്തന്നെ. ക്രിസ്ത്യാനോ റൊണാൾഡോയെന്ന പറങ്കിപ്പോരാളി റയലിന് എന്തായിരുന്നുവെന്ന് അവരുടെ ഷെൽഫിൽ തിളങ്ങുന്ന കിരീടങ്ങൾ മറുപടി നൽകും.

വർഷങ്ങൾക്കു ശേഷം ലോകഫുട്ബോളിനെത്തന്നെ ഞെട്ടിച്ച ഒരു കൂടുമാറ്റത്തിലൂടെയാണ് അയാൾ ഇറ്റലിയിലെത്തിയത്. അവിടെയും അയാൾ തന്റെ ഗോളടിമികവു തുടരുകയാണ്. പോർച്ചുഗൽ ദേശീയടീമിനുവേണ്ടി നൂറോളം ഗോളുകൾ ഇതിനോടകമയാൾ നേടിക്കഴിഞ്ഞു. ലോകം വിസ്മയത്തോടെ വീക്ഷിക്കുന്ന ഗോൾവസന്തത്തിലൂടെയുള്ള അയാളുടെ യാത്ര റൊണാൾഡോ തുടരുകയാണ്. ഒപ്പം നമുക്കും ആ യാത്രയിൽ പങ്കാളികളാകാം.

Leave a comment

Your email address will not be published. Required fields are marked *