Cricket Editorial Top News

പുലിന തരംഗ; വിധിക്കെതിരെ ബാറ്റു വീശിയവൻ

October 12, 2019

author:

പുലിന തരംഗ; വിധിക്കെതിരെ ബാറ്റു വീശിയവൻ

ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെട്ടു പോയതായി തോന്നിയിട്ടുണ്ടോ ?, മനസ്സിലെ സങ്കടങ്ങൾ ആരോടും പറയാനാകാതെ, വികാരങ്ങളും കണ്ണുനീരും ആരോടും പങ്കുവയ്ക്കാൻ കഴിയാതെ തിരിച്ചുവരവില്ലാത്ത ഒരു മുനമ്പിൽ നിൽകവേ ജീവിതത്തിനു പൂർണ വിരാമമിടുവാൻ തോന്നിയിട്ടുണ്ടോ?. എങ്കിൽ ദയവായി ഈ കഥ വായിക്കുക.

ശ്രീലങ്കയിലെ ഒരു ദരിദ്ര മുക്കുവ കുടുംബത്തിലാണ് പുലിന തരംഗ ജനിച്ചത്. 1996ൽ ക്രിക്കറ്റിലേ പരമ്പരാഗത ശക്തികളെ വെല്ലുവിളിച്ചു ലോകകിരീടം ആ ദ്വീപ് രാഷ്ട്രത്തിലെക്കു കൊണ്ടുവന്ന ശ്രീലങ്കൻ ക്രിക്കറ്റിന്റെ സുവർണ തലമുറയുടെ വീരഗാഥകൾ കേട്ടു വളർന്ന അവനിൽ ഗെയിമിനോടുള്ള സ്നേഹം തഴച്ചു വളർന്നത് സ്വാഭാവികം മാത്രമായിരുന്നു. അവരെ മാതൃകയാക്കി അവൻ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. കടൽത്തീരത്തെ ചൂടുള്ള ഉപ്പുകാറ്റിനോ അരപ്പട്ടിണി വയറിൽ മുളപ്പിച്ച വിശപ്പിന്റെ വിളികൾക്കോ അവനിലെ ആവേശം കെടുത്തുവാനുള്ള വീര്യമുണ്ടായിരുന്നില്ല. വെല്ലുവിളികളെ ഊർജമാക്കി അവൻ മുന്നേറിയപ്പോൾ മികച്ച പരിശീലനസൗകര്യങ്ങൾ പോലും ലഭിച്ച കുട്ടികളെ പിന്തള്ളി ജില്ലാ അണ്ടർ 11 ടീമിൽ ഇടം നേടാൻ അവനു കഴിഞ്ഞു.

സ്വന്തമായി ഒരു ക്രിക്കറ്റ് കിറ്റുപോലും ഇല്ലാതെയാണ് അവൻ പരിശീലനം നടത്തിയിരുന്നതെങ്കിലും ക്രിസ്തുമസ് അവധിക്കാലത്തു നടന്ന ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ അവനു കഴിഞ്ഞു. പുലിനയുടെ ആൾറൗണ്ട് പ്രകടനം പ്രമുഖ ക്രിക്കറ്റ് പണ്ഡിതൻമാരുടെ പ്രശംസകൾ നേടിയെടുത്തു.

മത്സരശേഷം നാട്ടിലേക്കു മടങ്ങാൻ തയ്യാറെടുക്കവെയാണ് രൂക്ഷമായ കടൽക്ഷോഭത്തിന്റെ നടുക്കുന്ന വാർത്തകൾ ക്യാമ്പിലേക്കെത്തിയത്. കടലിന്റെ കോപം ചെറുപ്പകാലം മുതലേ കണ്ടു വളർന്ന പുലിനയ്ക്കു അതൊരു വാർത്തയായി തോന്നിയില്ലെങ്കിലും കോച്ചിന്റെയും സുഹൃത്തുക്കളുടെയും ഉപദേശം മൂലം അവൻ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ചു. പക്ഷേ ദിവസങ്ങൾക്കു ശേഷം നാട്ടിലെത്തിയ അവനെ കാത്തിരുന്നത് അവൻ ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയായിരുന്നു. മകന്റെ വിജയ കഥകൾ കേൾക്കാൻ അവന്റെ അമ്മയുണ്ടായിരുന്നില്ല. ഡിസംബർ ഇരുപത്താറാം തീയതി ഏഷ്യയിലെ കടൽത്തിരങ്ങളെ കശക്കിയെറിഞ്ഞ സുനാമിത്തിരമാലകൾ അവന്റെ അമ്മയുടെ ജീവനും കവർന്നെടുത്തിരുന്നു.

തന്നോടു പോരാടിയതിനുള്ള ശിക്ഷ വിധി പിന്നെയും പുലിനയ്ക്കു നൽകികൊണ്ടേയിരുന്നു. അമ്മയുടെ ജീവനെടുത്തു മാസങ്ങൾ കഴിയും മുൻപേ കുടുംബത്തിന്റെ അത്താണിയായിരുന്ന അച്ഛനെയും ഒരു ബോട്ടപകടത്തിലൂടെ കടൽ അവനിൽ നിന്നും വേർപെടുത്തി. വെറും പത്തു വയസ്സുള്ള പുലിനയും രണ്ടു ഇളയ സഹോദരങ്ങളും വയോധികയായ അവരുടെ മുത്തശ്ശിയുടെ തണലിലായി.

പഠനവും പരിശീലനവും വഴിമുട്ടിയ അവസ്ഥയിൽ എന്തെങ്കിലും ജോലി കണ്ടെത്തി കുടുംബത്തെ രക്ഷിക്കാൻ പുലിന തീരുമാനിച്ചെങ്കിലും അവന്റെ പ്രതിഭ തിരിച്ചറിഞ്ഞ മുത്തശ്ശി അതിനു സമ്മതിച്ചില്ല. അവരുടെ സഹായത്തോടെ അവൻ പരിശീലനം തുടർന്നു. വെറും ഒരു വർഷത്തിനുള്ളിൽ അതിനു ഫലവും കണ്ടു സ്പിൻ ബൌളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ മേൽനോട്ടത്തിൽ നടത്തുന്ന ഫൌണ്ടേഷൻ ഓഫ് ഗുഡ്നെസ്സ് എന്ന നിർധനരായ കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന സ്ഥാപനത്തിൽ അവനു പ്രവേശനം ലഭിച്ചു.

2011ൽ തമിഴ് യൂണിയൻ ക്രിക്കറ്റ്‌ ടീമിൽ അംഗമായ പുലിനയുടെ ക്ലബ്ബിലെ പ്രകടനം അണ്ടർ 19 ലോകകപ്പിനുള്ള സെലെക്ടർമാരുടെ ശ്രദ്ധയാകർഷിച്ചു. ഇതോടെ തൊട്ടടുത്ത വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ ദേശീയ ടീമിന്റെ ജേഴ്‌സി അണിയാനുള്ള ഭാഗ്യം പുലിനയ്ക്കു ലഭിച്ചു. പിന്നീടങ്ങോട്ടു അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചില്ലയെങ്കിലും ഇപ്പോഴും ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിൽ പുലിന ഒരു നിറസാന്നിധ്യമാണ്.

അന്താരാഷ്ട്രതലത്തിൽ തിളങ്ങുന്ന റെക്കോർഡുകൾക്കവകാശിയല്ലെങ്കിലും പുലിനയുടെ വിധിയോടുള്ള പോരാട്ടത്തിന്റെ കഥ തീർച്ചയായും യുവതലമുറയ്ക്കുള്ള പ്രചോദനമാണ്. ഒരു പക്ഷേ അതുതന്നെയായിരിക്കാം പുലിനയുടെ ജീവിതത്തിലെ നിയോഗവും.

Leave a comment

Your email address will not be published. Required fields are marked *