Cricket Stories Top News

നിസ്വാർത്ഥതയുടെ ഒരു ദിനം !!

October 12, 2019

നിസ്വാർത്ഥതയുടെ ഒരു ദിനം !!

പൂനെയിലെ കടുത്ത ചൂടിൽ അയാൾ ബാറ്റിങ്ങിനിറങ്ങുമ്പോഴേക്കും എതിരാളികൾ അസ്വസ്ഥരായിരുന്നു .കളി കൈവിട്ടത് കൂടാതെ കാലാവസ്ഥ കൂടി വില്ലനായതോടെ ചില ഘട്ടങ്ങളിൽ പരസ്പരം പ്രകോപിതരുമായിരുന്നു. അസാധാരണമായൊന്നും പ്രകടിപ്പിക്കാതെ സ്ഥിരം അക്ഷോഭ്യഭാവത്തോടെ ഇന്നിംഗ്സ് തുടങ്ങിയ നായകന്റെ തുടക്കം പതിയെ ആയിരുന്നു. പൂജ്യത്തിൽ നിന്നും 50 ലെത്താൻ 3.49 റൺനിരക്കോടെ 91 പന്തുകളെടുത്ത അദ്ദേഹം 51 ൽ നിന്നും തന്റെ 26 മത്തെ 100 ലെത്തിയപ്പോഴും കാര്യങ്ങൾ സാധാരണ പോലെ തന്നെയായിരുന്നു. 3.51 റൺനിരക്കിൽ നേരിട്ടത് 82 പന്തുകൾ .പതിയെ ശൈലി മാറ്റാൻ തുടങ്ങിയപ്പോൾ 101 ൽ നിന്നും 150 ലെത്താൻ എടുത്തത് 68 പന്തുകൾ .റൺനിരക്ക് 4.41 .എന്നാൽ എതിരാളികൾ ദുർബലരും ക്ഷീണിതരുമായെന്ന് മനസിലാക്കിയതോടെ അയാൾ തന്റെ രാജകീയത പുറത്തെടുക്കാൻ തുടങ്ങി .വെറും 54 പന്തുകൾ മാത്രമെടുത്ത് 5.44 റൺ നിരക്കോടെ 150 ൽ നിന്നും 200ലേക്ക് .പിന്നീട് ടോപ് ഗിയറിലേക്ക് മാറിയതോടെ 250 ലെത്താൻ ഇന്ന് ലോക T20 ക്രിക്കറ്റിലെ ഏറ്റവും വലിയ റൺവേട്ടക്കാരന് വേണ്ടി വന്നത് 39 പന്തുകൾ മാത്രം. റൺനിരക്ക് കണ്ടാൽ ഇത് ടെസ്റ്റ് ക്രിക്കറ്റാണെന്ന് ഉറപ്പിക്കണമെങ്കിൽ ഒന്നു കൂടി കണ്ണുകൾ തുറന്നു നോക്കേണ്ട അവസ്ഥ.റൺ നിരക്ക് 8.00 !! എതിരാളികൾ അപ്പോഴേക്കും ആയുധം വെച്ച് കീഴടങ്ങിയിരുന്നു .നിങ്ങൾ എന്തും ചെയ്തോളൂ ,ഞങ്ങൾ ഇല്ല എന്ന അവസ്ഥയിലുള്ള എതിർ ടീമിന്റെ ശരീരഭാഷയിൽ അദ്ദേഹത്തിന് 300 എന്ന മാന്ത്രിക സ്കോറിലെത്താൻ ഒരു പക്ഷെ 30-40 പന്തുകൾ മാത്രമേ വേണ്ടി വരുമായിരുന്നുള്ളൂ .

ഇന്ത്യ മുഴുവനും കാത്തു നിന്നത് തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തിൽ മറ്റു രാജ്യങ്ങളെ അസൂയപ്പെടുത്തുന്ന ബാറ്റിങ് റെക്കോർഡുകൾക്കിടയിലും കണ്ണു തട്ടേണ്ട എന്നു തോന്നുന്ന വിധത്തിൽ വെറും 2 പേർ മാത്രം ട്രിപ്പിൾ സെഞ്ചുറികൾ നേടിയ ആ വിശിഷ്ടലിസ്റ്റിലേക്ക് ഏറ്റവും അർഹനായ മൂന്നാമനെ ആയിരുന്നു.എന്നാൽ രാജ്യത്തിന്റെ പ്രിയപ്പെട്ട നായകന്റെ മനസിൽ ചിന്തകൾ മറ്റൊന്നായിരുന്നു.

നോൺ സ്ട്രൈക്കർ എൻഡിൽ തനിക്ക് അത്രയും നേരം സപ്പോർട്ട് നൽകി ടീമിനെ ഏതാണ്ട് വിജയമുറപ്പിച്ച തരത്തിൽ എത്തിച്ച സഹകളിക്കാരന്റെ സെഞ്ചുറിയിലായിരുന്നു അയാളുടെ നോട്ടം മുഴുവൻ. എന്നാൽ ദൗർഭാഗ്യകരമായി 91 റൺസിൽ നിൽക്കെ പുറത്തായ രവീന്ദ്ര ജഡേജയെ ഒറ്റക്ക് ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയക്കുന്നതിന് പകരം ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഔട്ടായ ബാറ്റ്സ്മാനൊപ്പം നടന്നു നീങ്ങിയപ്പോൾ അമ്പരന്നത് ക്രിക്കറ്റ് പ്രേമികളും കാണികളും മാത്രമായിരുന്നില്ല ,എതിർ ടീമും കൂടിയായിരുന്നു. അതിന്റെ ഇടയിൽ താൻ 254 ആണെന്നോ 300 അടിക്കാൻ അവസരം ഉണ്ടെന്നോ അയാൾക്ക് വിഷയമേ അല്ലായിരുന്നു.

സ്വന്തം നേട്ടത്തെക്കാൾ വലുത് ടീമാണെന്ന് എന്നും ചിന്തിക്കുന്ന വിരാട് കോലി സമകാലിക ക്രിക്കറ്റിൽ വേറിട്ടു നിൽക്കുന്നത് ബാറ്റിങ് മികവ് കൊണ്ടു മാത്രമെല്ലെന്ന് ചുരുക്കം.200 റൺസ് പിന്നിട്ടു കഴിഞ്ഞും ഡബിളുകളും ത്രിബിളുകളും ഓടാൻ മടി കാണിക്കാതെ റൺസിനോട് കാണിക്കുന്ന അത്യാഗ്രഹവും ആരെയും അസൂയിപ്പിക്കുന്ന സ്റ്റാമിനയും ഏതൊരു യുവ താരത്തിനും കണ്ടു പഠിക്കാം. തുടർന്നും ബാറ്റ് ചെയ്ത് 300 അടിക്കാൻ ശ്രമിക്കാൻ സമയവും അവസരവും ഉണ്ടായതു കൊണ്ട് തന്നെ ആ ശ്രമത്തെ ആരും കുറ്റം പറയില്ലെങ്കിലും വ്യക്തിഗത നേട്ടങ്ങൾക്കായി കളിച്ചു എന്ന ആരോപണം ചില കോണുകളിൽ നിന്നങ്കിലും ഉയർന്നു വന്നേനെ .കരുൺ നായർ എന്ന യുവതാരത്തിന് ട്രിപ്പിൾ എന്ന വിലോഭനീയ നേട്ടത്തിന് വേണ്ടി ഇന്നിങ്സ് അവസാനിപ്പിക്കാൻ വൈകിച്ച അതേ ക്യാപ്റ്റന് സ്വന്തം നേട്ടത്തെ ത്യജിക്കാൻ യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല എന്നത് മറ്റൊരു കൗതുകകരമായ കാര്യവും .ഒരു പക്ഷെ ഇത് പോലൊരു അവസരം തന്റെ കരിയറിൽ കോലി ക്ക് ഇനി ലഭിച്ചില്ലെങ്കിൽ പൂനെയിലെ 11-10-2019 എന്ന തീയതി വരും വർഷങ്ങളിൽ ഇനിയും ചർച്ചയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഒരു ടീം മാൻ ആയതു കൊണ്ട് തന്നെ ലോക ചരിത്രത്തിലെ ഏറ്റവും മികച്ച വരിലൊരാൾ എന്ന് വിരാടിന്റെ ക്യാപ്റ്റൻസി റെക്കോർഡുകൾ സംസാരിക്കുന്നുവെങ്കിലും ചിലർ അത് സൗകര്യപൂർവ്വം മറക്കുന്നു എന്നത് ഖേദകരം. ടെസ്റ്റിൽ 58 എന്ന വിജയശതമാനം സ്റ്റീവ് വോക്കും പോണ്ടിംഗിനും മാത്രം പിന്നിൽ .ഏകദിനത്തിലെ 75% വിജയം പോണ്ടിംഗിനും ലോയ്ഡിനും വളരെ ചെറിയ വ്യത്യാസത്തിനു പിന്നിൽ.T 20 ലെ 61.53 % ത്തിനു മുന്നിൽ ഗ്രെയിം സ്മിത്ത് മാത്രം .

ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകൾ പ്രത്യേകം പ്രത്യേകം എടുക്കുമ്പോൾ മികച്ചവനാര് ?എന്ന ചോദ്യത്തിന് ക്രിക്കറ്റ് വിദഗ്ധർമാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ മുഴുവൻ ഫോർമാറ്റും കണക്കിലെടുത്താൽ മികച്ചവൻ ആര് ?എന്ന ചോദ്യത്തിന് ഉറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാലും 95% പേരും പറയുന്ന ഉത്തരം ഒരേ ഒരു പേര് മാത്രമായിരിക്കും.

ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് ഇതിനകം തന്നെ ഏറ്റവും മുകളിലായി എഴുതി ചേർത്ത വിരാട് ഒരു ബാറ്റ്സ്മാന്റെ ഏറ്റവും പ്രതാപകാലമായ 30- 35 വയസ് എന്ന കാലഘട്ടത്തിലേക്ക് കടക്കുന്നതേയുള്ളൂ .അതു കൊണ്ട് തന്നെ എതൊക്കൊ റെക്കോർഡുകൾ അദ്ദേഹം തകർക്കില്ല എന്നാണ് സ്റ്റാറ്റിറ്റിക്സ് വിദഗ്ധർ ഉറ്റുനോക്കുന്നത് .എന്നാൽ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് ടെസ്റ്റിലെ 300 ,ഏകദിനത്തിലെ 200, T20 ലെ 100 എന്നിവയ്ക്കാണ് .അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോമിൽ അതെപ്പോൾ സംഭവിക്കും എന്നതിനു മാത്രമാണ് പ്രസക്തി

ഈ ആധുനിക കാലഘട്ടത്തിൽ ടീമിന്റെ നായകൻ കൂടിയായതു കൊണ്ടും എല്ലാ ഫോർമാറ്റുകളിലേയും മികച്ചവൻ എന്നതു കൊണ്ടും ടോസ് ഇടുന്നതിന് മുൻപ് തന്നെ വിരാട് കോലി എന്ന ഉലകനായകന്റെ പിന്നാലെ റെക്കോർഡുകൾ സഞ്ചരിക്കാൻ തുടങ്ങും. നായകനെന്ന നിലയിൽ 50 മത്തെ ടെസ്റ്റ് മത്സരത്തിനിറങ്ങി റെക്കോർഡിട്ട മത്സരത്തിൽ തന്റെ ആരാധകർക്കും ക്രിക്കറ്റ് പ്രേമികൾക്കും 300 ലേക്ക് സഞ്ചരിക്കാത്തതു കൊണ്ട് നിരാശാജനകമായ ,എന്നാൽ മഹത്തായ ഇന്നിങ്സിൽ കോലി വാരിക്കൂട്ടിയത് അഭൗമമായ റെക്കോർഡുകൾ .

. ……… .. ……………………………

👉 വിരാട് കോലിയുടെ അരങ്ങേറ്റത്തിനു ശേഷം ഏറ്റവുമധികം റൺസ്

ടെസ്റ്റ് –
കോലി – 7054 റൺസ്
റൂട്ട് – 7043

ഏകദിനം
കോലി -11,520
രോഹിത്ത് – 8215

T20
കോലി – 2450
രോഹിത്ത്- 2118

👉 ക്യാപ്റ്റനായി ഏറ്റവുമധികം 150 + റൺസ്
കോലി – 9
ബ്രാഡ്മാൻ – 8

👉 വേഗത്തിൽ 21,000 റൺസ്
കോലി – 435 ഇന്നിംഗ്സ്
സച്ചിൻ – 473

👉 ടെസ്റ്റിൽ കൂടുതൽ 200- 4 മൻ – 7 എണ്ണം
ബ്രാഡ്മാൻ – 12 ,സംഗക്കാര -11,ലാറ – 9

👉 തുടർച്ചയായി 4 വർഷം 2000 + റൺസ് – ഏകതാരം

👉 സ്വന്തം വ്യക്തിഗത സ്കോർ മറികടന്നത് 15 തവണ
4, 15, 27, 30,52,63,75, 116, 119, 141,169, 200,211, 235,243,254 no

👉 ICC ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 200 നേടിയ ആദ്യ ക്യാപ്റ്റൻ

👉 6 വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ 200 – സംഗക്കാര ക്കും യൂനിസ് ഖാനുമൊപ്പം

👉 ഏറ്റവുമധികം 200+ നേടിയ ഇന്ത്യക്കാരൻ – 7

👉 ഏറ്റവുമധികം 200+ നേടിയ ലോക ക്യാപ്റ്റൻ – 7

👉 ഒരു രാജ്യത്ത് ഏറ്റവുമധികം 200 + – 6 എണ്ണം

👉 ടെസ്റ്റിൽ വേഗത്തിൽ 7000 തികച്ച നാലാമത്തെ ബാറ്റ്സ്മാൻ

👉 ഒരു കലണ്ടർ വർഷം കൂടുതൽ 2000 + റൺസ് – 6 തവണ സംഗക്കാരക്കൊപ്പം

👉 2016 നു ശേഷം കോലി 7 തവണ 200 + നേടിയപ്പോൾ

ഇംഗ്ലണ്ട്, ന്യൂസിലണ്ട് ടീമിലെ 3 പേർ മാത്രമാണ് ആകെ 200 + നേടിയത്

👉 സേവാഗ് ,കരുൺ നായർ ,ലക്ഷ്മൺ ,ദ്രാവിഡ് എന്നിവർക്കു ശേഷം 250 റൺസ് നേടിയ താരം

👉 ഒരു ഇന്ത്യൻ ക്യാപ്റ്റന്റ ഉയർന്ന സ്കോർ

👉ദക്ഷിണാഫ്രിക്കക്കെതിരെ വേഗത്തിൽ 1000 റൺസ് – 18 ഇന്നിംഗ്സ്

👉 ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്കാരന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ

👉 ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ

👉വേഗത്തിൽ 26 സെഞ്ചുറി നേടിയ 4 മൻ

👉 ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറി നേടിയ നായകരിൽ രണ്ടാമൻ

👉 ടെസ്റ്റിലെ Avg ൽ സച്ചിന്റെ 53.78 നു മുന്നിൽ – 53.86

👉 ക്യാപ്റ്റൻ എന്ന നിലയിൽ 40 സെഞ്ചുറികൾ – മുന്നിൽ 41 ഉള്ള പോണ്ടിംഗ് മാത്രം

👉 ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയ ഇന്ത്യക്കാരിൽ 7 മൻ

👉 40 ടെസ്റ്റിനുള്ളിൽ 7 ഇരട്ട സെഞ്ചുറികൾ

എഴുതിയത്
🖋🖋🖋🖋🖋🖋🖋🖋🖋🖋🖋
#ധനേഷ്ദാമോദരൻ

Leave a comment