Editorial Foot Ball Top News

ബാഴ്സലോണ vs ഇന്റർ മിലാൻ; വിജയം ആർക്കൊപ്പമാകും?

October 2, 2019

author:

ബാഴ്സലോണ vs ഇന്റർ മിലാൻ; വിജയം ആർക്കൊപ്പമാകും?

ഇന്നു രാത്രി ബാഴ്‌സലോണയെ നേരിടാൻ പോകുന്ന ഇന്റർ മിലാൻ ആരാധകരുടെ മനസ്സിൽ മായാതെ കിടക്കുന്നൊരു ചിത്രമുണ്ട്. 2010 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിലേക്കുള്ള പ്രവേശനം അവരുറപ്പാക്കിയത് ക്യാമ്പ്‌ നുവിൽ വെച്ചായിരുന്നു. 1-0 നു മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ 3-1 വിജയം അവർക്കു മാഡ്രിഡിലേക്കുള്ള ടിക്കറ്റ് നൽകി. ബയേണിനെ ഫൈനലിൽ പരാജയപ്പെടുത്തി യൂറോപ്പിന്റെ കിരീടം നേടിയാണ് അവർ ആ യാത്ര അവസാനിപ്പിച്ചത്.

പക്ഷേ ആ സ്വപ്നഫൈനലിനു ശേഷം ഇതുവരെ ഇറ്റാലിയൻ വമ്പന്മാർക്കു ചാംപ്യൻസ് ലീഗിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. ഹോസെ മൗറിഞ്ഞോയെന്ന തന്ത്രശാലിയായ പരിശീലകൻ നേടിത്തന്ന ആ വിജയത്തിനു ശേഷം ഒട്ടേറെപ്പേർ വന്നുപോയെങ്കിലും ഇനിയും ആ കിരീടം സാൻ സീറോയിലെത്തിക്കാൻ മിലാനു സാധിച്ചില്ല.

വീണ്ടുമൊരിക്കൽ കൂടി ഇറ്റാലിയൻ വമ്പൻമാർ നാട്ടുകാരനായ അന്റോണിയോ കോന്റെയുടെ കീഴിൽ ക്യാമ്പ്‌ നുവിലേക്കെത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് വൻ വെല്ലുവിളിയാണ്. പരിക്കുമൂലം ആദ്യ ഇലവനിൽ സൂപ്പർ താരം മെസ്സി ഉണ്ടാകുമോയെന്ന ഉറപ്പില്ലെങ്കിലും സുവാരസും ഗ്രീസ്മാനും വിദാലുമടങ്ങുന്ന ബാഴ്സ മുന്നേറ്റനിര ശക്തമാണ്. കൂടാതെ മികച്ച ഫോമിലുള്ള ടീനേജ് താരം അൻസു ഫാത്തിയും ഗോൾ കീപ്പർ ടെർ സ്റ്റീഗനുമൊക്കെ അണിനിരക്കുന്ന ബാഴ്സ ഇലവൻ കടലാസിൽ ശക്തമാണ്.

മികച്ച ഒരു അൺബീറ്റൻ റണ്ണിന്റെ പിൻബലവുമായാണ് ഇന്റർ ഇത്തവണ ബാഴ്‌സലോണയെ നേരിടാനെത്തുന്നത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്നും ആറു വിജയങ്ങൾ നേടിയ ടീം സുസജ്ജമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നും ടീമിലെത്തിയ ലുകാകുവും അലക്സിസ് സാഞ്ചസും ലൗതാരോ മാർട്ടിനെസിനൊപ്പം ചേർന്നതോടെ ടീമിന്റെ ആക്രമണനിര ശക്തമാണ് എങ്കിലും ട്രെയിനിങ്ങിടെ ലുകാകുവിനേറ്റ പരിക്ക് കൊണ്ടെയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

മിഡ് ഫീൽഡിൽ ബ്രോസോവിച് മികച്ച ഫോമിലാണ്. ലുകാകുവിനൊപ്പം സീരി എ യിൽ ടീമിന്റെ ടോപ് സ്കോററായ സ്‌റ്റെഫാനോ സെൻസിയും ഇന്റർ മധ്യനിരയ്ക്കു ശക്തിയേകുന്നു. ഡി വിർജും ഗോഡിനും അണിനിരക്കുന്ന പ്രതിരോധവും ഇന്റർ ആരാധകരുടെ പ്രതീക്ഷകൾ കാക്കുന്നു.

മറുവശത്തു ബാഴ്സയും ശക്തമാണ്. സമീപകാലത്തു മോശം ഫോം അലട്ടുന്നുവെങ്കിലും മെസ്സിയും ഡെംബലെയും കളിക്കുമെന്ന് പരിശീലകൻ വാൽവർദേ ഉറപ്പു നൽകിയതോടെ ആരാധകർ ആവേശത്തിലാണ്. മെസ്സിക്കൊപ്പം ഗ്രീസ്മാനും ആർതറും സുവാരസും ഡി ജോങ്ങും, ബുസ്കസുമടങ്ങുന്ന ബാഴ്സ നിരയെ തോൽപ്പിക്കുക ഏറെക്കുറെ അസാധ്യമാണ്.

ആദ്യകളിയിൽ ഡോർട്മുണ്ടുമായി സമനിലയിൽ പിരിഞ്ഞ ബാഴ്സയ്ക്കും സ്ലാവിയ പ്രാഹയുമായി പോയൻറ് പങ്കുവെച്ച ഇന്ററിനും വിജയം അത്യാവശ്യമാണ്. ഇന്നത്തെ മത്സരം ശേഷം ക്യാമ്പ്‌ ന്യൂവിൽ തിളങ്ങുന്ന ചിരി ആരുടേതാകും?.

കൊണ്ടെയുടേതോ വാൽവർദേയുടേതോ?.

Leave a comment