Foot Ball Top News

നാലു ഗോളുമായി ഗ്ണാബ്രി:ടോട്ടനത്തെ ഗോളിൽ മുക്കി ബയേൺ

October 2, 2019

author:

നാലു ഗോളുമായി ഗ്ണാബ്രി:ടോട്ടനത്തെ ഗോളിൽ മുക്കി ബയേൺ

മുൻ ആർസെനാൽ താരം സെർജിയോ ഗണാബ്‌റി 4ഗോൾ പ്രകടനവുമായി മിന്നിയപ്പോൾ ചാമ്പ്യൻസ് ലീഗിലെ 2ആം മത്സരത്തിൽ നിലവിലെ റണ്ണറപ്പുകളായ ടോട്ടൻഹാമിനെതിരെ ബയേൺ മ്യൂണിക്കിന് വമ്പൻ ജയം. രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് എവേ മത്സരത്തിൽ ജർമൻ ചാമ്പ്യന്മാരുടെ വിജയം. മത്സരത്തിൽ ബയേണിന് വേണ്ടി ഗണാബ്രിക്ക് പുറമെ സൂപ്പർ സ്‌ട്രൈക്കർ ലെവൻഡോസ്‌കി രണ്ടും കിമ്മിച്ച് ഒരു ഗോളും നേടി. ഹാരി കെയ്ൻ, സോൺ എന്നിവരായിരുന്നു സ്പർസിന്റെ ഗോളുകൾ നേടിയത്.

ടോട്ടൻഹാമിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചു കളിക്കാൻ തീരുമാനിച്ചതോടെ ആദ്യ മിനിറ്റ് മുതൽ ആവേശം നിറഞ്ഞു. മത്സരത്തിന്റെ ആദ്യ 10മിനുട്ടിൽ ഇരു ടീമുകൾക്കും ഏതാനും മികച്ച അവസരങ്ങളും ലഭിച്ചു. 12ആം മിനുട്ടിൽ ബയേണിനെ ഞെട്ടിച്ചുകൊണ്ട് ടോട്ടൻഹാം മുന്നിലെത്തി. ബയേൺ താരങ്ങളുടെ പിഴവ് മുതലെടുത്തു ബോക്സിലേക്ക് കുതിച്ച സൺ ഗോളി ന്യൂയറെ കീഴ്പെടുത്തി ആദ്യ ഗോൾ നേടി. എന്നാൽ 2മിനുട്ടിനുള്ളിൽ തിരിച്ചടിച്ച ബയേൺ കിമ്മിച്ചിന്റെ മനോഹര ഗോളിലൂടെ ഒപ്പമെത്തി. പതിയെ മത്സരത്തിൽ ആധിപത്യം നേടിയ ബയേൺ ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിനു തൊട്ടു മുൻപ് ലെവൻഡോസ്‌കിയുടെ ഗോളിലൂടെ മുന്നിലെത്തി .

രണ്ടാം പകുതിയിൽ ബയേണിന്റെ സമ്പൂർണ അധിപത്യമായിരുന്നു പിന്നെ കണ്ടത്. 53ആം മിനുട്ടിൽ ഒരു മികച്ച സോളോ ഗോളിലൂടെ ഗണാബ്‌റി തന്റെ അക്കൗണ്ട് തുറന്നു. എന്നാൽ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തുടക്കം മാത്രമായിരുന്നു അത്. 2മിനിറ്റിനു ശേഷം താരം സ്പർസ്‌ ഗോളി ലോറിസിനെ നിസ്സഹായനാക്കി തന്റെ രണ്ടാം ഗോളും നേടി മത്സരം ബയേണിന്റെ വരുതിയിലാക്കി. 61ആം മിനുട്ടിൽ ബോക്സിനുള്ളിൽ റോസിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാരി കെയ്ൻ ടോട്ടൻഹത്തെ മത്സരത്തെ തിരികെ കൊണ്ട് വരാൻ ശ്രമിച്ചുവെങ്കിലും എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു ബയേണിന്റെ ആധിപത്യം. 83ആം മിനുട്ടിൽ അലാബയുടെ ലോങ്ങ്‌ ബോൾ പിടിച്ചെടുത്തു മുന്നോട്ട് കുതിച്ചു ഗണാബ്‌റി തന്റെ ഹാട്രിക്ക് നേടിയതോടെ ഗാലറിയിലെ ടോട്ടൻഹാം ആരാധകർ സ്റ്റേഡിയം കാലിയാക്കാൻ തുടങ്ങി.


എന്നാൽ തുടങ്ങിവച്ച വെടിക്കെട്ട് നിർത്താൻ ബയേൺ ഒരുക്കമായിരുന്നില്ല. സ്പർസ്‌ പ്രതിരോധത്തെ കളിയാക്കും വിധം 85ആം മിനുട്ടിൽ ലെവൻഡോസ്‌കിയും 88ആം മിനുട്ടിൽ വീണ്ടും ഗണാബ്രിയും ഗോളുകൾ നേടി ജർമൻ ടീമിന്റെ പട്ടിക പൂർത്തിയാക്കി. സമീപകാലത്തെ ഏറ്റവും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ടോട്ടൻഹത്തെ ഈ മത്സരം ഏറെക്കാലം വേട്ടയാടും. മറുവശത്തു ഈ വർഷം കിരീടപ്പോരാട്ടത്തിൽ മറ്റു ചാമ്പ്യൻസ് ലീഗ് ടീമുകൾക്ക് അതിശക്‌തമായ മുന്നറിയിപ്പാണ് ബയേൺ ഇന്ന് നൽകിയത്.

Leave a comment