Cricket Editorial Top News

പന്തിനു പകരം സഹ; ഒരു ശാശ്വത പരിഹാരമോ?

October 1, 2019

author:

പന്തിനു പകരം സഹ; ഒരു ശാശ്വത പരിഹാരമോ?

തികച്ചും അപ്രതീക്ഷിതമായൊരു വാർത്തയാണ് ഇന്നത്തെ പത്രസമ്മേളനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മാധ്യമങ്ങളുമായി പങ്കു വെച്ചത്. ഋഷഭ് പന്തിനു പകരം വൃദ്ധിമാൻ സഹ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വിക്കെറ്റ് കീപ്പറാകും. ഋഷഭ് പന്തിന്റെ ലിമിറ്റഡ് ഓവറിലെ മോശം പ്രകടനങ്ങൾ ടീമിലെ സ്ഥാനത്തിനു ഭീഷണിയുയർത്തുമെന്നു കരുതിയെങ്കിലും ലോങ്ങർ ഫോർമാറ്റിൽ പെട്ടന്നൊരു മാറ്റം പന്തിന്റെ കടുത്ത വിമർശകർ പോലും പ്രതീക്ഷിച്ചിരിക്കില്ല.

2010ൽ ടെസ്റ്റിൽ അരങ്ങേറിയെങ്കിലും 2014ൽ മഹേന്ദ്രസിംഗ് ധോണി കളമൊഴിഞ്ഞ ശേഷമാണ് വൃദ്ധിമാൻ സഹ ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ സ്ഥിരം സാന്നിധ്യമായത്. ഇന്ത്യക്കകത്തും പുറത്തും ടെസ്റ്റ്‌ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന ബഹുമതിക്കുടമയായ സഹ കീപ്പിങ്ങിലും മികവു പ്രകടിപ്പിച്ചിരുന്നു. വെസ്റ്റ്‌ ഇൻഡീസിനെതിരായ എവേ ടെസ്റ്റിൽ ആറു പുറത്താക്കലുകളുമായി ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ കീപ്പറായി മാറി ഈ ബംഗാളുകാരൻ. 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ടെസ്റ്റിൽ പത്തു ക്യാച്ചുകൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കെറ്റ് കീപ്പറാകാനും സഹയ്ക്കു സാധിച്ചു.

ടെസ്റ്റിൽ സ്റ്റമ്പിനു പിന്നിൽ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമാകുമെന്നു പ്രതീക്ഷിച്ചിടത്തു നിന്നും സഹയുടെ കരിയറിനു തടസ്സങ്ങൾ നേരിടാൻ തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ വച്ചു തോളിനു സംഭവിച്ച പരിക്ക് കൃത്യമായി കണ്ടെത്താൻ സാധിക്കാതെ വഷളായതോടെ സഹയ്ക്കു ടീമിനു പുറത്തു നിൽക്കേണ്ടി വന്നു.

അപ്പോഴേക്കും ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ ഋഷഭ് പന്ത് ടെസ്റ്റ്‌ ടീമിലേക്കു കടന്നു വന്നു. ടെസ്റ്റിലും തന്റെ അറ്റാക്കിങ് ഇൻസ്റ്റിൻകട് തുടർന്ന പന്ത് വളരെവേഗം ആരാധകരെ കയ്യിലെടുത്തു. സിക്‌സിലൂടെ കരിയറിലെ ആദ്യറൺ നേടുന്ന ആദ്യ ഇന്ത്യക്കാരനായ പന്ത് അതേ സീരീസിൽ തന്നെ ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കെറ്റ് കീപ്പറായി. പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെയും സെഞ്ചുറി നേടിയ പന്ത് ടെസ്റ്റ ടീമിൽ തന്റെ സ്ഥാനമുറപ്പിച്ചു. ഒരു ടെസ്റ്റിൽ പതിനൊന്നു ക്യാച്ചുകളുമായി സഹയുടെ റെക്കോർഡ് തകർക്കാനും പന്തിനു സാധിച്ചു.

പക്ഷേ തുടക്കത്തിൽ തനിക്കു കരുത്തായ ആക്രമണശൈലി പിന്നീടു പന്തിനു വിനയാവുകയായിരുന്നു.ലിമിറ്റഡ് ഓവറിൽ പതിവായി മോശം ഷോട്ടുകളിലൂടെ പുറത്താകാൻ തുടങ്ങിയതോടെ പന്തിന്റെ ശൈലി വിമർശനങ്ങൾക്കു വിധേയമാകാൻ തുടങ്ങി. ബാറ്റിങ് ടെക്‌നിക്കിലെ പാകപ്പിഴകൾ പുറത്തുവന്നതോടെ അയാളുടെ ആത്മവിശ്വാസത്തിനും കാര്യമായ ഇടിവു സംഭവിച്ചു.

കീപ്പിങ് മികവു കണക്കിലെടുത്താൽ തീർച്ചയായും സഹ പന്തിനേക്കാൾ കാതങ്ങൾ മുന്നിലാണ്. ബാറ്റുകൊണ്ടും തരക്കേടില്ലാത്ത പ്രകടനമാണ് അയാൾ പുറത്തെടുത്തത്. പന്തിനു പകരം ഒരാളെ തേടിയപ്പോൾ ഈ ഘടകങ്ങൾ തീർച്ചയായും സഹയെ തെരഞ്ഞെടുക്കാൻ കൊഹ്‍ലിയെയും ശാസ്ത്രിയെയും സ്വാധീനിച്ചിരിക്കാം. പക്ഷേ പന്തിന്റെ ടെസ്റ്റിലെ സമീപകാല പ്രകടനങ്ങൾ അത്ര മോശമായിരുന്നോ?, മുപ്പത്തിനാലുകാരനായ സഹ താത്കാലികമായ ഒരു പരിഹാരം മാത്രമല്ലേ?. മഹേന്ദ്രസിങ് ധോണിയുടെ യഥാർത്ഥ പിൻഗാമി ആരാണ്?. എത്രയും വേഗം നാം ഈ ചോദ്യങ്ങൾക്കുത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *