Editorial Foot Ball Top News

കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്‌സ്, ടീമിനെ അറിയാം

October 1, 2019

author:

കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്‌സ്, ടീമിനെ അറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗായി ഐ.എസ്.എൽ ഉയർത്തപ്പെട്ടു കഴിഞ്ഞതോടെ ഇത്തവണ കിരീടം നേടാൻ ശക്തമായ പോരാട്ടം തന്നെ നടക്കുമെന്നുറപ്പ്. ആ പോരാട്ടത്തിൽ പങ്കെടുക്കാൻ അരയും തലയും മുറുക്കി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും ഇറങ്ങിക്കഴിഞ്ഞു.

ഇന്നലെ ലുലു മാളിൽ വച്ചുനടന്ന പ്രത്യേക ചടങ്ങിൽ ടീം ജേഴ്സി പ്രകാശനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മെയിൻ, റിസേർവ് സ്ക്വാഡുകളുടെ പ്രഖ്യാപനവും നടത്തിയിരുന്നു. ഗോകുലത്തിൽ നിന്നും ഇത്തവണ ബ്ലാസ്റ്റേഴ്സിലെത്തിയ അർജുൻ ജയരാജിനെ മെയിൻ സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടില്ല.

ഇന്നലെ പ്രഖ്യാപിച്ച ഇരുപത്തിയഞ്ചംഗ ടീമിൽ ഏഴു മലയാളികളാണുള്ളത്. മുൻ നോർത്ത് ഈസ്റ്റ്‌ താരം ടി. പി രഹനേഷ് ഒന്നാം നമ്പർ ഗോളിയാകുമ്പോൾ ഷിബിൻ രാജ്, ബിലാൽ ഖാൻ എന്നിവരും ബാറിനു കീഴിൽ വരാനുള്ള സാധ്യതകളുണ്ട്. ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര ഇത്തവണയും കരുത്തരാണ്. ആദ്യ സീസൺ മുതൽക്കേ ടീമിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ജിങ്കനൊപ്പം ലാൽറുവതാരയും പ്രീതം കുമാറും അബ്ദുൽ ഹക്കുവും ജെസ്സെലും, മുഹമ്മദ്‌ റാകിപും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലുണ്ടാകും. കൂടാതെ വിദേശ താരങ്ങളായ ജിയാനി സ്വിവർലൂണും, ജൈറോ റോഡ്രിഗസും ചേരുമ്പോൾ പ്രതിരോധനിരയിൽ ആരാധകർക്കു പൂർണമായും വിശ്വാസമർപ്പിക്കാം.

മിഡ്ഫീൽഡിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കൂടുതലായും പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. ദേശീയടീമിൽ കഴിവു തെളിയിച്ച മലയാളിതാരം സഹൽ അബ്ദുൽ സമദ് ആകും മധ്യനിരയിലെ ബുദ്ധികേന്ദ്രം. സാമുവൽ ലാൽമാൻപുനിയ, ഹോളിച്രൻ നർസാരി, ജെക്‌സൺ സിംഗ്, സത്യാസെൻ സിംഗ്, മലയാളി താരം പ്രശാന്ത് എന്നിവർക്കൊപ്പം മുഹമ്മദ്‌ മുസ്തഫ ഗനി, ഡാരൻ കാൽദേര, മരിയോ ആർകേസ്, സെർജിയോ കിടോഞ്ച എന്നിവരും ഇത്തവണ മഞ്ഞക്കുപ്പായക്കാരുടെ മധ്യനിരയിൽ അണിനിരക്കും.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ ഗോളടിയന്ത്രം ബാർത്തലോമ്യൂ ഓഗ്‌ബച്ചേയെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലെത്തിക്കാൻ മാനേജ്മെന്റിനു സാധിച്ചിട്ടുണ്ട്. ഓഗ്‌ബച്ചേയ്ക്കോപ്പം റാഫേൽ മെസ്സിയും മലയാളിതാരങ്ങളായ മുഹമ്മദ്‌ റാഫി, രാഹുൽ കെ പി എന്നിവരും അറ്റാക്കിങ്ങിൽ ശോഭിച്ചാൽ എതിരാളികളുടെ ഗോൾവല നിറയുമെന്നു പ്രതീക്ഷിക്കാം.

ഹോളണ്ടുകാരനായ എൽകോ ഷട്ടാറിയാണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ. ഈസ്റ്റ്‌ ബംഗാൾ, നോർത്ത് ഈസ്റ്റ്‌ മുതലായ ക്ലബ്ബുകളെ പരിശീലിപ്പിച്ച ചരിത്രവുമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിന് ആദ്യ ഐ.എസ്.എൽ കിരീടം ഷട്ടാരിയ്ക്കു കഴിയുമെന്നു പ്രത്യാശിക്കാം.

Leave a comment

Your email address will not be published. Required fields are marked *